2022ലെ ഐപിഎൽ മാർച്ച് അവസാന വാരം മുതൽ മെയ് അവസാനം വരെ നടത്താനാണ് ശ്രമിക്കുന്നതെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ടീം ഉടമകളുടെ ആഗ്രഹപ്രകാരം ടൂർണമെന്ഫ് ഇന്ത്യയിൽ സംഘടിപ്പിക്കാൻ ശ്രമിക്കുമെന്നും ജയ് ഷാ ശനിയാഴ്ച പറഞ്ഞു.
മാർച്ച് 27ന് മത്സരം ആരംഭിക്കാൻ പ്രാഥമിക ധാരണയുള്ളതായാണ് വിവരം.
“ഐപിഎല്ലിന്റെ 15-ാം സീസൺ മാർച്ച് അവസാന വാരത്തിൽ ആരംഭിക്കുമെന്നും മെയ് അവസാനം വരെ നടക്കുമെന്നും സ്ഥിരീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഭൂരിഭാഗം ടീം ഉടമകളും ടൂർണമെന്റ് ഇന്ത്യയിൽ തന്നെ നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു, ”ബിസിസിഐ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ഷാ പറഞ്ഞു.
പരിപാടി ഇന്ത്യയിൽ നടത്താനാണ് ബോർഡിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.
“അഹമ്മദാബാദ് ലഖ്‌നൗ എന്നീ രണ്ട് പുതിയ ടീമുകളോടെ ഇന്ത്യയിൽ 2022 എഡിഷൻ നടത്താൻ ബിസിസിഐ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഐപിഎൽ ഇന്ത്യയിൽ തുടരുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഒരു കല്ലും ഉപേക്ഷിക്കില്ലെന്ന് എനിക്ക് നിങ്ങളോട് പറയാൻ കഴിയും, ”ഷാ പറഞ്ഞു.
Also Read: ഐപിഎൽ 2022 മെഗാ ലേലത്തിനായി രജിസ്റ്റർ ചെയ്തത് 1,214 കളിക്കാർ: ബിസിസിഐ
കളിക്കാരും മാച്ച് ഒഫീഷ്യലുകളും ഉൾപ്പെടെ എല്ലാ പങ്കാളികളുടെയും ആരോഗ്യ സുരക്ഷയാണ് ബോർഡിന് പരമപ്രധാനമെന്ന് ഷാപറഞ്ഞു.
“ഫെബ്രുവരി 12-13 തീയതികളിൽ മെഗാ ഐപിഎൽ ലേലം നടക്കും, അതിനുമുമ്പ് ഞങ്ങൾ വേദികളിൽ തീരുമാനമെടുക്കും,” ഷാ കൂട്ടിച്ചേർത്തു.