ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് നീക്കില്ലെന്ന് ബിസിസിഐ. ഇത് സംബന്ധിച്ച് ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി അയച്ച മറുപടി കത്ത് പുറത്തുവന്നു.

ശ്രീശാന്തിന്‍റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും പുതിയതായി ഉണ്ടായിട്ടില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ശ്രീശാന്ത് നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് ബിസിസിഐയുടെ മറുപടി. കെസിഎ പങ്കെടുത്ത യോഗത്തില്‍ ബിസിസിഐ ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചു.

2013 ൽ ഐപിഎൽ ആറാം സീസൺ മത്സരങ്ങൾ നടക്കുന്നതിനിടെയാണ് വാതുവയ്പ് കേസിൽ രാജസ്ഥാൻ റോയൽസ് താരമായിരുന്ന ശ്രീശാന്തിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തത്. തുടർന്ന് 2013 സെപ്‌റ്റംബറിൽ ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്കേർപ്പെടുത്തി. എന്നാൽ 2015 ൽ വിചാരണ കോടതി ശ്രീശാന്തിനെ കേസിൽ കുറ്റവിമുക്തനാക്കിയിരുന്നു. എങ്കിലും വിലക്ക് നീക്കാൻ ബിസിസിഐ തയാറായിരുന്നില്ല.

സ്കോട്ടിഷ് പ്രീമിയർ ലീഗിൽ കളിക്കാനുളള അനുമതിയും ബിസിസിഐ നിഷേധിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് ശ്രീശാന്ത് ബിസിസിഐയ്ക്ക് കത്ത് നല്‍കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ