scorecardresearch
Latest News

IPL Auction 2023 Updates: സാം കറണിന് 18.5 കോടി; മലയാളി താരം വിഷ്ണു വിനോദ് സച്ചിന്റെ തട്ടകത്തിലേക്ക്

കറണായി മുന്‍ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും സജീവമായി ലേലത്തിലുണ്ടായിരുന്നു.

IPL Auction 2023 Updates: സാം കറണിന് 18.5 കോടി; മലയാളി താരം വിഷ്ണു വിനോദ് സച്ചിന്റെ തട്ടകത്തിലേക്ക്

കൊച്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ താരമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറണ്‍. കൊച്ചിയില്‍ നടക്കുന്ന താര ലേലത്തില്‍ 18.5 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സാണ് സാം കറണിനെ സ്വന്തമാക്കിയത്. കറണായി മുന്‍ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും സജീവമായി ലേലത്തിലുണ്ടായിരുന്നു.

മലയാളി താരം വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് വിഷ്ണുവിനെ മുന്‍ ചാമ്പ്യന്മാര്‍ ടീമിലെത്തിച്ചത്. സ്കോറിങ്ങിന് വേഗം കൂട്ടാന്‍ കെല്‍പ്പുള്ള താരമായ വിഷ്ണുവിനെ ഫിനിഷിങ് റോളിലുമുപയോഗിക്കാന്‍ കഴിയും.

ലേലത്തിലേയും ഐപിഎല്‍ ചരിത്രത്തിലേയും രണ്ടാമത്തെ വലിയ തുകയ്ക്ക് വിറ്റ് പോയത് ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനാണ്. 17.5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സാണ് ഗ്രീനിനെ ടീമിലെത്തിച്ചത്. സ്റ്റാര്‍ ഓള്‍ റൗണ്ടറും ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനുമായ ബെന്‍ സ്റ്റോക്സിനെ 16.25 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി.

ലേലത്തില്‍ വലിയ വില പേശല്‍ നടന്നത് ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനായായിരുന്നു. രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദുമായിരുന്നു ഹാരിക്കായി കളത്തിലുണ്ടായിരുന്നത്. ഒടുവില്‍ 13.25 കോടിക്ക് ഹൈദരബാദ് ഹാരിയെ നേടി. മുന്‍ പഞ്ചാബ് കിങ്സ് നായകന്‍ മായങ്ക് അഗര്‍വാളിനേയും ഹൈദരാബാദ് ടീമിലെത്തിച്ചു (8.25 കോടി).

ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ അടുത്ത സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കളിക്കും. രണ്ട് കോടി രൂപയ്ക്കാണ് ഗുജറാത്തി വില്യംസണിനെ ടീമിലെത്തിച്ചത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ നാളായി അവസരം ലഭിക്കാത്ത ഇന്ത്യയുടെ മുതിര്‍ന്ന താരം അജിങ്ക്യ രഹാനയെ ചെന്നൈ സൂപ്പര്‍ കിങ്സ് 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെറ്റ് ബാറ്റര്‍ നിക്കോളാസ് പൂരാന്‍ 16 കോടി രൂപയ്ക്ക് ലഖ്നൈ സൂപ്പര്‍ ജയന്റ്സിലെത്തി. പൂരാന്റെ അടിസ്ഥാന വില കേവലം രണ്ട് കോടി മാത്രമായിരുന്നു. ഹെയിന്‍റിച്ച് ക്ലാസനെ 5.25 കോടി രൂപയ്ക്ക് ടീമിലെത്തിക്കാന്‍ ഹൈദരാബാദിനായി. ഇന്ത്യന്‍ പേസര്‍മാരായ ജയദേവ് ഉനദ്കട്ട്, ഇഷാന്ത് ശര്‍മ എന്നിവരെ യഥാക്രമം ലഖ്നൗ, ഡല്‍ഹി ടീമുകള്‍ സ്വന്തമാക്കി. 50 ലക്ഷം രൂപയാണ് ഇരുവര്‍ക്കും ലഭിച്ചത്.

പേസ് ബോളര്‍ ജെയ് റിച്ചാര്‍ഡ്സണിനെ 1.5 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചു. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദിനായി രണ്ട് കോടി രൂപയാണ് ഹൈദരാബാദ് മുടക്കിയത്. അകൈല്‍ ഹുസൈന്‍ (വെസ്റ്റ് ഇന്‍ഡീസ്), ആദം സാമ്പ (ഓസ്ട്രേലിയ), ഷംസി (ദക്ഷിണാഫ്രിക്ക), മുജീബ് റഹ്മാന്‍ (അഫ്ഗാനിസ്ഥാന്‍) എന്നീ സ്പിന്നര്‍മാര്‍ അണ്‍സോള്‍ഡായി.

273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളും ഉള്‍പ്പെടെ 405 കളിക്കാരാണ് ലേലത്തില്‍ എത്തുന്നത്. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യു എഡ്മിഡ്‌സ് കൊച്ചിയിലെത്തി. ഇത്തവണ 10 മലയാളി താരങ്ങളാണ് താര ലേലത്തില്‍ പ്രതീക്ഷ അള്‍പ്പിക്കുന്നത്. 87 താരങ്ങളാണ് ലേലത്തിലെത്തുക 10 ഐപിഎല്‍ ടീമുകളില്‍ എത്തുക.

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച കോഴിക്കോട് കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്.കുന്നുമ്മലും ലേത്തിലെ താരങ്ങളുടെ പട്ടികയിലുണ്ട്. രോഹന്‍ കുന്നുമ്മലിന് പുറഗെ, മുഹമ്മദ് അസ്ഹറുദ്ദീന്‍, കെ എം ആസിഫ്, എസ് മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അബ്ദുല്‍ ബാസിദ് എന്നിവരും ലേലത്തിലെത്തുന്ന മലയാളി താരങ്ങളുടെ പട്ടികയിലുണ്ട്.

1.5 കോടി രൂപ അടിസ്ഥാന വിലയില്‍ വരുന്നത് 10 കളിക്കാരാണ്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി ടാഗില്‍ വരുന്നത് 21 കളിക്കാരാണ്. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, ഇംഗ്ലണ്ടിന്റെ ട്വന്റി-20 ലോകകിരീടത്തിലേക്ക് നയിച്ച ബെന്‍ സ്റ്റോക്ക്‌സ്, സാം കറന്‍ എന്നിവര്‍ക്ക് വേണ്ടി ലേലത്തില്‍ പോരാട്ടം കനക്കും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ipl auction today