ന്യൂഡൽഹി: താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഐപിഎൽ മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇതോടെ കളിക്കാരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങി. പക്ഷേ, ചെന്നൈ സൂപ്പർ കിങ്സ് നായകൻ ധോണി ഇതുവരെ റാഞ്ചിയിലേക്ക് മടങ്ങിയിട്ടില്ല. ഡൽഹിയിൽനിന്നും അവസാനം വിമാനം കയറുന്ന വ്യക്തി താനായിരിക്കുമെന്നാണ് സിഎസ്കെ സഹതാരങ്ങളെ ധോണി അറിയിച്ചിരിക്കുന്നത്.
തന്റെ ടീമിലെ വിദേശതാരങ്ങൾ ആദ്യം നാട്ടിലേക്ക് മടങ്ങണം. അതിനുശേഷം ഇന്ത്യൻ താരങ്ങളും. ഏറ്റവും അവസാനമായിരിക്കും ഡൽഹിയിൽനിന്നും താൻ വിമാനം കയറുകയെന്ന് ധോണി അറിയിച്ചു. നിലവിൽ ഡൽഹിയിലാണ് ചെന്നൈ താരങ്ങളുളളത്. ഐപിഎൽ ഇന്ത്യയിൽ നടക്കുന്നതിനാൽ വിദേശ കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കുമാണ് യാത്രാ പരിഗണന ആദ്യം ലഭിക്കേണ്ടതെന്ന് ധോണി പറഞ്ഞു. അതിനുശേഷമായിരിക്കണം ഇന്ത്യൻ കളിക്കാർ വീടുകളിലേക്ക് മടങ്ങേണ്ടതെന്ന് വിർച്വൽ മീറ്റിങ്ങിൽ ധോണി സഹതാരങ്ങളോട് പറഞ്ഞു.
”ഹോട്ടലിൽനിന്നും അവസാനം പോകുന്ന വ്യക്തി താനായിരിക്കുമെന്ന് മാഹി ഭായ് പറഞ്ഞു. വിദേശ താരങ്ങൾ ആദ്യം പോകണം, അതിനുശേഷം ഇന്ത്യൻ താരങ്ങളുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എല്ലാവരും അവരവരുടെ വീടുകളിൽ സുരക്ഷിതരായി എത്തിയെന്ന് ഉറപ്പു വരുത്തിയശേഷം ഇന്ന് അവസാനത്തെ വിമാനത്തിൽ അദ്ദേഹം പോകും,” സിഎസ്കെ അംഗം ദി ഇന്ത്യൻ എക്സ്പ്രസിനോടു പറഞ്ഞു.
Read More: താരങ്ങൾക്ക് കോവിഡ്: ഐപിഎൽ താൽക്കാലികമായി നിർത്തിവച്ചു
തങ്ങളുടെ കളിക്കാർക്കായി ഡൽഹിയിൽനിന്നും ചാർട്ടർ വിമാനമാണ് സിഎസ്കെ തയ്യാറാക്കിയിട്ടുളളത്. 10 സീറ്റുളളതാണ് വിമാനം. ഇന്നലെ രാവിലെയുളള വിമാനത്തിൽ രാജ്കോട്ടിലെയും മുംബൈയിലും കളിക്കാർ സ്വന്തം വീടുകളിലേക്ക് പോയി. വൈകീട്ട് ബെംഗളൂരു, ചെന്നൈ കളിക്കാരെ നാടുകളിൽ എത്തിച്ചു. ഇന്നു വൈകീട്ടുളള വിമാനത്തിലാണ് ധോണി റാഞ്ചിയിലേക്ക് പോവുക.
താരങ്ങൾക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഐപിഎൽ താൽക്കാലികമായി നിർത്തി വയ്ക്കാൻ ബിസിസിഐ യോഗത്തിൽ തീരുമാനമായത്. ഐപിഎല്ലിലെ ബയോ ബബിളിനുള്ളിൽ തന്നെ കേസുകൾ ഉണ്ടായതാണ് പ്രധാന കാരണം. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിക്കും, സന്ദീപ് വാര്യർക്കുമാണ് ആദ്യം രോഗബാധ ഉണ്ടായത്. പിന്നാലെ നടത്തിയ പരിശോധനയിൽ ചെന്നൈ സൂപ്പർ കിങ്സ് ടീം മാനേജ്മെന്റിലുള്ളവർക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തുകയായിരുന്നു.