Latest News

DC Preview: മിന്നുന്ന ഫോമിൽ പൃഥ്വി ഷാ, എറിഞ്ഞു വീഴ്ത്താൻ റബാഡ; പന്തിലേറി ഡൽഹി ക്യാപിറ്റൽസ്

ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരക്കിടയിൽ ശ്രെയസ് അയ്യർക്ക് പരുക്ക് പറ്റിയതാണ് ക്യാപ്റ്റന്റെ തൊപ്പി പന്തിലേക്ക് എത്താൻ കാരണമായത്

ipl 2021, ipl team preview, Delhi Capitals preview, DC preview, Rishab Pant, ഐപിഎല്‍ ,ipl palyers, ipl teams, ഐപിഎല്‍ ടീം, delhi capitals, chennai super kings, mumbai indians, sunrisers hyderabad, rajastan royals, royal challengers banglore, ie malayalam

കുറെയധികം സീസണുകളിലെ മെല്ലെപ്പോക്കിനു ശേഷം കഴിഞ്ഞ രണ്ടു സീസണുകളിൽ വൻ തിരിച്ചുവരവ് നടത്തിയ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ആറു വർഷങ്ങൾക്ക് ശേഷം 2019ൽ പ്ലേഓഫിൽ എത്തിയ ഡൽഹി, കഴിഞ്ഞ സീസണിൽ ചരിത്രത്തിൽ ആദ്യമായി ഐപിഎൽ ഫൈനലിലെത്തി. കഴിഞ്ഞ സീസണില്‍ യുഎയിൽ ഫൈനൽ കളിച്ച ടീം ഈ വർഷം പുതിയ ക്യാപ്റ്റൻ റിഷഭ് പന്തിന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്.

പന്തെന്ന ക്യാപ്റ്റന്റെ ചുമരിലേറി കഴിഞ്ഞ വർഷം നഷ്ടപ്പെട്ട കപ്പ് നേടാനുറച്ച് തന്നെയാകും ഡൽഹിയുടെ വരവ്. അടുത്ത കാലത്ത് അടിമുടി മാറ്റം വന്ന പന്തിന്റെ കളിയിൽ ടീം കൂടുതൽ വിശ്വാസമർപ്പിച്ചാൽ കുറ്റംപറയാൻ കഴിയില്ല. ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരക്കിടയിൽ ശ്രേയസ് അയ്യർക്ക് പരുക്ക് പറ്റിയതാണ് ക്യാപ്റ്റന്റെ തൊപ്പി പന്തിലേക്ക് എത്താൻ കാരണമായത്.

ഇന്ത്യൻ ഓപ്പണർ ധവാനിൽ നിന്ന് തുടങ്ങുന്ന ശക്തമായ ബാറ്റിങ് നിര തന്നെയാണ് ഡൽഹിയുടെ പ്രധാന കരുത്ത്. കഴിഞ്ഞ ഓരോ വർഷങ്ങളിൽ മെച്ചപ്പെട്ടു വന്ന ടീമിന് ഈ വർഷവും മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ സാധിച്ചേക്കാം.

കരുത്ത്

മികച്ച ബാറ്റിങ് നിരയും ബോളിങ് നിരയുമുള്ള സന്തുലിതമായ ഒരു ടീമാണ് ഡൽഹി ക്യാപിറ്റൽസിന്റേത്. ശിഖർ ധവാൻ, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ എത്തുന്ന മുൻനിരയും റിഷഭ് പന്ത്, മർകസ് സ്റ്റോയ്‌നിസ്, ഷിംറോൺ ഹെത്ത്മെയർ തുടങ്ങിയവർ അടങ്ങുന്ന മധ്യനിരയും വളരെ കരുത്തുറ്റതാണ്. താരലേലത്തിൽ സ്വന്തമാക്കിയ സ്റ്റീവ് സ്മിത്ത് കൂടി ചേരുമ്പോൾ ശ്രേയസ് അയ്യറുടെ കുറവ് ബാറ്റിങ് നിരയിൽ നികത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം.

യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിൽ 618 റൺസ് സ്കോർ ചെയ്ത ധവാൻ, സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമതായിരുന്നു. അവസാനം നടന്ന ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലും ധവാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് ഏകദിനത്തിൽ രണ്ട് കളിയിലും അർധ സെഞ്ചുറി നേടിയിരുന്നു. ഒരു മത്സരത്തിൽ സെഞ്ചുറിക്ക് അരികെയാണ് വിക്കറ്റ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ സീസണിൽ താരതമ്യേന മോശം പ്രകടനം കാഴ്ചവച്ച പൃഥ്വി ഷാ ഇത്തവണ എത്തുന്നത് വിജയ് ഹസാരെ ട്രോഫിയിൽ മികച്ച കളി പുറത്തെടുക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലായിരിക്കും. 8 ഇന്നിങ്സിൽ നിന്ന് ഒരു ഇരട്ട ശതകം ഉൾപ്പടെ 827 റൺസാണ് ഷാ വിജയ് ഹസാരെയിൽ നേടിയത്.

Read Also: SRH Preview: കരുത്തരിൽ കരുത്തർ; കിരീടമുറപ്പിക്കാൻ വാർണറിന്റെ പുലിക്കുട്ടികൾ

കഴിഞ്ഞ ഓസ്ട്രേലിയ, ഇംഗ്ലണ്ട് പരമ്പരകളിൽ ഇന്ത്യൻ ടീമിന്റെ നെടുംതൂണായി നിന്ന റിഷഭ് പന്തിലും ടീമിന് മികച്ച ആത്മവിശ്വാസമാണുള്ളത്. പന്തിനോടൊപ്പം ഓൾറൗണ്ടർമാരായ സ്റ്റോയ്‌നിസും സാം ബില്ലിങ്‌സും കൂടി ചേരുമ്പോൾ മധ്യനിര ഒരു ആക്രമണ നിരയായി മാറാനിടയുണ്ട്.

ബോളിങിലേക്ക് വന്നാൽ, ദക്ഷിണാഫ്രിക്കൻ താരങ്ങളായ കാഗിസോ റബാഡയും ആൻറിച്ച് നോർജെയും ചേർന്ന് നയിക്കുന്ന പേസ് നിര ഏത് കരുത്തുറ്റ ബാറ്റിങ് നിരയെയും വിറപ്പിക്കാൻ പോന്നതാണ്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടി പർപ്പിൾ ക്യാപ്പ് നേടിയ റബാഡയും നോർജെയും ചേർന്ന് ഡൽഹിക്ക് വേണ്ടി 52 വിക്കറ്റുകളാണ്‌ പിഴുതത്. ഇരുവരുടെയും ഒപ്പം ക്രിസ് വോക്‌സും, ഇശാന്ത് ശർമയും, ഉമേഷ് യാദവും കൂടി ചേരുമ്പോൾ ബോളിങ് നിര കൂടുതൽ കരുത്തുള്ളതാകും.

ദൗർബല്യങ്ങൾ

ഡൽഹിയെ സംബന്ധിച്ച് ഏറ്റവും വലിയ ദൗർബല്യം, കൂട്ടത്തിലെ ഏതെങ്കിലും താരങ്ങളുടെ പ്രകടനം മോശമായാൽ അവർക്ക് പകരക്കാരനെ കണ്ടെത്താൻ പ്രയാസപ്പെടുന്നുവെന്നതാണ്. ഒരേ റാങ്കിൽ വരുന്ന താരങ്ങളുടെ അഭാവം വിദേശ താരങ്ങളിലും ഇന്ത്യൻ താരങ്ങളിലും കാണാൻ കഴിയും.

കഴിഞ്ഞ സീസണിൽ റബാഡക്കും നോർജെയ്ക്കും വിശ്രമമില്ലാതെ എല്ലാ മത്സരത്തിനും ഇറങ്ങേണ്ടി വന്നത് ഈ ഒരു കാരണം കൊണ്ടാണ്. കഴിഞ്ഞ തവണ പന്തിന് ഒരു ചെറിയ പരുക്ക് വന്നാൽ വിക്കറ്റ് നോക്കാൻ ആളുണ്ടായിരുന്നില്ല. ഈ തവണ അതിനു പരിഹാരമായി മലയാളിയായ വിഷ്ണു വിനോദ് ഉണ്ടെങ്കിലും ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടി കുറച്ചു മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള വിനോദിനെ പന്തിനു പകരക്കാരൻ എന്ന നിലയിൽ പരിഗണിക്കാൻ കഴിയില്ല.

ബോളിങ്ങിൽ ഇഷാന്തും ഉമേഷും ടിട്വന്റിയിൽ അത്ര മികച്ച താരങ്ങളല്ല എന്നതും, അടുത്തിടെ രാജ്യാന്തര മത്സരങ്ങളിൽ കളിച്ചിട്ടില്ല എന്നതും ഡൽഹിയെ സംബന്ധിച്ച് ഒരു പ്രശ്നമാണ്.

അവസരങ്ങൾ

ക്യാപ്റ്റൻ എന്ന നിലയിൽ റിഷഭ് പന്തിനു തിളങ്ങാനും ടീമിനെ വിജയത്തിലെത്തിച്ച് തന്റേതായ ഒരു സ്ഥാനം അടയാളപ്പെടുത്താനുമുള്ള അവസരമാണ്.

ഐപിഎല്ലിലെ പ്രകടനം ടിട്വന്റി വേൾഡ് കപ്പ് ടീം സെലക്ഷന് ഒരു മാനദണ്ഡമാകുമെന്നിരിക്കെ, അശ്വിൻ, അക്‌സർ പട്ടേൽ തുടങ്ങിയവർക്ക് ടീമിൽ ഇടംപിടിക്കാനുള്ള ഒരു അവസരവും. ഇന്ത്യൻ ബാറ്റിങ് നിരയിൽ ഏറെക്കുറെ സ്ഥാനമുറപ്പിച്ച റിഷഭ് പന്തിനു വേൾഡ് കപ്പിന് ഒരുങ്ങാനുള്ള അവസരം കൂടിയാണ്.

Read Also: ”റിഷഭ് പന്ത് ഒരു മാച്ച് വിന്നറാണ്, എനിക്ക് അയാളെ ഒരുപാട് ഇഷ്ടമാണ്”; പന്തിനെ പ്രശംസിച്ച് ദാദ

ഭീഷണികൾ

ക്യാപ്റ്റൻ എന്ന ചുമതല പന്തിന്റെ അക്രമണോൽസുകത നിറഞ്ഞ ബാറ്റിങ്ങിനെ ബാധിച്ചാൽ അത് ടീമിന്റെ ആകെ പ്രകടനത്തെ ബാധിക്കാനിടയുണ്ട്. അതുപോലെ ഇഷാന്തിന്റെയും ഉമേഷിന്റെയും മോശം റെക്കോർഡും ഡൽഹിക്ക് തലവേദനയാകും. കഴിഞ്ഞ സീസണിൽ പ്ലേയോഫ്‌ സാധ്യതകളെ തന്നെ സംശയത്തിലാകുന്ന തരത്തിൽ അടുപ്പിച്ച് നാല് മത്സരങ്ങളിൽ ഡൽഹി തോറ്റിരുന്നു. അത്തരം തോൽവികൾ ഈ സീസണിൽ ഉണ്ടാകാതെ നോക്കേണ്ടതുണ്ട്.

ഡൽഹി ക്യാപിറ്റൽസ് ടീം

ശിഖർ ധവാൻ , പൃഥ്വി ഷാ, അജിങ്ക്യ രഹാനെ,റിഷഭ് പന്ത്, ഷിംറോൺ ഹെത്ത്മെയർ, മാർക്കസ് സ്റ്റോയ്‌നിസ്, ക്രിസ് വോക്‌സ്, ആർ അശ്വിൻ, അക്‌സർ പട്ടേൽ, അമിത് മിശ്ര,ലളിത് യാദവ്, പ്രവീൺ ദുബേ, കാഗിസോ റബാഡ,ആൻറീച് നോർജെ, ഇഷാന്ത് ശർമ്മ, ആവേശ് ഖാൻ, സ്റ്റീവ് സ്മിത്ത്, ഉമേഷ് യാദവ്, റീപാൽ പട്ടേൽ, വിഷ്ണു വിനോദ്, ലുക്മാൻ മെരിവാല, എം സിദ്ധാർഥ്, ടോം കരൻ, സാം ബില്ലിങ്‌സ്

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl delhi capitals dc team preview

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express