ഐപിൽ 2019 സീസൺ തുടങ്ങാൻ ഇനി രണ്ടു നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. മാർച്ച് 23 ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് ഐപിഎല്ലിലെ ആദ്യ മത്സരം. എം.എസ്.ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ ഏറ്റുമുട്ടൽ.

ധോണിയും കോഹ്‌ലിയും നേർക്കുനേർ വരുമ്പോൾ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. എന്നാൽ മത്സരത്തിലെ യഥാർത്ഥ പോരാട്ടം കോഹ്‌ലിയും ചെന്നൈ സൂപ്പർ കിങ്സിന്റെ ‘ചിന്ന തല’യായ സുരേഷ് റെയ്നയും തമ്മിലായിരിക്കും. ഐപിഎല്ലിലെ റെക്കോർഡ് നേട്ടത്തിനായാണ് ഇരുവരും പോരാടുക. ഐപിഎല്ലിൽ 5000 റൺസ് തികയ്ക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് ഇരുവരിൽ ഒരാളെ കാത്തിരിക്കുന്നത്.

Read: ഐപിഎൽ 2019: തലമുറകൾ ഒന്നിക്കുമ്പോൾ കന്നി കിരീടത്തിനായി ക്യാപിറ്റൽസ്

നിലവിൽ പട്ടികയിൽ 172 ഇന്നിങ്സുകളിൽ നിന്നായി 4,985 റൺസെടുത്ത സുരേഷ് റെയ്നയാണ് ഒന്നാം സ്ഥാനത്ത്. ഒരു സെഞ്ചുറിയും 35 അർധ സെഞ്ചുറികളും റെയ്നയുടെ പേരിലുണ്ട്. 155 ഇന്നിങ്സുകളിൽനിന്നായി 4,948 റൺസുമായി കോഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. ഐപിഎല്ലിലെ റെക്കോർഡ് നേട്ടം കൈവരിക്കാൻ റെയ്നയ്ക്ക് വേണ്ടത് 15 റൺസും കോഹ്‌ലിക്ക് വേണ്ടത് 52 റൺസുമാണ്.

Read: ഐപിഎൽ 2019: ‘മഞ്ഞയിൽ കുളിപ്പിച്ചിരിക്കും’; ബാംഗ്ലൂരിനെ വെല്ലുവിളിച്ച് ചെന്നൈ സൂപ്പർ കിങ്സ്

മത്സരത്തിൽ ടോസ് ലഭിക്കുന്നത് ആർക്കാണെന്ന് അനുസരിച്ചായിരിക്കും റെക്കോർഡ് ആർക്കെന്ന് തീരുമാനിക്കുക. അതേസമയം, റെക്കോർഡ് നേട്ടത്തിൽ റെയ്ന ഒന്നാമതെത്തിയാലും അത് തകർക്കാൻ കോഹ്‌ലിക്ക് ഈ ഐപിഎൽ സീസണിൽ കഴിഞ്ഞേക്കും. അങ്ങനെ വന്നാൽ ഐപിഎല്ലിൽ അതിവേഗം 5000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമായിരിക്കും കോഹ്‌ലി നേടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook