മുംബൈ ഇന്ത്യന്‍സും റൈസിങ് പൂനെ സൂപ്പര്‍ ജിയന്റസും തമ്മില്‍ ഐപിഎല്‍ പത്താം സീസണിലെ കലാശപ്പോരാട്ടത്തില്‍ മുംബൈയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ മുംബൈയുടെ ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം തെറ്റായിരുന്നെന്ന് ആദ്യമേ ബോധ്യപ്പെടുത്തുന്ന പ്രകടനമാണ് ബാറ്റ്സ്മാന്‍മാര്‍ പുറത്തെടുത്തത്. 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് മുംബൈ നേടിയത്.

ഓപ്പണിംഗ് ആയെത്തിയ ലെന്‍ഡി സിമണ്‍സ് മൂന്ന് റണ്‍സെടുത്ത് പുറത്തായി. പാര്‍ഥീവ് പട്ടേല്‍ നാല് റണ്‍സ് എടുത്ത് കൂടാരം കേറി.

പിന്നാലെ 12 റണ്‍സെടുത്ത അമ്പാട്ടി റായുഡുവും മടങ്ങിയെങ്കിലും നായകനായ രോഹിത് ശര്‍മ്മ മുംബൈയെ തിരിച്ചുവരവിന്റെ പാതയില്‍ എത്തിക്കുമെന്ന് തോന്നിച്ചു.

എന്നാല്‍ 22 പന്തില്‍ 24 റണ്‍സെടുത്ത് രോഹിത് ശര്‍മ്മയും പോരാട്ടം ബാക്കിയാക്കി മടങ്ങി. കിറണ്‍ പൊള്ളാര്‍ഡ് ആദ്യ ഷോട്ട് തന്നെ അതിര്‍ത്തി കടത്തിയെങ്കിലും വമ്പനടിക്ക് ശ്രമിച്ച രണ്ടാം പന്ത് മനോജ് തിവാരി കൈക്കുള്ളിലാക്കി. പാണ്ഡ്യ 10 റണ്‍സും മിച്ചല്‍ ജോണ്‍സന്‍ 13 റണ്‍സും നേടി. പൂനെയ്ക്ക് വേണ്ടി ജയ്ദേവ് ഉനാദ്കത്, ആദം സാംബ, ഡാനിയല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

ക്വാളിഫയര്‍ ലൈനപ്പില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും മത്സരിക്കുന്നത്. ആദ്യ കിരീടത്തിനായി പൂണെ പോരാടുമ്പോള്‍ ഹാട്രിക് നേട്ടമാണ് മുംബൈ ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ