ഇന്ത്യൻ പ്രീമിയർ ലീഗിൽ പല നാടകീയ രംഗങ്ങളും അരങ്ങേറിയിട്ടുണ്ട്. പല പ്രതിഷേധങ്ങളും ഐപിഎല്ലിൽ നടന്നിട്ടുണ്ട്. ഇതിൽ പ്രധാനം 2015 സീസണിൽ ബാംഗ്ലൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ബംഗ്ലൂർ-മുംബൈ പോരാട്ടമായിരുന്നു. വിൻഡീസ് താരങ്ങളായ ക്രിസ് ഗെയ്‌ലും കിറോൺ പൊള്ളാർഡും നേർക്കുന്നേർ എത്തിയ മത്സരത്തിൽ തുടക്കം മുതൽ അസ്വാരസ്യങ്ങളുണ്ടായിരുന്നു.

വാ മൂടികെട്ടി പ്രതിഷേധം

മുംബൈ ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം പിന്തുടരാനെത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്നിങ്സ് ഓപ്പൺ ചെയ്തത് ക്രിസ് ഗെയ്‌ലായിരുന്നു. ആദ്യ ഓവർ മുതൽ ഗെയ്‌ലിനെതിരെ വന്ന പൊള്ളാർഡിനെ നിയന്ത്രിക്കാൻ മാച്ച് അമ്പർമാരായ റിച്ചാർഡ് ഇല്ലിങ്‌വർത്തും വിനീത് കുൽക്കർണിയും തീരുമാനിച്ചു. പൊള്ളാർഡിനോട് നിയന്ത്രണം പാലിക്കണമെന്ന് അമ്പയർമാർ താക്കീത് നൽകി.

അതിനോട് പൊള്ളാർഡിന്റെ പ്രതികരണമായിരുന്നു ശ്രദ്ധേയം. വായിൽ ടേപ്പ് ഒട്ടിച്ചായിരുന്നു പിന്നീട് പൊള്ളാർഡ് മത്സരം തുടർന്നത്. ഞാനായിട്ട് ഒന്നിനുമില്ലെ എന്ന മട്ടിൽ സഹതാരങ്ങളോട് സംസാരിക്കാൻ മാത്രം കുറച്ച് നേരം ടേപ്പ് മാറ്റിയെങ്കിലും പിന്നീട് തിരിച്ചൊട്ടിച്ചു. ആരാധകരും കാണികളും ആഘോഷമാക്കിയ ആ ഷോ എന്നാൽ ഗെയ്‌ലിന് മാത്രം അത്ര രസിച്ചില്ല.

പിച്ചിൽ നിന്ന് പുറത്തേക്ക്

അമ്പർമാരുമായുള്ള പ്രശ്നങ്ങൾ പൊള്ളാർഡിന്റെ ഇന്നിങ്സിൽ പതിവുള്ളതാണ്. കഴിഞ്ഞ സീസണിന്റെ കലാശ പോരാട്ടത്തിലും അത്തരത്തിലൊരു കാഴ്ചയ്ക്ക് വേദിയായത്. ചെന്നൈയും മുംബൈയും ഏറ്റമുട്ടിയ കിരീടപോരാട്ടത്തിൽ വിൻഡീസ് ടീമിലെ സഹതാരം കൂടിയായിരുന്ന ബ്രാവോ എറിഞ്ഞ വൈഡിഷ് പന്താണ് പൊള്ളാർഡിനെ ചൊടുപ്പിച്ചത്. അതൊരു നിയമവിരുദ്ധമായ പന്താണെന്ന് അവകാശപ്പെട്ട പൊള്ളാർഡ് വൈഡിന് അപ്പീൽ ചെയ്തു.

ഇത്തരത്തിൽ പൊള്ളാർഡ് നേരിടുന്ന രണ്ടാമത്തെ പന്തായിരുന്നു അത്. എന്നാൽ രണ്ട് തവണയും അമ്പയർ നിതിൻ മേനോൻ വൈഡ് വിളിച്ചില്ല. മറുപടിയായി പൊള്ളാർഡ് നാടകീയമായി തന്റെ ബാറ്റ് വായുവിലേക്ക് എറിഞ്ഞു. പിന്നീട് അമ്പയർമാരുമായി പൊള്ളാർഡ് സംസാരിച്ച ശേഷമാണ് മത്സരം തുടർന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook