ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് വാദത്തിൽ തന്റെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡ്. രാജ്യത്തെ താരങ്ങളുടെ കഴിവിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ടീമുകളുടെ എണ്ണം വർധിപ്പിക്കണമെന്നാണ് രാഹുലും അഭിപ്രായപ്പെടുന്നത്. ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഒൻപത് ടീമുകളുണ്ടാകുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.

“കഴിവിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ ഐപിഎല്ലിൽ ഒരു വിപുലീകരണത്തിന് സമയമായതായി എനിക്ക് തോന്നുന്നു. നിലവിൽ അവസരം ലഭിക്കാത്ത ധാരാളം കഴിവുള്ള താരങ്ങളുണ്ട്. ടീമുകളുടെ എണ്ണം കൂട്ടിയാൽ അത്തരം കളിക്കാർക്ക് അവസരം ലഭിക്കും,” രാഹുൽ പറഞ്ഞു.

Read Also: അടുത്ത ഐപിഎൽ എപ്പോൾ ? എത്ര ടീമുകൾ ഉണ്ടാകും ? കാത്തിരിക്കുന്ന ട്വിസ്റ്റുകൾ

അടുത്ത സീസണിൽ ഒൻപത് ടീമുകൾ ഐപിഎല്ലിൽ അണിനിരക്കാൻ സാധ്യതയുണ്ട്. കൂടുതൽ ടീമുകളെ ഉൾപ്പെടുത്തുന്ന കാര്യം ബിസിസിഐയുടെ ആലോചനയിലാണ്. 2021 സീസണിലേക്കുള്ള മെഗാ താരലേലത്തിൽ ഈ ഒൻപതാമത്തെ ടീമും പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. അഹമ്മദാബാദിൽ നിന്ന് പുതിയ ടീം വരാനാണ് സാധ്യതയെന്ന് ‘ദ ഹിന്ദു’ റിപ്പോർട്ട് ചെയ്യുന്നു. 2023ൽ ടീമുകളുടെ എണ്ണം 10 ആകുമെന്നും റിപ്പോർട്ടുകളുമുണ്ട്.

ടീമുകളുടെ എണ്ണത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ ഫ്രാഞ്ചൈസികളെ ക്ഷണിച്ചുകൊണ്ടുള്ള ടെൻഡർ നടപടികളും വൈകാതെ തന്നെ ആരംഭിക്കും. പുതിയ ടീം ഒന്നാണെങ്കിലും രണ്ടാണെങ്കിലും മെഗാ ലേലം വേണ്ടി വരുമെന്നതിനാൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കാനുള്ള ശ്രമമായിരിക്കും ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ടാവുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook