ജയ്‌പൂര്‍: ഐപിഎല്‍ താരലേലത്തിന് തുടക്കമായി. വമ്പന്‍ താരങ്ങളേക്കാള്‍ അടിസ്ഥാന വില കുറവുളള താരങ്ങള്‍ക്കാണ് ഒന്നാം ഘട്ട ലേലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. അതേസമയം, ഇന്ത്യയുടെ ലോകകപ്പ് ഹീറോയും ഇതിഹാസ താരവുമായ യുവരാജ് സിങ്ങിനെ ആരും വാങ്ങിയില്ല. കഴിഞ്ഞ തവണ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന യുവരാജിന് ഒരു കോടിയായിരുന്നു അടിസ്ഥാന വില. എന്നാല്‍ താരത്തെ വാങ്ങാന്‍ ആരും കൂട്ടാക്കിയില്ല.

ഇന്ത്യന്‍ ടീമില്‍ നിന്നും ഏറെ നാളുകളായി യുവരാജ് പുറത്താണ്. ആഭ്യന്തര ക്രിക്കറ്റിലും യുവരാജിന് തിളങ്ങാനായിരുന്നില്ല. ഇതോടെയാണ് താരത്തിന് ലേലത്തില്‍ എടുക്കാന്‍ ആരും തയ്യാറാകാതെ വന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരവിന് ശ്രമിക്കുന്ന യുവിക്ക് ഇത് കനത്ത തിരിച്ചടിയാകും. യുവിയെ കൂടാതെ പ്രമുഖ താരങ്ങളായ ബ്രണ്ടന്‍ മക്കല്ലം, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവരേയും വാങ്ങാന്‍ ആരുമുണ്ടായില്ല.

വിന്‍ഡീസ് താരങ്ങളും ഇന്ത്യന്‍ യുവതാരങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ നേട്ടമുണ്ടാക്കിയത്. വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ബ്രാത്ത്‌വയറ്റിനെ അഞ്ച് കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു അടിസ്ഥാന വില. മറ്റൊരു വിന്‍ഡീസ് താരമായ ഹെറ്റ്മയറിനെ 4.20 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവും സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹനുമ വിഹാരിയെ രണ്ട് കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി.

ഇന്ത്യന്‍ താരങ്ങളില്‍ ആദ്യ ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിച്ചത് ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനാണ്. പട്ടേലിനെ അഞ്ച് കോടി നല്‍കിയാണ് ഡല്‍ഹി സ്വന്തമാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ