ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി മുതൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി ബാറ്റെന്താൻ ശിഖർ ധവാൻ ഉണ്ടാകില്ല. താരത്തെ സൺറൈസേഴ്സ് ഹൈദരാബാദ് തന്നെ ഡൽഹി ഡെയർഡെവിള്‍സിനു കൈമാറി. പകരം മൂന്ന് താരങ്ങളെയാണ് ഡൽഹി സൺറൈസേഴ്‍സിലേക്ക് അയച്ചത്. വിജയ് ശങ്കർ, ഷഹ്ബാസ് നദീം, അഭിഷേക് ശർമ്മ എന്നിവർ ഇനി മുതൽ കളിക്കുക ഹൈദരാബാദിന് വേണ്ടിയാകും.

താരം ഹൈദരാബാദ് വിടുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഇത് സ്ഥിരികരിച്ചിരുന്നില്ല. നാളുകളായി താരം സൺറൈസേഴ്സിലെ സാഹചര്യങ്ങളിൽ അസ്വസ്ഥനാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഡൽഹിയിലേക്ക് ധവാൻ കൂടുമാറിയിരിക്കുന്നത്.

ഡൽഹി സ്വദേശിയാണ് ധവാൻ. 2008ലെ ആദ്യ ഐപിഎൽ സീസണില്‍ താരം കളിച്ചതും ഡൽഹിക്ക് വേണ്ടിയായിരുന്നു . പിന്നീട് മുംബൈ ഇന്ത്യൻസിലെത്തിയ താരം 2013ലാണ് ഹൈദരാബാദ് ടീമിലെത്തുന്നത്. ഹൈദരാബാദിനായി താരം 91 ഇന്നിങ്സുകളിൽ നിന്നായി 2768 റൺസ് നേടിയിട്ടുണ്ട്. ടീമിലെ ടോപ് സ്കോററും ധവാനാണ്.

5.2 കോടി രൂപ ഉപയോഗിച്ച് ആർടിഎം സംവിധാനത്തിലൂടെയാണു ധവാനെ ഡൽഹി ടീമിലെത്തിച്ചത്. ഈ തുകയിൽ ധവാൻ തൃപ്തനല്ലെന്നു ഹൈദരാബാദ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ താരം മുംബൈ ഇന്ത്യൻസിലേക്കോ കിങ്സ് ഇലവൻ പഞ്ചാബിലേക്കോ പോയേക്കുമെന്നും അഭ്യൂഹങ്ങൾ ഉയര്‍ന്നു.

ഇരു ടീമുകൾക്കും ഗുണം ചെയ്യുന്ന തീരുമാനമാണ് ശിഖർ ധവാന്റെ കൈമാറ്റമെന്ന് സൺറൈസേഴ്സ് ഹൈദരാബാദ് അറിയിച്ചു . “വർഷങ്ങളായി സൺറൈസേഴ്സ്നുവേണ്ടി കളിക്കുന്ന താരമാണ് ധവാൻ, താരം നൽകിയ സംഭാവനകളെ വിലപ്പെട്ടതായി കരുതുന്നു. സാമ്പത്തിക വിഷയത്തിന്റെ പേരിൽ താരം ടീം വിടുന്നത് ദുഖകരമാണെങ്കിലും ധവാനും കുടുംബത്തിനും ആശംസകൾ നേരുന്നു.”സൺറൈസേഴ്സ് പ്രസ്താവനയിൽ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook