IPL CSK vs DC: ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 80 റണ്‍സിന്റെ വിജയം. ചെന്നൈ ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി 99 റണ്‍സിന് പുറത്താവുകയായിരുന്നു. നായകന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചു നിന്നത്.

ശ്രേയസും ശിഖര്‍ ധവാനും ഒഴികെ ഡല്‍ഹി നിരിയിലാർക്കും രണ്ടക്കം പോലും കടക്കാനായില്ല. 100 റണ്‍സ് പോലും തികയ്ക്കാനാകാതെ പോയന്റ് പട്ടികയിലെ മുമ്പന്മാര്‍ വീണതോടെ ചെന്നൈ വീണ്ടും ഒന്നാമതെത്തി. നായകന്‍ ശ്രേയസ് അയ്യര്‍ 31 പന്തില്‍ 44 റണ്‍സ് നേടി. നാല് ഫോറും ഒരു സിക്‌സും ശ്രേയസ് അടിച്ചു. ധവാന്‍ 19 റണ്‍സാണെടുത്തത്.

നായകന്‍ പുറത്തായതോടെ ഡല്‍ഹിയുടെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. ഋഷഭ് പന്ത് അഞ്ച് റണ്‍സും പൃഥ്വി ഷാ നാല് റണ്‍സും മാത്രമാണെടുത്തത്. ഒന്നു പൊരുതാന്‍ പോലും ആരും കൂട്ടാക്കാതെ വന്നതോടെ ഡല്‍ഹി നാണം കെട്ട തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ചെന്നൈ ബോളര്‍മാരില്‍ തിളങ്ങിയത് നാല് വിക്കറ്റെടുത്ത ഇമ്രാന്‍ താഹിറാണ്. 12 റണ്‍സ് മാത്രം വിട്ടു കൊടുത്താണ് താഹിര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമായി ഒപ്പം നിന്നു. 16.2 ഓവറിലാണ് ഡല്‍ഹി പുറത്തായത്.

നേരത്തെ, നിശ്ചിത ഓവര്‍ ബാറ്റ് ചെയ്ത ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് നേടിയത്. മത്സരത്തിന് തൊട്ടു മുമ്പു വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് ഏറ്റവും വലിയ ആശങ്കകളായിരുന്നു നായകന്‍ എംഎസ് ധോണിയുടെ പനിയും ചിന്നത്തല സുരേഷ് റെയ്‌നയുടെ ഫോമില്ലായ്മയും. എന്നാല്‍ ചെന്നൈയുടെ ഇന്നിങ്‌സ് അവസാനിക്കുമ്പോഴേക്കും ഈ രണ്ട് ആശങ്കകളും കാറ്റില്‍പ്പറത്തിയിരിക്കുകയാണ് തലയും ചിന്നതലയും.

പനി കാരണം കഴിഞ്ഞ മത്സരത്തില്‍ നിന്നും വിട്ടു നിന്ന ധോണി ഇന്ന് കളിക്കാനിറങ്ങിയതോടെ ചെന്നൈയുടെ ആത്മവിശ്വാസം വര്‍ധിച്ചിട്ടുണ്ട്. അതേസമയം ബാറ്റു കൊണ്ട് മറുപടി പറഞ്ഞാണ് സുരേഷ് റെയ്‌ന മൈതാനം വിട്ടത്. 37 പന്തുകള്‍ നേരിട്ട സുരേഷ് റെയ്‌ന 59 റണ്‍സ് നേടി. എട്ട് ഫോറും ഒരു സിക്‌സുമടക്കമാണ് റെയ്‌നയുടെ പ്രകടനം. 159.45 സ്‌ട്രൈക്ക് റേറ്റിലായിരുന്നു റെയ്‌നയുടെ ഇന്നിങ്‌സ്.

ചെന്നൈയ്ക്ക് ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ നഷ്ടമായിരുന്നു. 9 പന്തുകള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാന്‍ വാട്‌സണിന് സാധിച്ചിരുന്നില്ല. എന്നാല്‍ റെയ്‌നയും ഡുപ്ലെസിസും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 41 പന്തുകളില്‍ നിന്നും 39 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. രണ്ട് ഫോറും രണ്ട് സിക്‌സും ഡുപ്ലെസിസ് അടിച്ചു. ഇരുവരും പുറത്തായതോടെ നായകന്‍ ധോണിയും ജഡേജയും ചെന്നൈയെ മുന്നോട്ട് കൊണ്ടു പോകാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.

വെറും 10 പന്തുകള്‍ മാത്രം നേരിട്ട ജഡേജ 25 റണ്‍സാണെടുത്തത്. രണ്ട് സിക്‌സും രണ്ട് ഫോറും സഹിതമായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്. അവസാന ഓവറുകളിലേക്ക് നീങ്ങവെ ധോണിയും ആക്രമണം ആരംഭിച്ചു. തുടരെ തുടരെ ബൗണ്ടറികള്‍ പായിച്ച ധോണി 22 പന്തില്‍ 44 റണ്‍സാണ് നേടിയത്. ഇതില്‍ നാല് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടും. ട്രെന്റ് ബോള്‍ട്ടെറിഞ്ഞ അവസാന ഓവറില്‍ ധോണി നേടിയത് 21 റണ്‍സാണ്.

ഡല്‍ഹി ബോളര്‍മാരില്‍ തിളങ്ങിയത് രണ്ട് വിക്കറ്റടുത്ത യുവതാരം ജഗദീഷ സുചിതാണ്. ക്രിസ് മോറിസ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഡല്‍ഹി ബോളര്‍മാരില്‍ ഏറ്റവും കൂടുതല്‍ പ്രഹരം കിട്ടിയത് ക്രിസ് മോറിസിനായിരുന്നു. നാല് ഓവര്‍ എറിഞ്ഞ മോറിസ് 47 റണ്‍സാണ് വഴങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook