ഐപിഎല്ലിൽ അവസാന ഓവറുകളാണ് പലപ്പോഴും ജയവും പരാജയവും വിധിയെഴുതുന്നത്. വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിൽ നടന്ന മൽസരത്തിലും ജയം നിർണയിച്ചത് അവസാന ഓവർ തന്നെ. മൽസരത്തിൽ 3 റൺസിനാണ് മുംബൈ ജയിച്ചത്.

അവസാന ഓവറിൽ 17 റൺസാണ് പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. അക്‌സർ പട്ടേലും യുവരാജ് സിങ്ങുമായിരുന്നു പഞ്ചാബ് ബാറ്റ്സ്മാന്മാർ. അവസാന ഓവറിന്റെ ചുമതല മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയത് ബോളർ മക്‌ലിനാകനായിരുന്നു. ആദ്യ ബോൾ നേരിട്ടത് അക്സർ പട്ടേലായിരുന്നു. അക്സർ സിംഗിൾ എടുത്തു. അടുത്ത ഊഴം യുവരാജിന്റേതായിരുന്നു. പക്ഷേ രണ്ടാം ബോളിൽ യുവരാജിന് റൺസൊന്നും നേടാനായില്ല. അടുത്ത ബോൾ സിക്സറിനായി ഉയർത്തിയ യുവിക്ക് തെറ്റി.

ലൂവിസ് ക്യാച്ചെടുത്ത് യുവിയെ പുറത്താക്കി. ഒരു റൺസുമായി യുവി കളിക്കളം വിട്ടു. ഇതോടെ പഞ്ചാബിന്റെ പ്രതീക്ഷകളെല്ലാം തകർന്നു. പക്ഷേ അടുത്ത ബോൾ സിക്സർ ഉയർത്തി അക്സർ പട്ടേൽ പഞ്ചാബിന് പുതുജീവൻ നൽകി. പിന്നെയുണ്ടായിരുന്നത് 2 ബോൾ, വേണ്ടിയിരുന്നത് 9 റൺസ്. അടുത്ത ബോളിൽ അക്സറിന് സിംഗിൾ എടുക്കാനേ ആയുളളൂ. പിന്നെ ഒരു ബോളിൽനിന്നും വേണ്ടത് 8 റൺസ്. ഇനി അദ്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ പഞ്ചാബിന് വിജയിക്കാനാവൂവെന്ന് എല്ലാവരും വിധിയെഴുതി.

പ്രതീക്ഷിച്ചതുപോലെ അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. അവസാന ബോൾ മനോജ് തിവാരി ഫോറടിച്ചു. കൂടെ സിംഗിളും എടുത്തു. മുംബൈ 3 റൺസിന് വിജയിച്ചു.

പഞ്ചാബിന്റെ തോൽവി അവരുടെ താരങ്ങൾക്ക് താങ്ങാനാവുന്നതായിരുന്നില്ല. കെ.എൽ.രാഹുൽ പൊട്ടിക്കരഞ്ഞു. 60 ബോളിൽനിന്നും 95 റൺസെടുത്ത് രാഹുൽ ആണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്. രാഹുൽ 90 റൺസ് എടുത്തിട്ടും ടീം തോൽക്കുന്ന രണ്ടാമത്തെ മൽസരമാണിത്.

പക്ഷേ മറുപാളയത്ത് വിജയാഘോഷമായിരുന്നു. അവസാന ഓവർ ഭംഗിയായി പൂർത്തിയാക്കിയ മക്‌ലിനാകന്‍ ഗ്രൗണ്ടിൽ പുഷ്അപ്പെടുത്താണ് വിജയം ആഘോഷിച്ചത്. മുംബൈ ക്യാപ്റ്റൻ രോഹിത്താകട്ടെ ആകാശത്തേക്ക് നോക്കി ദൈവത്തിന് നന്ദി പറയുകയും ചെയ്തു. തന്റെ ടീം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തെത്തിയതിന്റെ ആശ്വാസവും രോഹിത്തിന്റെ മുഖത്ത് പ്രകടമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ