മുംബൈ: പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ വിവാദം കൊഴുക്കുന്നതിനിടെ ഓസീസ് താരം സ്റ്റീവ് സ്മിത്തിന്റെ ഐപിഎല്‍ കരിയറിലും കരിനിഴല്‍ വീഴുന്നു. ഓസ്ട്രേലിയന്‍ ടീമിന്റെ നായക സ്ഥാനത്തു നിന്നും സ്മിത്തിനെ പുറത്താക്കിയതിന് പിന്നാലെ രാജസ്ഥാന് റോയല്‍സും സ്മിത്തിനെ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്മിത്തിനെ പുറത്താക്കി പകരം അജിന്‍ക്യാ രഹാനെയെ ക്യാപ്റ്റനാക്കാന്‍ റോയല്‍സ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും ഉടനെ തന്നെ തീരുമാനമുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്മിത്തിനോടൊപ്പം തന്നെ ഡേവിഡ് വാര്ണറിനെതിരേയും നടപടിയുണ്ടാകുമെന്നാണ് സൂചന. വാര്‍ണറുടെ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദ് സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ടിനായി കാത്തു നില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് താരങ്ങളുടേയും ഐപിഎല്‍ ഭാവിയും ഇതോടെ ത്രിശങ്കുവിലായിരിക്കുകയാണ്. ക്രിക്കറ്റ് ലോകം ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വാര്‍ത്ത ഓസ്ട്രേലിയ ടീം പന്തില്‍ കൃത്രിമത്വം കാണിച്ചെന്നതാണ്. നായകന് സ്റ്റീവ് സ്മിത്തിന്റെ നായക സ്ഥാനം വരെ നഷ്ടമാകുന്നിടം വരെ എത്തി നില്‍ക്കുകയാണ് വിവാദം. സ്മിത്തിനൊപ്പം ഡേവിഡ് വാര്‍ണറും തന്റെ വൈസ് ക്യാപ്റ്റന്‍ രാജിവെച്ചിട്ടുണ്ട്. സ്മിത്തടക്കമുള്ള സീനിയര്‍ താരങ്ങളുടെ അറിവോടെയായിരുന്നു കൃത്രിമത്വം കാണിച്ചതെന്ന ബാന്‍ക്രോഫ്റ്റിന്റെ കുറ്റസമ്മതം കടുത്ത നടപടികളിലേക്കായിരിക്കും കാര്യങ്ങളെ നയിക്കുക.
ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമത്വം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആരംഭിക്കുന്നത്. ആ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത് സോട്ടാനി ഓസ്കാര്‍ എന്ന ക്യാമറമാനാണ്. ദക്ഷിണാഫ്രിക്കന്‍ ടെലിവിഷന്‍ ചാനലിലെ ലീഡിംഗ് ക്യാമറാമാനാണ് ഓസ്കാര്‍.