ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ എഎസ് റോമയ്ക്കെതിരെ ഗോള്‍ നേടിയപ്പോള്‍ ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ആഘോഷിച്ചിരുന്നില്ല. തന്റെ മുന്‍ ടീമിനോടുളള ആദരവായിരുന്നു അത്. ഫുട്ബോള്‍ ലോകം പലപ്പോഴും ഇത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇന്ന് ഐപിഎല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്സ്-റോയല്‍ ചലഞ്ചേഴ്സ് മൽസരവും അത്തരത്തിലൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു.
ബെംഗളൂരു നായകന് വിരാട് കോഹ്ലിയുടെ വിക്കറ്റെടുത്ത ചെന്നൈ താരം രവീന്ദ്ര ജഡേജയുടെ മുഖഭാവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വിക്കറ്റ് ആഘോഷിക്കണോ വേണ്ടയോ എന്നറിയാതെ കൈ ഉയര്‍ത്തി നില്ക്കുന്ന ജഡേജയുടെ ചിത്രം ട്രെൻഡായി മാറിയിരിക്കുകയാണ്.
ജഡേജ എറിഞ്ഞ ആറാമത്തെ ഓവറിലെ ആദ്യ പന്തിലായിരുന്നു കോഹ്ലി പുറത്താകുന്നത്. അതിവേഗത്തില്‍ കോഹ്ലിയുടെ ഓഫ്സൈഡിലേക്ക് വന്ന പന്ത് പ്രതിരോധിക്കാനാകാതെ ഇന്ത്യന്‍ നായകന് പരുങ്ങി നിന്നപ്പോള്‍ പന്ത് സ്റ്റമ്പ് തെറിപ്പിച്ച് കടന്നു പോവുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാതെ കോഹ്ലി നിന്നപ്പോള്‍ വിക്കറ്റ് ആഘോഷിക്കാനായി കൈ ഉയര്‍ത്തിയ ജഡേജ ഒന്ന് ശങ്കിച്ച് നില്‍ക്കുകയായിരുന്നു.
ആഘോഷിക്കണോ വേണ്ടയോ എന്ന ഭാവത്തില്‍ നിന്ന ജഡേജ മുന്‍ ടീമിനെതിരെ ഗോള്‍ നേടിയ ഫുട്ബോള്‍ താരങ്ങളെ ഓർമപ്പെടുത്തുന്നതാണെന്നായിരുന്നു കമന്റേറ്റര്‍മാരുടെ പ്രതികരണം. എന്താണ് ജഡേജയുടെ മുഖത്ത് വിരിഞ്ഞ വ്യത്യസ്തമായ ഭാവത്തിന് പിന്നിലെന്ന ചിന്തയിലാണ് ആരാധകര്‍. ഒരു പന്തില്‍ എട്ട് റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം.
അതേസമയം, ബെംഗളൂരുവിനെതിരെ ജയിക്കാന്‍ ചെന്നൈയ്ക്ക് 128 റണ്‍സ് വേണം. ചെന്നൈ ബോളര്‍മാരുടെ കരുത്തു കണ്ട മൽസരത്തില്‍ ബെംഗളൂരു ചെറിയ സ്കോറിന് ഒതുങ്ങി പോവുകയായിരുന്നു. 53 റണ്‍സെടുത്ത പാര്‍ത്ഥിവ് പട്ടേലാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറര്‍.
36 റണ്‍സെടുത്ത ടിം സൗത്തി മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു ബെംഗളൂരു താരം. ചെന്നൈയ്ക്കായി ജഡേജ മൂന്നും ഹര്ഭജന് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.