ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി മുംബൈ ഇന്ത്യൻസ്. ആദ്യ ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ 57 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈ അഞ്ചാം ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. മുംബൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി ഇന്നിങ്സ് 143 റൺസിൽ അവസാനിക്കുകയായിരുന്നു.
അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെയും ഇഷാൻ കിഷന്റെയും തുടക്കത്തിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ ഡി കോക്കിന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദിക് പാണ്ഡ്യയുടെയും ബാറ്റിങ് മികവിനൊപ്പം ബോളിങ്ങിലും മുംബൈ താരങ്ങൾ തിളങ്ങിയതാണ് ജയം അനായാസമാക്കിയത്. ട്രെന്റ് ബോൾട്ട് – ജസ്പ്രീത് ബുംറ ബോളിങ് കൂട്ടുകെട്ട് ഒരിക്കൽകൂടി ഐപിഎല്ലിൽ ഒരു ടീമിനെ വൻതകർച്ചയിലേക്ക് തള്ളിവിട്ടു. ബുംറ നാല് വിക്കറ്റും ബോൾട്ട് രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഡൽഹിയുടെ തുടക്കം വൻ തകർച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ഡൽഹിക്ക് അവരുടെ മൂന്ന് മുൻനിര താരങ്ങളെ നഷ്ടമായി. പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. നായകൻ ശ്രേയസ് അയ്യരുടെ ഇന്നിങ്സ് 12 റൺസിലവസാനിച്ചപ്പോൾ റിഷഭ് പന്ത് മൂന്ന് റൺസിനും കൂടാരം കയറി.
മാർക്കസ് സ്റ്റൊയിനിസിന്റെ ഒറ്റയാൾ പോരാട്ടത്തിനും ഡൽഹിയെ വിജയത്തിലേക്ക് നയിക്കാനായില്ല. 46 പന്തിൽ 65 റൺസാണ് താരം സ്വന്തമാക്കിയത്. 33 പന്തിൽ 42 റൺസുമായി അക്സർ പട്ടേൽ അവസാന ഓവറുകളിൽ തകർത്തടിച്ചെങ്കിലും വിജയലക്ഷ്യം അപ്പോഴും 57 റൺസകലെ ആയിരുന്നു.
നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 200 റൺസ് അടിച്ചെടുത്തത്. അർധസെഞ്ചുറിയുമായി തിളങ്ങിയ സൂര്യകുമാർ യാദവിന്റെയും ഇഷാൻ കിഷന്റെയും മികച്ച തുടക്കം സമ്മാനിച്ച ക്വിന്റൻ ഡി കോക്കിന്റെയും പ്രകടനമാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് രണ്ടാം ഓവറിൽ തന്നെ നായകൻ രോഹിത്തിനെ നഷ്ടമായത് തിരിച്ചടിയായി. നേരിട്ട ആദ്യ ബോളിൽ തന്നെ അശ്വിൻ രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഡി കോക്ക് – സൂര്യകുമാർ സഖ്യം മുംബൈക്ക് മികച്ച അടിത്തറ പാകി. സൂര്യകുമാറിനെ കാഴ്ചക്കാരനാക്കി ഡി കോക്ക് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് മുംബൈ പ്രതീക്ഷകൾ സജീവമാക്കിയത്. അഞ്ച് ഓവറിൽ ടീം സ്കോർ അമ്പത് കടത്തിയ ഡി കോക്കിനെയും അശ്വിനാണ് പുറത്താക്കിയത്. 25 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും അടക്കം 40 റൺസാണ് താരം സ്വന്തമാക്കിയത്.
ഡി കോക്ക് പുറത്തായതോടെ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത സൂര്യകുമാർ ഒരിക്കൽ കൂടി മുംബൈയുടെ നീലകുപ്പായത്തിൽ അക്രമണകാരിയായി. 38 പന്തിൽ 51 റൺസ് നേടിയ സൂര്യകുമാറിന് ഇഷാൻ കിഷനും മികച്ച പിന്തുണ നൽകി. കിറോൺ പൊള്ളാർഡും അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോൾ ക്രുണാൽ പാണ്ഡ്യ 13 റൺസെടുത്താണ് കൂടാരം കയറിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച പാണ്ഡ്യ 14 പന്തിൽ അഞ്ച് സിക്സടക്കം 37 റൺസും 30 പന്തിൽ ഇഷാൻ 55 റൺസും നേടി.