മുംബൈ: ഐപിഎൽ പതിനൊന്നാം സീസൺ ആരംഭിക്കാനിരിക്കെ ബിസിസിഐയുമായി ഉടക്കി ഐപിഎൽ ടീമുകൾ. മൽസരങ്ങൾ ആരംഭിക്കുന്ന സമയത്തിൽ ബിസിസിഐ നടത്തിയ പരിഷ്കാരത്തിനെതിരായ ടീമുകളുടെ എതിർപ്പാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പുതിയ സമയക്രമം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും തങ്ങളുടെ ആരാധകരെ ഇത് ബാധിക്കുമെന്നും ഐപിഎൽ ടീമുകൾ ബിസിസിഐയെ അറിയിച്ചു.

ഐപിഎല്ലിന്രെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയ സ്റ്റാർ സ്‌പോർട്സ് ഗ്രൂപ്പിന്റെ നിർദ്ദേശ പ്രകാരമാണ് മൽസരങ്ങളുടെ സമയക്രമം ബിസിസിഐ പുനഃക്രമീകരിച്ചത്. രാത്രി 8 മണിക്ക് ആരംഭിക്കുന്ന മൽസരം 7 മണിക്ക് നടത്താനും, 4 മണിക്ക് ആരംഭിക്കുന്ന മൽസരം 5.30ന് നടത്താനുമായിരുന്നു ബിസിസിഐയുടെ തീരുമാനം.

എന്നാൽ ഈ പരിഷ്കാരം നടപ്പിലാക്കേണ്ടതില്ലെന്നാണ് 8 ടീമുകളുടെയും നിലപാട്. വൈകിട്ട് 5.30 ന് മൽസരങ്ങൾ ആരംഭിച്ചാൽ രാത്രി നടക്കുന്ന മൽസരത്തെ ഇത് ബാധിക്കുമെന്നും ടെലിവിഷനിലൂടെ കളികാണുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നും ടീമുകൾ വാദിക്കുന്നു. രണ്ട് മൽസരങ്ങൾ നടക്കുന്ന ദിവസങ്ങളിലായിരിക്കും ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയെന്നും ടീമുകൾ അഭിപ്രായപ്പെട്ടു.

അതേസമയം 4 മണിക്ക് നടത്തിയിരുന്ന മൽസരങ്ങൾ 3 മണിക്ക് തുടങ്ങുന്നത് സംബന്ധിച്ച് ഒരു നിർദ്ദേശം ബിസിസിഐ മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിലും ടീമുകൾക്ക് താൽപര്യമില്ലെന്നാണ് സൂചന. അഭിപ്രായ ഭിന്നത പരസ്യമായ സാഹചര്യത്തിൽ അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളുമെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ല പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ