ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ നടത്തണമെന്ന അഭിപ്രായവുമായി കെവിന് പീറ്റേഴ്സണും സഞ്ജയ് മഞ്ജരേക്കറും. അടച്ചിട്ട സ്റ്റേഡിയങ്ങളിലെങ്കിലും നടത്തണമെന്ന അഭിപ്രായമാണ് ഇരുവര്‍ക്കും. ജൂലൈ അല്ലെങ്കില്‍ ഓഗസ്ത് മാസത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ ചെറിയ തോതിലെങ്കിലും നടത്തണമെന്ന് അവര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഒരു ഷോയില്‍ പറഞ്ഞു.
ഐപിഎല്‍ മത്സരങ്ങളോടു കൂടി ക്രിക്കറ്റ് സീസണ് തുടക്കമാകണമെന്ന് പീറ്റേഴ്സണ് പറഞ്ഞു. ലോകത്തെ ഓരോ കളിക്കാരനും ഐപിഎല്‍ കളിക്കാന്‍ കാത്തിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയായി ഐപിഎല്‍ 2020 സീസണ് റദ്ദാക്കിയിരുന്നു. വൈറസ് ഹോട്ട് സ്പോട്ടിന് സമീപത്തല്ലാത്ത മൂന്ന് വേദികള്‍ കണ്ടെത്തി കാണികളെ കടത്തിവിടാതെ മത്സരം നടത്തണമെന്നാണ് പീറ്റേഴ്സണിന്റെ നിര്‍ദ്ദേശം. ഇത് സാമ്പത്തിക വ്യവസ്ഥയെ സഹായിക്കാനുള്ള വഴിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: കോവിഡ്-19: കാസർഗോഡ് ജില്ലയിലേക്ക് പ്രത്യേക മെഡിക്കൽ സംഘം പുറപ്പെട്ടു
“ഫ്രാഞ്ചൈസികളിലേക്കും സമ്പദ് വ്യവസ്ഥയിലേക്കും കുറച്ച് പണമെത്താന്‍ ഒരു വഴിയുണ്ടാകണം. മൂന്നോ നാലോ ആഴ്ചകളിലായി ഐപിഎല്‍ പൂര്‍ണമായും അടച്ചിട്ട വേദികളില്‍ നടത്തണം,” അദ്ദേഹം പറഞ്ഞു.
“ഈ സാഹചര്യത്തില്‍ ആരാധാകര്‍ക്ക് അപകടം വരുത്താന്‍ പാടില്ല. ഇപ്പോള്‍ ഒരു മത്സരം സ്റ്റേഡിയത്തില്‍ പോയി കാണാന്‍ പറ്റില്ലെന്ന് ആരാധകര്‍ മനസ്സിലാക്കണം,” അടുത്തകാലത്തൊന്നും അവര്‍ക്ക് അങ്ങനെയാരു മത്സരം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കളിക്കാര്‍ക്ക് മാത്രമല്ല സപ്പോര്‍ട്ടിങ് സ്റ്റാഫടക്കം അനവധി പേര്‍ക്ക് ജീവിതമാര്‍ഗമാണ് ഐപിഎല്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. കോവിഡ്-19 പ്രതിസന്ധിക്കുശേഷം അനവധി പേരെ സ്വന്തം കാലില്‍ നിര്‍ത്താന്‍ ഈ സീസണ് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.