IPL 2021: ഐപിഎൽ അരങ്ങേറ്റത്തിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ഇരുപത്തൊന്നുകാരൻ

സൺറൈസേഴ്സിനായി കളിക്കുന്ന സുഹൃത്ത് അബ്ദുൾ സമദാണ് നെറ്റ് ബൗളറായി ഉമ്രാന്റെ പേര് നിർദേശിച്ചത്

ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇരുപത്തൊന്നുകാരനായ ജമ്മു കശ്മീർ പേസർ ഉമ്രാൻ മാലിക്. ഞായറാഴ്ച സൺറൈസേഴ്സിന് വേണ്ടി ഗ്രൗണ്ടിൽ ഇറങ്ങിയപ്പോഴാണ് ഉമ്രാൻ വലിയ നേട്ടം സ്വന്തമാക്കിയത്.

ആ വേഗത തൊടുന്ന ആദ്യ ഇന്ത്യക്കാരനല്ല ഉമ്രാൻ, ജവാഗൽ ശ്രീനാഥ്, വരുൺ ആരോൺ, ജസ്പ്രീത് ബുംറ എന്നിവർ ഇതിനു മുൻപ് 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞിട്ടുണ്ട്. എന്നാൽ ഇരുപത്തൊന്നു വയസിൽ ഇത്തരമൊരു പ്രകടനം യുവതരത്തിന് നൽകുന്ന പ്രചോദനം വലുതാണ്.

ഇന്ത്യയുടെ പുതിയ പേസ് സെൻസേഷന്റെ മത്സരങ്ങൾക്കായുള്ള രാത്രി യാത്ര ഓർക്കുകയാണ് പിതാവ് അബ്ദുൽ മാലിക് ഇപ്പോൾ. ആ യാത്രകളെ കുറിച്ച് ഭയപ്പെട്ടിരുന്നു എന്ന് പിതാവ് പറയുന്നു. രാത്രിയിൽ ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കാനായി ഉമ്രാൻ പോകുമ്പോൾ പിതാവും പിന്നാലെ രഹസ്യമായി പോകുമായിരുന്നു.

“ഈ പ്രായം എങ്ങനെയെന്ന് നിങ്ങൾക്കറിയാം. മയക്കുമരുന്നും മറ്റും കഴിച്ചുകൊണ്ട് അവരുടെ ജീവിതം നശിപ്പിക്കുന്ന ധാരാളം ചെറുപ്പക്കാരുണ്ട്. ഞാൻ വിഷമിച്ചു. പക്ഷേ, തനിക്ക് ഉള്ള ഒരേയൊരു ‘ലഹരി’ ക്രിക്കറ്റ് കളിക്കുന്നതാണെന്ന് ഉമ്രാൻ ഞങ്ങളെ ബോധ്യപ്പെടുത്തി,ചിലപ്പോൾ, അവൻ യഥാർത്ഥത്തിൽ കളിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഞാൻ ഒളിച്ചിരുന്ന് നോക്കാറുണ്ടായിരിന്നു,” പിതാവ് അബ്ദുൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

ഗുജ്ജർ നഗറിലെ കോൺക്രീറ്റ് പിച്ചിൽ നാല് വർഷം മുമ്പ് തന്റെ കരിയർ ആരംഭിച്ച ഉമ്രാന്റെ ജീവിതം സൺറൈസേഴ്സിന്റെ നെറ്റ് ബൗളറിൽ നിന്നും ഐപിഎല്ലിലെ അരങ്ങേറ്റം വരെ അതിവേഗത്തിലാണ് നീങ്ങിയത്. നെറ്റ്സിൽ സഹതാരം ഡേവിഡ് വാർണറെ വിഷമിപ്പിച്ചിരുന്ന ഉമ്രാൻ അരങ്ങേറ്റത്തിലെ ആദ്യ ഓവറിൽ തന്നെ 140 കിലോമീറ്റർ വേഗതയിലാണ് പന്തെറിഞ്ഞത്.

ഉമ്രാന്റെ യഥാർത്ഥ ക്രിക്കറ്റ് യാത്ര ആരംഭിച്ചത് ശരിയായ ഷൂസ് പോലുമില്ലാതെ വീടിനടുത്തുള്ള കോച്ചിംഗ് നെറ്റ്സിൽ നിന്നാണ്. നെറ്റ്സിൽ പന്തെറിയണം എന്ന ആഗ്രഹവുമായാണ് ഉമ്രാൻ അന്ന് നെറ്റ്സിൽ എത്തിയത് എന്ന് പരിശീലകൻ രൺധീർ സിംഗ് ഓർത്തു. ” ‘ശരി, എറിയു’ എന്ന് ഞാൻ പറഞ്ഞു. ജമ്മു കശ്മീർ ടീമിൽ കളിക്കുന്ന ഒരു കളിക്കാരൻ ഞങ്ങളുടെ പക്കലുണ്ടായിരുന്നു. അവൻ ഉമ്രാനെ കണ്ട് എന്നോട് പറഞ്ഞു, ‘സർ, ഈ കുട്ടിക്ക് നല്ല വേഗമുണ്ട്, വലിയ മത്സരങ്ങൾ കളിക്കുന്ന നിലയിലേക്ക് ഉയരാം’. മൂന്ന് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ഐപിഎൽ കളിക്കുമെന്ന് ആര് കണ്ടു, ” രൺധീർ സിംഗ് മൻഹസ് പറഞ്ഞു.

ജമ്മുവിൽ അണ്ടർ -19 ട്രയലുകൾക്ക് പോയ ഉമ്രാൻ പിന്നീട് ജമ്മു കശ്മീർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ യുവ പ്രതിഭകളെ കണ്ടെത്താൻ ഇറങ്ങിയ മുൻ ജമ്മു താരം പർവേസ് റസൂലിന്റെയും പരിശീലകൻ ഇർഫാൻ പത്താന്റെയും മുന്നിലും ഉമ്രാൻ എത്തി. “ഞങ്ങളുടെ ചില ജൂനിയർ കളിക്കാർ അദ്ദേഹത്തെ നേരിടാൻ ഭയപ്പെട്ടിരുന്നു. വേഗതയുള്ള പന്തുകൾ ശരീരത്തിൽ കൊള്ളും എന്നതായിരുന്നു ഭയം. അദ്ദേഹത്തിന് അത്രയും വേഗത ഉണ്ടായിരുന്നു, അത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി,” റസൂൽ പറഞ്ഞു.

മുൻ ഇന്ത്യൻ ബൗളറായ പത്താനിലും ഉമ്രാൻ മതിപ്പുളവാക്കി. “വിക്കറ്റ് കീപ്പർ പന്തുകൾ ശേഖരിക്കുന്ന രീതിയിൽ നിന്ന് നിങ്ങൾക്ക് വേഗത കണ്ടെത്താനാകും. അവൻ ഒരു സ്വാഭാവിക ഫാസ്റ്റ് ബൗളറായിരുന്നു. ഏതൊരു കൊച്ചുകുട്ടികളെയും പോലെ, ബാറ്റ്സ്മാന്മാരെ വീഴ്ത്താനും തുടയിൽ എറിയാനും അവൻ ഇഷ്ടപ്പെട്ടു. ലാൻഡിംഗിനിടെ അദ്ദേഹത്തിന് ഒരു ഉയർന്ന ചാട്ടം ഉണ്ടായിരുന്നു, ഞങ്ങൾ അതിൽ പ്രവർത്തിച്ചു,” പത്താൻ പറഞ്ഞു.

Also Read: IPL 2021: പ്ലേഓഫിലേക്ക് ഇനി ആര്?; സാധ്യതകൾ ഇങ്ങനെ

കഴിഞ്ഞ സീസണിൽ വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെന്റുകളിൽ ജമ്മു കശ്മീർ ഉമ്രാന് അവസരം നൽകിയിരുന്നു. പിന്നാലെ, സൺറൈസേഴ്സിനായി കളിക്കുന്ന സുഹൃത്ത് അബ്ദുൾ സമദാണ് നെറ്റ് ബൗളറായി ഉമ്രാന്റെ പേര് നിർദേശിച്ചത്.

അങ്ങനെ ഈ സീസണിൽ, കോവിഡ് ബാധിച്ചു പേസർ ടി നടരാജൻ പുറത്തായപ്പോൾ, പകരക്കാരനായി ഉമ്രാന് അവസരം ലഭിച്ചു. “വാർണറുടെ നെറ്റ് സെഷനുകളിലൊന്നിൽ അദ്ദേഹം മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നും എന്നോട് പറഞ്ഞിരുന്നു, എന്നാൽ അദ്ദേഹത്തിന് അവസരം നൽകിയില്ല. അദ്ദേഹത്തിന്റെ വേഗത എല്ലാവരേയും ആകർഷിച്ചിരുന്നു, അതിനാലാണ് നടരാജന്റെ പകരക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്,” പത്താൻ പറഞ്ഞു.

ഫാസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചുവന്ന പന്തിൽ കളിക്കുന്നതാകും ഉമ്രാന് കൂടുതൽ വെല്ലുവിളിയാകുക എന്ന് പത്താൻ പറഞ്ഞു. പക്ഷെ ഇപ്പോൾ, ഗുജ്ജാർ നഗറിൽ മകന്റെ 150 കിലോമീറ്റർ വേഗതയിലെ പ്രശസ്തി ആസ്വദിക്കുകയാണ്. “ദൈവം കരുണയുള്ളവനാണ്, എന്റെ മകൻ ഐപിഎല്ലിൽ കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഞാൻ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നു, ഇത് നമുക്കെല്ലാവർക്കും ഒരു സ്വപ്നമാണ്. ഇനി ഒരു ദിവസം അവൻ ഇന്ത്യയ്ക്കായി കളിക്കുന്നത് കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” പിതാവ് പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl debut jammu player gujjar nagar

Next Story
സാഫ് ചാമ്പ്യൻഷിപ്പ്: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് നിരാശ; ബംഗ്ലാദേശിനെതിരെ സമനിലindia vs bangladesh, india bangladesh saff, india saff championship, saff championship, indian football, football news, സാഫ് ചാമ്പ്യൻഷിപ്പ്, ഇന്ത്യ ബംഗ്ലാദേശ്, ഇന്ത്യ, ബംഗ്ലാദേശ്, ഫുട്ബോൾ, Malayalam Sports News, Sports Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com