ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളാണ് എം.എസ്.ധോണിയും കേദാർ ജാദവും. കഴിഞ്ഞ ദിവസം കേദാർ ജാദവിന്റെ പിറന്നാൾ ആഘോഷം ചെന്നൈ ക്യാംപിൽ നടന്നു. ഫീൽഡിൽ ജാദവിന്റെ സഹായത്തിന് എത്താറുളള ചെന്നൈ നായകൻ എം.എസ്.ധോണി പിറന്നാൾ ദിനത്തിൽ ബെർത്ത്ഡേ ബോയ് ജാദവിനെ കയ്യൊഴിഞ്ഞു.

സഹതാരങ്ങൾ ജാദവിനെ കേക്കിൽ കുളിപ്പിച്ചപ്പോൾ ധോണി മാറിനിന്ന് കണ്ട് ആസ്വദിക്കുകയായിരുന്നു. കുഞ്ഞു കുട്ടികളെപ്പോലെ നിനക്ക് അതുതന്നെ വേണമെന്നു പറയുന്നതുപോലെ ധോണി കൈ കൊണ്ട് ആംഗ്യം കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ജാദവിന് അടുത്തേക്ക് പോകാതെ മാറിനിന്ന ധോണി ഫൊട്ടോ എടുക്കാൻ മാത്രമാണ് പോയത്. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഐപിഎല്ലിൽ തുടർച്ചയായ രണ്ടു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഒപ്പമാണ് ചെന്നൈ സൂപ്പർ കിങ്സ്. ആദ്യ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴു വിക്കറ്റിനാണ് ചെന്നൈ തോൽപ്പിച്ചത്. രണ്ടാം മത്സരത്തിൽ ആറു വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു.

രണ്ടാം മത്സരത്തിൽ നാലാം വിക്കറ്റിൽ ധോണിയുടെയും ജാദവിന്റെയും കൂട്ടുകെട്ടിലൂടെ നേടിയ 48 റൺസിനാണ് ചെന്നൈ ജയത്തിന് നിർണായകമായത്. ഞായറാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook