മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ 36ആം മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ പഞ്ചാബ് കിംഗ്സ് ഇലവന് 10 വിക്കറ്റിന്റെ വിജയം. 27 ബോളില്‍ അര്‍ധ സെഞ്ചുറി തികച്ച മാര്‍ട്ടിന്‍ ഗുപ്തിലിന്റെ മികവില്‍ എട്ട് ഓവറില്‍ പഞ്ചാബ് 67 റണ്‍സെന്ന ലക്ഷ്യം മറികടന്നു.

ഇന്നത്തെ ജയത്തോടെ പഞ്ചാബ് എട്ട് പോയന്റോടെ പട്ടികയില്‍ ആറാം സ്ഥാനത്തെത്തി. മൂന്ന് പേര്‍ മാത്രം രണ്ടക്കം കണ്ട ഡല്‍ഹിയുടെ ബാറ്റിംഗ് നിരയില്‍ കോറെ ആന്‍ഡെഴ്സന്റെ 18 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ 17.1 ഓവറില്‍ ഡല്‍ഹി കൂടാരം കയറി.

പഞ്ചാബിന് വേണ്ടി സന്ദീപ് ശര്‍മ്മ നാല് വിക്കറ്റും അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റുകളും നേടി. വരുണ്‍ ആരോണും രണ്ട് വിക്കറ്റ് നേടി ഡല്‍ഹി നിരയ്ക്ക് ആഘാതം നല്‍കി. പിന്നീട് ബാറ്റ് ചെയ്ത പഞ്ചാബ് വിക്കറ്റൊന്നും പോവാതെ 7.5 ഓവറില്‍ ലക്ഷ്യം കണ്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ