മുംബൈ: രാജ്യത്ത് വനിത ക്രിക്കറ്റിന് ആഴത്തിലുളള വേരോട്ടം നേടിയ ശേഷമേ വനിത ഐപിഎൽ എന്ന ആശയവുമായി മുന്നോട്ട് പോകാവൂ എന്ന് മിതാലി രാജ്. രാജ്യത്ത് മികച്ച വനിത താരങ്ങളുടെ കുറവ് ശക്തമാണെന്നും ഇത് മറികടക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു.

“ഐപിഎല്ലിനൊക്കെ മികച്ച കളിക്കാർ ആവശ്യമാണ്. ദൗർഭാഗ്യവശാൽ ഇന്ത്യൻ എ ടീമിൽ പോലും മികച്ച വനിത താരങ്ങളുടെ എണ്ണക്കുറവ് ശക്തമാണ്. നമുക്ക് നല്ല താരങ്ങളുണ്ടായിക്കഴിഞ്ഞാൽ മാത്രമേ ഐപിഎൽ ഒരു നല്ല ആശയമായി മാറൂ,” മിതാലി പറഞ്ഞു.

11-ാമത് ഐപിഎൽ സീസണിനോട് അനുബന്ധിച്ച് സ്ത്രീകളുടെ പ്രദർശന മൽസരങ്ങളും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. വനിത ക്രിക്കറ്റിന് അടിത്തറയൊരുക്കാൻ ലക്ഷ്യമിട്ടാണിത്.

“ദേശീയ താരങ്ങളും രാജ്യാന്തര താരങ്ങളും തമ്മിലുളള വ്യത്യാസം വലുതാണ്. ഇത് വിപരീത ഫലമാകും ചെയ്യുക. ദേശീയ താരങ്ങളെ വളർത്തിക്കൊണ്ടുവരാനാണ് ആദ്യം ശ്രമം വേണ്ടത്,” ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റൻ പറഞ്ഞു.

ജുലൻ ഗോസ്വാമിയും മിതാലിയുടെ അഭിപ്രായത്തെ പിന്തുണച്ചു. ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയും അടങ്ങുന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റ് ടൂർണമെന്റിന് വ്യാഴാഴ്ച മുംബൈ ആതിഥേയത്വം വഹിക്കും. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന് ശക്തമായ ലൈനപ്പ് ഉണ്ടാക്കാനാണ് ബിസിസിഐ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ