ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനാണ് എം.എസ്.ധോണി. ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം ജയമാണ് ചെന്നൈ ഇന്നലെ ഡൽഹിക്കെതിരെ നേടിയത്. ധോണി പുറത്താകാതെ 32 റൺസെടുത്തു. ഐപിഎല്ലിൽ ചെന്നൈയുടെ താരം ധോണിയാണെങ്കിലും ഗ്യാലറിയിലെ താരം സിവ ധോണിയാണ്. ചെന്നൈ-ഡൽഹി മത്സരത്തിലും ശ്രദ്ധ നേടിയത് സിവ തന്നെ.

എം.എസ്.ധോണി ക്രീസിൽ ബാറ്റിങ് ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കുന്ന സിവയുടെ വീഡിയോ ആരുടെയും ഹൃദയം കവരും. അമ്മ സാക്ഷി ധോണിയുടെ അടുത്തുനിന്ന് ‘പപ്പാ….’ എന്നു നീട്ടി വിളിക്കുന്ന സിവയുടെ വീഡിയോ ചെന്നൈ സൂപ്പർ കിങ്സ് ആണ് അവരുടെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്.

ആറ് വിക്കറ്റിനായിരുന്നു ധോണിപ്പടയുടെ ജയം. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ അവസാന ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് സ്വന്തമാക്കിയത്. അർധ സെഞ്ചുറി നേടിയ ശിഖർ ധവാന്റെ പ്രകടനമാണ് വൻതകർച്ചയിൽ നിന്നും ഡൽഹിയെ കരകയറ്റിയത്.

മറുപടി ബാറ്റിങ്ങിൽ അമ്പാട്ടി റയിഡു ഒഴിച്ച് ക്രീസിലെത്തിയ ചെന്നൈ താരങ്ങളെല്ലാം തകർത്തടിച്ചതോടെ ചെന്നൈ വിജയത്തിലേയ്ക്ക് നീങ്ങി. ഷെയ്ൻ വാട്സൺ 44 റൺസിലും സുരേഷ് റെയ്ന 30 റൺസിലും മടങ്ങിയതോടെ ബാറ്റിങ് ഉത്തരവാദിത്വം നായകൻ ധോണിയും കേദാർ ജാദവും ഏറ്റെടുത്തു. എന്നാൽ റൺസ് വിട്ടുകൊടുക്കാൻ ഡൽഹി ബോളർമാർ മടിച്ചതോടെ സ്കോറിങ് വേഗത കുറഞ്ഞു.

Read: തുടക്കം തന്നെ കരുത്തുകാട്ടി ചാമ്പ്യന്മാർ; ബാംഗ്ലൂരിനെതിരെ ചെന്നൈയ്ക്ക് തകർപ്പൻ ജയം

19-ാം ഓവറിലെ അഞ്ചാം പന്ത് സിക്സർ പായിച്ച് ധോണി വിജയമുറപ്പിച്ചു. അവസാന ഓവറിന്റെ ആദ്യ പന്തിൽ ജാദവ് പുറത്തായതോടെ ചെന്നൈ കാത്തിരിപ്പ് നീണ്ടു. എന്നാൽ റബാഡയെ ബൗണ്ടറി പായിച്ച് ബ്രാവോ ചെന്നൈയ്ക്ക് ജയം സമ്മാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook