കൊറോണ വൈറസിനെ തുടർന്ന് 2020 എഡിഷനിലെ ഐപിഎൽ സീസൺ ഉപേക്ഷിക്കേണ്ടി വന്നാൽ ബിസിസിഐയ്ക്ക് അത് വലിയ തിരിച്ചടിയാകും. 2,000 കോടിയുടെ നഷ്ടമായിരിക്കും ഇതിലൂടെ ബിസിസിഐയ്ക്കുണ്ടാവുക.
രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് മാർച്ച് 29 ന് നടക്കേണ്ടിയിരുന്ന ഐപിഎൽ ഏപ്രിൽ 15 ലേക്ക് മാറ്റിയിരുന്നു. ഏപ്രിൽ 14 നാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ അവസാനിക്കുക. ഈ സാഹചര്യത്തിൽ ഏപ്രിൽ 15 ന് ഐപിഎൽ തുടങ്ങാനാവുമോയെന്നത് സംശയകരമാണ്. അതേസമയം, ടൂർണമെന്റ് റദ്ദാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ബിസിസിഐ എടുത്തിട്ടില്ല.
സീസൺ വെട്ടിച്ചുരുക്കുന്നതിനെക്കുറിച്ചും 2020 ന്റെ അവസാന പകുതിയിലേക്ക് മാറ്റുന്നതിനെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ബിസിസിഐയ്ക്ക് 2,000 കോടി രൂപയുടെ നഷ്ടമുണ്ടായാൽ അത് നികത്തുന്നതിന്, കളിക്കാരുടെ ശമ്പളം ഒരു പരിധിവരെ വെട്ടിക്കുറയ്ക്കേണ്ടിവരും.
Read Also: സച്ചിൻ പുറത്ത്; ഷെയ്ൻ വോണിന്റെ ഇന്ത്യൻ ഐപിഎൽ ടീമിൽ ഇടംപിടിച്ച് രണ്ട് സർപ്രൈസ് താരങ്ങൾ
ബിസിസിഐയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായാൽ കളിക്കാരുടെ ശമ്പളത്തെയും ബാധിക്കും. അവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും സാധ്യതയുണ്ടെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ബിസിസിഐയുടെ വരുമാനത്തിന്റെ 26 ശതമാനം കളിക്കാർക്കാണ്. 13 ശതമാനം രാജ്യാന്തര താരങ്ങൾക്കും ബാക്കിയുള്ളവ ജൂനിയർ, ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്കുമാണ്. പ്രതിവർഷം ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്കായി 70 കോടിയും രാജ്യാന്തര താരങ്ങൾക്കായി 150 കോടിയും ബിസിസിഐ അനുവദിക്കുന്നതായാണ് വിവരം. ഐപിഎൽ ഉപേക്ഷിച്ചാൽ ബിസിസിഐയ്ക്ക് കനത്ത നഷ്ടമായിരിക്കും ഉണ്ടാവുക. രാജ്യാന്തര താരങ്ങളുടെ വരുമാനത്തിലും ഇതുമൂലം കുറവുണ്ടാകും.
ഐപിഎൽ ഉപേക്ഷിച്ചാൽ കളിക്കാർക്ക് രണ്ടു രീതിയിലായിരിക്കും നഷ്ടമുണ്ടാവുക. സെൻട്രൽ കരാറുകളും അതിനുപുറമേ അവരവരുടെ ഫ്രാഞ്ചൈസികളുമായുള്ള ശമ്പളത്തിലെ വെട്ടിച്ചുരുക്കലും. അതേസമയം, ഐപിഎൽ മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്തണമെന്നും വിദേശതാരങ്ങളെ ഒഴിവാക്കി നടത്തണമെന്നുളള പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്.