കാൺപൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ വാതുവെപ്പ് വിവാദങ്ങൾ അവസാനിക്കുന്നില്ല. കാൺപൂരിൽ വാതുവെപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതോടെയാണ് വീണ്ടും ഒത്തുകളി സംശയം ഐപിഎല്ലിലെ ബാധിച്ചിരിക്കുന്നത്. ഇവർക്ക് രണ്ട് ഗുജറാത്ത് ലയൺസ് താരങ്ങളുമായി ബന്ധമുണ്ടോയെന്ന് കാൺപൂർ പൊലീസ് സംശയിക്കുന്നതായാണ് റിപ്പോർട്ടുകൾ.

വ്യവസായിയായ രമേഷ് നയൻ ഷാ, ഇയാളുടെ സഹായികളായ രമേഷ് കുമാർ, വികാസ് കുമാർ എന്നിവരാണ് പൊലീസ് പിടിയിലായത്. ഗുജറാത്ത് ലയൺസ്, ഡൽഹി ഡെയർ ഡെവിൾസ് ടീമുകൾ താമസിച്ചിരുന്ന അതേ ഹോട്ടലിൽ തന്നെയാണ് ഇവരും താമസിച്ചിരുന്നത്. പിടിയിലായവരിൽ നിന്നും 40 ലക്ഷത്തോളം രൂപയും കണ്ടെടുത്തിട്ടുണ്ട്.

പിടിയിലായ മൂന്നു പേരും ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നെന്ന് ബിസിസിഐ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. രണ്ട് ഗുജറാത്ത് ലയൺസ് താരങ്ങൾക്ക് പിടിയിലായവരുമായി ബന്ധമുണ്ടെന്ന് കാൺപൂർ പൊലീസ് അറിയിച്ചു. എന്നാൽ വാതുവെപ്പുകാരും കളിക്കാരും തമ്മിലുള്ള ബന്ധത്തിന് സ്ഥിരീകരണമില്ല. വാതുവെപ്പ് വിവാദങ്ങളെ തുടർന്ന് ചെന്നൈ സൂപ്പർ കിങ്ങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ രണ്ട് വർഷത്തേക്ക് ഐപിഎല്ലിൽ നിന്ന് വിലക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook