ബെംഗലൂരു: ഐപിഎൽ താരലേലത്തെ കുറിച്ചുളള ചർച്ചകൾ ലോകകപ്പിൽ പങ്കെടുക്കുന്ന അണ്ടർ 19 ഇന്ത്യൻ ക്യാംപിൽ പൊടിപൊടിക്കുകയാണ്. താരങ്ങളുടെയെല്ലാം ചർച്ച ഒന്നുതന്നെ. ഇത്തവണ നമ്മളിലാരെങ്കിലും ഉണ്ടാകുമോ എന്ന് മാത്രം. കോച്ച് രാഹുൽ ദ്രാവിഡ് ഈ സമയത്താണ് ഏറ്റവും സുപ്രധാനമായ ഉപദേശം അവർക്ക് നൽകിയത്. “ലേലം ഓരോ വർഷവും നടക്കുന്നതാണ്. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് കിട്ടേണ്ടത് കിട്ടും. ഇപ്പോൾ ഇവിടുത്തെ കളിയെ കുറിച്ച് ചിന്തിക്കൂ”, ദ്രാവിഡിന്റെ ഈ വാക്കുകൾ താരങ്ങളെ ഗൗരവമുളളവരാക്കി.

പക്ഷെ പ്രതീക്ഷിച്ചത് തന്നെയാണ് സംഭവിച്ചത്. അണ്ടർ 19 ടീമിലെ കമലേഷ് നാഗർലോട്ടി ഇപ്പോൾ കോടിപതിയാണ്. അതുപോലെത്തന്നെയാണ് പൃഥ്വി ഷായും ഷുബ്‌മാൻ ഗില്ലും. പാക്കിസ്ഥാനെതിരായ സെമിഫൈനൽ മത്സരത്തിനൊരുങ്ങുന്ന താരങ്ങളോട് മത്സരത്തിന്റെ പ്രധാന്യം ഒന്നുകൂടിി ഓർമ്മപ്പെടുത്തേണ്ട നിലയിലാണ് ദ്രാവിഡ്. ഇന്നും അണ്ടർ 19 താരങ്ങൾ ലേലത്തിലുണ്ട്.

കമലേഷ് നാഗർലോടിയുടെ അടിസ്ഥാന വില 20 ലക്ഷമായിരുന്നു. പക്ഷെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 3.2 കോടി രൂപയ്ക്കാണ് താരത്തെ വാങ്ങിയത്. കൗമാര ലോകകപ്പിൽ ശരാശരി 145 കിലോമീറ്റർ വേഗതയിലാണ് താരം പന്തെറിയുന്നത്. ഇതാണ് കമലേഷിന്റെ മൂല്യം വർദ്ധിപ്പിച്ചത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 149 കിമീ വേഗതയിൽ വരെ താരം പന്തെറിഞ്ഞു.

Read More: ഐപിഎൽ താരലേലം; ഇവർ ഏറ്റവും മൂല്യമേറിയ താരങ്ങൾ

സെലക്ടർമാരോടും വിരാട് കോഹ്ലിയോടും നാഗർലോട്ടിയെ ശ്രദ്ധിക്കാൻ പറഞ്ഞ സൗരവ് ഗാംഗുലിയുടെ താത്പര്യം തന്നെയാണ് താരത്തിന് കൊൽക്കത്തയിലേക്ക് വഴിതുറന്നത്.

അണ്്ടർ 19 ടീം നായകൻ പൃഥ്വി ഷായും ഭാവിയിലെ താരമെന്ന ഖ്യാതി ഇപ്പോൾ തന്നെ നേടിക്കഴിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അഞ്ച് സെഞ്ചുറികൾ നേടിയ താരം, ഈ ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാമത്തെ മികച്ച റൺ വേട്ടക്കാരനാണ്. ഡൽഹി ഡയർഡെവിൾസ് 1.2 കോടിക്കാണ് അണ്ടർ 19 ടീം ക്യാപ്റ്റനെ സ്വന്തമാക്കിയത്.

അണ്ടർ 19 ലോകകപ്പിൽ മൂന്ന് അർദ്ധസെഞ്ച്വറികളാണ് നാല് മത്സരങ്ങളിൽ നിന്ന് ഷുബ്‌മാൻ ഗിൽ നേടിയത്. ഇന്ത്യയുടെ ലോകകപ്പിലെ മികച്ച റൺ വേട്ടക്കാരനായും ഗിൽ മാറി. അടിസ്ഥാന വിലയായ 20 ലക്ഷത്തിൽ തുടങ്ങിയ ലേലത്തിൽ 1.8 കോടി രൂപയ്ക്ക് കൊൽക്കത്ത തന്നെയാണ് ഗില്ലിനെയും സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ