ഐപിഎൽ 2023 മുതൽ 2027 വരെയുള്ള സംപ്രേക്ഷണാവകാശത്തിനായുള്ള മൂന്ന് ദിവസത്തെ ലേലം വിളി പൂർത്തിയാകുമ്പോൾ നേട്ടമുണ്ടാക്കി ബിസിസിഐ. മത്സരത്തിന്റെ ടെലിവിഷൻ സംപ്രേഷണാവകാശം ഡിസ്നി-സ്റ്റാർ കമ്പനിയും ഡിജിറ്റൽ സംപ്രേഷണാവകാശം റിലയൻസിന് കീഴിലുള്ള വയാകോം 18 ഉം സ്വന്തമാക്കിയപ്പോൾ ബിസിസിഐക്ക് ലഭിച്ചത് 48,390 കോടി രൂപയാണ്.
ഓരോ മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് ലേലം നടന്നത്, അതായത് അടുത്ത അഞ്ച് വർഷത്തേക്ക് സംപ്രേഷണാവകാശം നേടിയവർ 118.02 കോടി രൂപ ക്രിക്കറ്റ് ബോർഡിന് ഒരുമിച്ച് നൽകും. നിലവിൽ, ഓരോ ഐപിഎൽ സീസണിലും 74 മത്സരങ്ങളാണ് ഉള്ളത്, എണ്ണം ഉയരാൻ സാധ്യതയുണ്ട്. അഞ്ച് വർഷത്തിനുള്ളിൽ, ആകെ 410 മത്സരങ്ങളാണ് ഉണ്ടാവുക.
ടെലിവിഷൻ സംപ്രേഷണാവകാശം 23,575 കോടി രൂപയ്ക്കാണ് ഡിസ്നി-സ്റ്റാർ സ്വന്തമാക്കിയത്. ബി,സി പാക്കേജുകൾ ഏറ്റെടുത്ത വയകോം18/ റിലയൻസ് ബിസിസിഐക്ക് 23,758 കോടി രൂപ നൽകും.
ആദ്യമായാണ് ടെലിവിഷൻ അവകാശവും ഡിജിറ്റൽ അവകാശവും രണ്ടു കമ്പനികളിലേക്ക് പോകുന്നത്. 2018-2022 കാലയളവിൽ ടെലിവിഷൻ/ഡിജിറ്റൽ അവകാശം സ്റ്റാർ ഇന്ത്യക്ക് ആയിരുന്നു. രണ്ടും കൂടി 16,347.5 കോടി രൂപയ്ക്കാണ് സ്റ്റാർ സ്വന്തമാക്കിയത്. ഒരു മത്സരത്തിന് 54.5 കോടി രൂപ എന്ന നിലയിൽ ആയിരുന്നു ഇത്.
ലേലത്തുകയിൽ മൂന്ന് മടങ്ങിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്. അടിസ്ഥാന വില 32,890 കോടി രൂപയായി നിശ്ചയിച്ച ബിസിസിഐ 45,000 കോടിയാണ് ലേലത്തിൽ നിന്ന് പ്രതീക്ഷിച്ചത്. എന്നാൽ ആദ്യ ദിനം തന്നെ ലേലത്തുക ബിസിസിഐ പ്രതീക്ഷതിനേക്കാൾ കടന്നിരുന്നു.
ലേലം റെക്കോർഡ് തുകയ്ക്ക് അവസാനിച്ചതോടെ അമേരിക്കയിലെ നാഷണൽ ഫുട്ബോൾ ലീഗ് (എൻഎഫ്എൽ) കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവുമധികം സംപ്രേഷണ മൂല്യമുള്ള മത്സരമായി ഐപിഎൽ മാറി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിനെ ഉൾപ്പെടെയാണ് ഐപിഎൽ മറികടന്നത്.
Also Read: ‘ബാലന്‍സ് മച്ചപ്പെടുത്താന്‍ മണിക്കൂറുകളോളം ഒറ്റക്കാലില്‍ ബാറ്റ് ചെയ്യുമായിരുന്നു റൂട്ട്’