പുതിയ ഒരു ഐപിഎൽ സീസണിന് നാളെ ചെന്നൈയിൽ കൊടിയേറുകയാണ്. 2008ലെ ആദ്യ ഐപിഎൽ സീസൺ മുതൽ കഴിഞ്ഞ 13 വർഷം കൊണ്ട് നിരവധി റെക്കോർഡുകളാണ് ഐപിഎല്ലിൽ പിറന്നത്. റെക്കോർഡുകൾ എല്ലാം ഒരിക്കൽ തകർക്കപ്പെടാൻ ഉള്ളതാണെങ്കിലും ഐപിഎലിലെ ചില റെക്കോർഡുകൾ തകർക്കാൻ നന്നേ വിയർക്കേണ്ടി വരും. ടി20 മത്സരങ്ങളിലെ ഏറ്റവും മികച്ച റെക്കോർഡുകൾ കൂടിയാണവ.
ടൂർണമെന്റിന്റെ ആവേശം വാനോളം എത്തിച്ച, ആരാധകരെ ആവേശ തിമിർപ്പിന്റെ കൊടുമുടിയിൽ എത്തിച്ച ചില റെക്കോർഡുകൾ പരിചയപ്പെടാം.
വിരാട് കോഹ്‌ലിയുടെ 2016ലെ തേരോട്ടം
2016 വിരാട് കോഹ്‌ലിയെ സംബന്ധിച്ച് സ്വപ്നതുല്യമായ വർഷമായിരുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പടെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കോഹ്‌ലി ആ ഫോം ഐപിഎല്ലിലും തുടർന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഫൈനൽ വരെ എത്തിച്ച് ഒറ്റ സീസണിൽ അഞ്ചിലധികം റെക്കോർഡുകളാണ് കോഹ്‌ലി തന്റെ പേരിൽ എഴുതി ചേർത്തത്.
അന്താരാഷ്ട്ര മത്സരങ്ങളിൽ ഉൾപ്പടെ നിരവധി റെക്കോർഡുകൾക്ക് ഉടമയായ കൊഹ്‌ലി, 16 മത്സരങ്ങളിൽ നിന്നായി 4 സെഞ്ചുറി ഉൾപ്പടെ 973 റൺസാണ് സീസണിൽ സ്വന്തമാക്കിയത്. ഏഴ് അർദ്ധ സെഞ്ചുറി ഉൾപ്പടെ 81 റൺസിന്റെ ആവറേജിൽ നടത്തിയ ഈ പ്രകടനം ഐപിഎൽ ചിത്രത്തിലെ ഒരു ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച റെക്കോർഡാണ്. കോഹ്‌ലിയുടെ സീസണിലെ 973 റൺസും നാല് സെഞ്ചുറിയും, ഈ രണ്ട് റെക്കോർഡുകളും തകർക്കാൻ ഏതൊരു ബാറ്റ്‌സ്‍മാനും അല്പം വിയർക്കേണ്ടി വരും.
ക്രിസ് ഗെയ്‌ലിന്റെ 175 റൺസ്
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ക്രിസ് ഗെയ്ൽ. കൂറ്റനടികൾക്ക് പേരുകേട്ട ഈ കരീബിയൻ താരം 2013 ലെ ഐപിഎൽ സീസണിൽ പൂനെ വാരിയേഴ്‌സ് ബോളർമാരെ ബാംഗ്ലൂർ സ്റ്റേഡിയത്തിലിട്ട് തല്ലിക്കൂട്ടിയത് ഐപിഎൽ ആരാധകരൊന്നും മറന്ന് കാണില്ല. ടി20 ഇന്നിങ്സിലെ ഒരു ബാറ്റ്‌സമാന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് അന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ പിറന്നത്.
Read Also: ഐപിഎല്‍ പടിവാതില്‍ക്കല്‍; കോവിഡിനെ തോല്‍പ്പിക്കാന്‍ ബിസിസിഐയുടെ ‘യോര്‍ക്കര്‍’
17 സിക്സുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ നേടിയ 175 റൺസ് ബാംഗ്ലൂർ ടീമിനെ ഐപിഎലിലെ ഏറ്റവും വലിയ ടീം സ്കോറായ 263ൽ എത്തിച്ചു. ടിട്വന്റിയിൽ ഒരു സെഞ്ചുറി നേടുക എന്നത് വലിയ ഭീഷണിയായിരുന്ന കാലത്താണ് സെഞ്ചുറിയും കടന്ന് ഡബിൾ സെഞ്ചുറിക്ക് അടുത്തുവരെ ക്രിസ് ഗെയ്ൽ എത്തിയത്. ഐപിഎലിലേയും ടിട്വന്റിയിലെയും ഏറ്റവും വലിയ വ്യക്തിഗത സ്കോറായി ഈ 175 റൺസ് ഒരുപാട് നാൾ തുടരും എന്ന് പ്രതീക്ഷിക്കാം.
ഒരു ഓവറിൽ 37 റൺസ്
ടിട്വന്റിയിൽ 36 റൺസ് നേടുക എന്നത് തന്നെ വലിയ കാര്യമാണ്. ആറ് പന്തുകളിൽ ആറ് സിക്‌സറുകൾ പായിച്ച് യുവരാജ്, പൊള്ളാർഡ്, ഗിബ്സ് തുടങ്ങി കുറച്ചു താരങ്ങൾ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരോവറിൽ 37 റൺസ് സ്വന്തമാക്കിയ ഏക താരമാണ് ക്രിസ് ഗെയ്ൽ. 2011 ൽ കേവലം ഒരു സീസൺ മാത്രം കളിച്ച കേരളത്തിന്റെ കൊച്ചി ടസ്കേഴ്സിന് എതിരെ ആയിരുന്നു ഗെയ്‌ലിന്റെ നേട്ടം.
പ്രശാന്ത് പരമേശ്വരൻ എറിഞ്ഞ ഓവറിൽ ഒരു നോ ബോൾ ഉൾപ്പടെ ഏഴ് പന്തുകള്‍ കിട്ടിയ ഗെയ്ൽ മൂന്ന് ഫോറും നാല് സിക്സറുകളുമുൾപ്പടെ 37 റൺസ് ഒറ്റ ഓവറിൽ സ്വന്തമാക്കുകയായിരുന്നു. ഇന്നിങ്സിൽ 14 ബോളിൽ 44 റൺസുമായി ഗെയ്ൽ ടീമിനെ വിജയിപ്പിക്കുകയും ചെയ്തു.
229 റൺസിന്റെ എബി ഡിവില്ലിയേഴ്‌സ് – വിരാട് കോഹ്‌ലി കൂട്ടുക്കെട്ട്
രണ്ട് ലോകോത്തര ബാറ്റ്സ്മാൻമാർ നിറഞ്ഞാടിയ മത്സരമായിരുന്നു 2016 ലെ ഗുജറാത്ത് ലയൺസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 229 റൺസ് ഐപിഎലിലെ എക്കാലത്തെയും മികച്ച കൂട്ടുക്കെട്ടാണ്. 109 റൺസുമായി വിരാട് കോഹ്‌ലിയും, 52 പന്തിൽ നിന്ന് 129 റൺസുമായി ഡിവില്ലേഴ്‌സും നിറഞ്ഞാടിയപ്പോൾ പിറന്നത് ഐപിഎലിലെ ഏറ്റവും വലിയ കൂട്ടുക്കെട്ട്.
ഐപിഎലിലെ രണ്ടാമത്തെ വലിയ കൂട്ടുക്കെട്ടായ 215 റൺസും ഈ ലോക ബാറ്റ്സ്മാൻമാരുടെ പേരിലാണ്. 200 റൺസ് പിന്നിടുക എന്നത് തന്നെ വലിയ കടമ്പയാകുന്ന ഐപിഎലിൽ 230 റൺസിന്റെ കൂട്ടുക്കെട്ട് ഉണ്ടാക്കുക എന്നത് അല്പം പ്രയാസം നിറഞ്ഞതാണ്. ടിട്വന്റിയിലെ ഏറ്റവും വലിയ കൂട്ടുക്കെട്ട് അഫ്ഗാനിസ്ഥാൻ താരങ്ങളായ ഹസ്‌റത്തുള്ള സസായിയുടെയും ഉസ്മാൻ ഖനിയുടെയും പേരിലാണ്. അയർലൻഡിന് എതിരെ ഇവർ ഒന്നാം വിക്കറ്റിൽ നേടിയ 236 റൺസാണ് ടിട്വന്റിയിലെ ഏറ്റവും വലിയ കൂട്ടുക്കെട്ട്.
അൽസാരി ജോസഫിന്റെ 6/12 ബോളിങ് പ്രകടനം
2008ൽ ഐപിഎലിന്റെ ഉദ്ഘാടന മത്സരത്തിൽ സൊഹൈൽ തൻവീർ 14 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ 11 വർഷങ്ങൾക്ക് ഇപ്പുറം ഒരു അരങ്ങേറ്റക്കാരൻ ആ റെക്കോർഡ് തിരുത്തുമെന്ന് ആരും കരുതിക്കാണില്ല. 2016ൽ ബോളിങ്ങിൽ സൊഹൈൽ തൻവീർ നേടിയ റെക്കോർഡ് 2019ൽ മുംബൈക്ക് വേണ്ടി അൽസാരി ജോസഫ് എന്ന അരങ്ങേറ്റക്കാരൻ തകർത്തു. മുംബൈ ഉയർത്തിയ നിസ്സാര റൺസായ 136 റൺസ് പിന്തുടർന്ന ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദിനെ 96 റൺസിൽ പിടിച്ചു കെട്ടാൻ അൽസാരി ജോസഫിന് കഴിഞ്ഞു.
ഒരു ഇന്നിങ്സിൽ ഒരാൾ ഏഴ് വിക്കറ്റ് നേടിയാലും 12 റൺസിൽ താഴെ മാത്രം റൺസ് വിട്ട് കൊടുത്ത് അത്രയും വിക്കറ്റ് നേടുക എന്നത് ബുദ്ധിമുട്ടുള്ള ഒന്നാണ്. സൊഹൈലിൽ നിന്ന് അൽസാരിയിലേക്ക് 11 വർഷത്തെ ദൂരമുണ്ടായിരുന്നു എന്നതും ഓർക്കണം.
ധോണിയും – ഐപിഎൽ ഫൈനലും
ചെന്നൈ സൂപ്പർകിങ്‌സ് ക്യാപ്റ്റൻ എം.എസ് ധോണി കഴിഞ്ഞ 13 ഐപിഎല്‍ ഫൈനലുകളിൽ ഒമ്പത് ഫൈനലുകളിലും കളിച്ച ഏക താരമാണ്. എട്ട് ഫൈനലുകൾ ചെന്നൈക്ക് വേണ്ടി കളിച്ച ധോണി ഒരു ഫൈനൽ കളിച്ചത് റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിന് വേണ്ടിയായിരുന്നു. ചെന്നൈക്ക് വേണ്ടി 3 ഐപിഎൽ കിരീടങ്ങളും ധോണി സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം ചെന്നൈ ഐപിഎൽ ഫൈനലിൽ കടന്നാൽ 10 ഐപിഎൽ ഫൈനലുകൾ കളിക്കുന്ന ആദ്യ താരമായി ധോണി മാറും.
ആറ് ഐപിഎൽ ഫൈനൽ കളിച്ച രോഹിത് ശർമയാണ് ധോണിക്ക് പിന്നിൽ അതുകൊണ്ട് തന്നെ കുറച്ചു നാൾ ഈ റെക്കോർഡ് ധോണിയുടെ പേരിൽ തന്നെ നിലനിൽക്കും. ഏറ്റവും കൂടുതൽ പ്ലേയോഫുകൾ കളിച്ച ടീമും ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സാണ് പുറത്തായിരുന്നു രണ്ട് സീസണും മോശം പ്രകടനം കാഴ്ചവെച്ച കഴിഞ്ഞ സീസണും ഒഴികെ കളിച്ച എല്ലാ സീസണുകളിലും പ്ലേയോഫിൽ എത്തിയ ടീമാണ് ചെന്നൈ.