ഐപിഎല്ലിലെ അഞ്ചാം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 10 റൺസിന് തോൽപ്പിച്ച് മുംബൈ ഇന്ത്യൻസ്. അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണ്ടിയിരുന്ന കൊൽക്കത്തയെ പിടിച്ചു കെട്ടിയത് അവസാന ഓവർ എറിഞ്ഞ ട്രെന്റ് ബോൾട്ടാണ്. അവസാന ഓവറിൽ നാല് റൺസ് മാത്രം വിട്ട് കൊടുത്ത് റസ്സലിന്റെ ഉൾപ്പടെ രണ്ടു വിക്കറ്റുകൾ ബോൾട്ട് വീഴ്ത്തി. നാലോവറിൽ 27 റൺസ് മാത്രം വിട്ട് കൊടുത്ത് നാല് വിക്കറ്റ് സ്വന്തമാക്കിയ രാഹുൽ ചഹാറാണ് മാൻ ഓഫ് ദി മാച്ച്.
നേരത്തെ സീസണിലെ രണ്ടാം അർദ്ധ സെഞ്ചുറി നേടിയ നിതീഷ് റാണയും ശുഭ്മൻ ഗില്ലും ചേർന്ന് കൊൽക്കത്തയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. എന്നാൽ ഒമ്പതാം ഓവറിൽ രാഹുൽ ചഹാർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് സ്വന്തമാക്കിയതോടെ സ്കോറിങ്ങിന്റെ വേഗത കുറഞ്ഞു. പിന്നീട് തുടരെ കൊൽക്കത്തയുടെ ഓരോ വിക്കറ്റുകളും കടപുഴകി. രാഹുൽ ത്രിപാതിയും ഓയിൻ മോർഗനും രണ്ടക്കം കാണാതെ പുറത്തായതോടെ കൊൽക്കത്ത പരുങ്ങലിലായി. പിന്നീടെത്തിയ കാർത്തിക്കിനും റസ്സലിനും ഒന്നും ചെയ്യാൻ കഴിയാത്ത വിധം മുംബൈ ബോളർമാർ വലിഞ്ഞു മുറുക്കി.
മുംബൈക്കായി രാഹുൽ ചഹാർ നാലും ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റ് വീതവും വീഴ്‍ത്തി. നാലോവറിൽ പതിമൂന്ന് റൺസ് മാത്രം വിട്ട് കൊടുത്ത് കൃണാൽ പാണ്ഡ്യ ഒരു വിക്കറ്റും നേടി. നാലോവർ എറിഞ്ഞ ബുംറക്ക് വിക്കറ്റ് ഒന്നും കിട്ടിയില്ല.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മുംബൈക്ക് അടിപതറി. കൊൽക്കത്തയുടെ ബോളിങ് നിരക്കെതിരെ പേരുകേട്ട മുംബൈ മധ്യനിര തുടരെ തുടരെ വിക്കറ്റുകൾ നഷ്ട്ടപ്പെടുത്തിയപ്പോൾ കൊൽക്കത്തയുടെ വിജയലക്ഷ്യം 153 റൺസിൽ ഒതുങ്ങുകയിരുന്നു. പതിനെട്ടാം ഓവറിൽ ബോൾ ചെയ്യാനെത്തി അഞ്ചു വിക്കറ്റ് നേടിയ ആന്ദ്രേ റസ്സലാണ് മുംബൈ മധ്യനിരയെയും വാലറ്റത്തെയും വീഴ്ത്തിയത്.
രണ്ടാം ഓവറിന്റെ അവസാന പന്തിൽ ഡി കോക്കിനെ മുംബൈക്ക് നഷ്ടമായി. ക്വാറന്റൈൻ പൂർത്തിയാക്കി ആദ്യ മത്സരത്തിനിറങ്ങിയ ഡി കോക്ക് വരുൺ ചക്രവർത്തിയുടെ പന്തിൽ രാഹുൽ ത്രിപാതിക്ക് ക്യാച്ച് നൽകി രണ്ട് റൺസിൽ മടങ്ങി. പിന്നീട് വന്ന സൂര്യകുമാർ യാദവുമൊത്ത് രോഹിത് പതിയെ ഇന്നിംഗ്സ് പടുത്തുയർത്തിയെങ്കിലും ടീം സ്കോർ 86ൽ നിൽക്കെ പതിനാലാം ഓവറിൽ സൂര്യകുമാർ പുറത്തായതോടെ മുംബൈ വീണ്ടും പരുങ്ങലിലായി. പുറകെ വന്ന ഇഷാൻ കിഷനും രണ്ടക്കം കാണാതെ പുറത്തുപോയി.
പിന്നീട് വന്ന ഹർദിക് പാണ്ഡ്യയോടൊപ്പം രോഹിത് മറ്റൊരു കൂട്ടുകെട്ടിന് ശ്രമിക്കുന്നതിനിടെ പതിനാറാം ഓവറിന്റെ രണ്ടാം ബോളിൽ പാറ്റ് കമ്മിൻസ് രോഹിത്തിന്റെ കുറ്റി ഇളക്കി. 43 റൺസുമായി രോഹിത് പുറത്ത്. അടുത്ത അടുത്ത ഓവറുകളിലായി ഹർദിക് പാണ്ഡ്യയും പൊള്ളാർഡും മടങ്ങിയതോടെ മുംബൈ സമ്മർദ്ദത്തിലായി. അവസാനം കൃണാൽ പാണ്ഡ്യ ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിക്കുമെന്ന് കരുതിയെങ്കിലും റസ്സലിന്റെ ബോളിൽ വീണു.
കൊൽക്കത്തക്കായി പതിനെട്ടാം ഓവറിൽ മാത്രം ബോൾ ചെയ്യാൻ എത്തിയ ആന്ദ്രേ റസ്സൽ രണ്ട് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് സ്വന്തമാക്കി. പാറ്റ് കമ്മിൻസ് രണ്ടും, പ്രസീദ് കൃഷ്ണ, വരുൺ ചക്രവർത്തി ഷാകിബ് അൽ ഹസ്സൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ടോസ് നേടിയ കൊൽക്കത്ത ഫീൽഡിങ് തിരഞ്ഞെടുത്തു
ഐപിഎല്ലിന്റെ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യൻസിനെതിരെ ഫീൽഡിങ് തിരഞ്ഞെടുത്തു. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ 7:30 നാണു മത്സരം.
ആദ്യ മത്സരത്തില്‍ പതിവ് പോലെ ‘ദൈവത്തിന്റെ പോരാളികള്‍’ തോറ്റാണ് തുടങ്ങിയത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് ജയം അനിവാര്യമാണ്. മുന്‍ ചാമ്പ്യന്മാരെ കീഴടക്കി പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കുക എന്നതാണ് രോഹിതിന്റേയും കൂട്ടരുടേയും ലക്ഷ്യം.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള കളിയില്‍ മുംബൈക്ക് തിരിച്ചടിയായത് അവസാന ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനാകാതെ പോയതാണ്. ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ പരാജയപ്പെട്ടു. കൊല്‍ക്കത്തക്ക് എതിരെ ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡി കോക്കിന്റെ തിരിച്ചുവരവാണ് മുംബൈക്ക് ആത്മവിശ്വാസം നല്‍കുക. ഡി കോക്ക് എത്തിയതോടെ ക്രിസ് ലിന്‍ പുറത്തായി.
നായകന്‍ രോഹിത് ശര്‍മക്ക് കൊല്‍ക്കത്തക്കെതിരെ മികച്ച റെക്കോര്‍ഡാണുള്ളത്. മോശം ഫോമില്‍ തുടര്‍ന്ന സീസണില്‍ പോലും കൊല്‍ക്കത്തക്കെതിരെ താരം തിളങ്ങിയിരുന്നു. ട്രെന്റ് ബോള്‍ട്ടും ജസ്പ്രിത് ബുംറയും നേത്യത്വം നല്‍കുന്ന ബോളിങ് നിരയെക്കുറിച്ച് മുംബൈക്ക് ആശങ്കപ്പെടാനില്ല.
മറുവശത്ത് ഇത്തവണ ജയത്തോടെയാണ് കൊല്‍ക്കത്ത തുടങ്ങിയ. നായകന്‍ ഇയോണ്‍ മോര്‍ഗന്റെ കീഴില്‍ പ്ലെ ഓഫ് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയാണ് ടീമിന്റെ ലക്ഷ്യം. സണ്‍റൈസേഴ്സിനെ പത്ത് റണ്‍സിനാണ് ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ചത്. കളിയുടെ ഫിനിഷിങ് ചുമതല ദിനേശ് കാര്‍ത്തിക്കിനാണ്.
എന്നാല്‍ മുംബൈയെ നേരിടുമ്പോള്‍ കൊല്‍ക്കത്തക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. കാരണം മുംബൈയുടെ ബോളിങ് നിര തന്നെയാണ്. ബാംഗ്ലുര്‍ പോലുള്ള ശക്തമായ ബാറ്റിങ് നിരയെ പിടിച്ചു നിര്‍ത്താന്‍ ചാമ്പ്യന്മാര്‍ക്കായിരുന്നു. ബാറ്റിങ്ങില്‍ യുവതാരങ്ങളായ നിതിഷ് റാണയും, ശുഭ്മാന്‍ ഗില്ലുമാണ് പ്രതീക്ഷ.
ടീം
മുംബൈ ഇന്ത്യന്‍സ്
രോഹിത് ശർമ, ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രാഹുൽ ചഹാർ, മാർക്കോ ജാൻസൻ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
നിതീഷ് റാണ, ശുഭ്മാൻ ഗിൽ, രാഹുൽ ത്രിപാതി, ഇയോൺ മോർഗൻ, ദിനേശ് കാർത്തിക്, ആൻഡ്രെ റസ്സൽ, ഷാക്കിബ് അൽ ഹസൻ, പാറ്റ് കമ്മിൻസ്, പ്രസീദ് കൃഷ്ണ, ഹർഭജൻ സിംഗ്, വരുൺ ചക്രവർത്തി