മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിന്റെ പുൽത്തട്ടിൽ ആരാവും ഇന്ന് ചിരിച്ച് നിൽക്കുക? രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞ് മടങ്ങി വന്ന ചെന്നൈയോ, അല്ല സീസണിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച് മുന്നേറിയ സൺറൈസേഴ്‌സോ കിരീടം ചൂടുക?

ലീഗ് പോരാട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്‌സ് ഹൈദരാബാദും ഉണ്ടായിരുന്നത്. സീസണിൽ ഇതുവരെ മൂന്ന് തവണ നേരിട്ടപ്പോഴും ഹൈദരാബാദിന് ചെന്നൈയെ പരാജയപ്പെടുത്താനായിരുന്നില്ല. ഈ ആത്മവിശ്വാസം തന്നെയാണ് ക്യാപ്റ്റൻ കൂൾ എം.എസ്.ധോണിയുടെ കരുത്തും.

ഇതുവരെ ഏഴ് സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. എന്നാൽ രണ്ട് വട്ടം മാത്രമേ അവർക്ക് കിരീടം നേടാനായുളളൂ. കഴിഞ്ഞ മൂന്ന് തവണ ഫൈനലിൽ എത്തിയപ്പോഴും ചെന്നൈ സൂപ്പർ കിങ്സ് പരാജയം രുചിച്ചു.

ഏഴാം ഫൈനലിൽ സൺറൈസേഴ്‌സിനെ നേരിടുമ്പോഴും വിജയത്തിൽ കുറഞ്ഞതൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. അതേസമയം രണ്ടാം കിരീടമാണ് സൺറൈസേഴ്‌സിന്റെ ലക്ഷ്യം. 2016 ൽ കപ്പ് നേടിയ ടീം, ഈ വർഷം കെയ്ൻ വില്യംസണിന്റെ നായകത്വത്തിൽ നിശബ്ദനായ കൊലയാളിയായി മാറിയിരുന്നു.

റാഷിദ് ഖാൻ നയിക്കുന്ന ബോളിങ് നിരയാണ് സൺറൈസേഴ്‌സിന്റെ കരുത്ത്. താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം കുറിച്ചിട്ടും ബോളിങ് മികവിലൂടെ ജയിച്ച് കയറിയ ടീമാണ് ഹൈദരാബാദ്. അതിനാൽ തന്നെ അവരെ ചെന്നൈ സൂപ്പർ കിങ്സിന് ഭയന്നേ പറ്റൂ. സാധ്യതകൾ മാറിമറിഞ്ഞ ഇത്തവണത്തെ ഐപിഎല്ലിൽ ഹൈദരാബാദിനും ചെന്നൈക്കും തുല്യ സാധ്യതയാണ് കൽപ്പിക്കപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ