IPL Auction: ഐപിഎൽ താരലേലത്തിനായുളള അന്തിമ പട്ടിക ബിസിസിഐ പുറത്തുവിട്ടിരുന്നു. 292 താരങ്ങളാണ് അന്തിമ പട്ടികയിലുളളത്. സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, എംഡി നിധീഷ്, കരുൺ നായർ, വിഷ്ണു വിനോദ് എന്നീ മലയാളികളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ മലയാളി താരം ശ്രീശാന്ത് അന്തിമ പട്ടികയിലില്ല.
കരുൺ നായർ: കർണാടകത്തിന്റെ മലയാളി താരമായ കരുൺ ഇതിനോടകം തന്നെ ഐപിഎല്ലിൽ തന്റെ സാന്നിധ്യം അറിയിച്ച താരമാണ്. കിങ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ഡെയർഡെവിൾസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളുടെ ഭാഗമായിരുന്ന കരുൺ നിരവധി ഐപിഎൽ മത്സരങ്ങളിൽ കളിച്ച പരിചയസമ്പത്തുമായാണ് എത്തുന്നത്.
അടിസ്ഥാന വില: 50 ലക്ഷം
സച്ചിൻ ബേബി: ഏറെക്കാലമായി ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണെങ്കിലും ഐപിഎല്ലിൽ തിളങ്ങാൻ ഇതുവരെ സച്ചിൻ ബേബിക്ക് സാധിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുടെ ഭാഗമായിരുന്നെങ്കിലും പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. കേരള ടീം നായകൻ കൂടിയായ സച്ചിൻ ഇത്തവണത്തെ താരലേലത്തിൽ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്.
അടിസ്ഥാന വില: 20 ലക്ഷം.
മുഹമ്മദ് അസ്ഹറുദീൻ: സയിദ് മുഷ്താഖ് അലി ട്രോഫിയിലെ അതിവേഗ സെഞ്ചുറിയിലൂടെ മുതിർന്ന താരങ്ങളുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും വരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സെഞ്ചുറിക്ക് ശേഷമുള്ള ആദ്യ ഐപിഎൽ താരലേലത്തിൽ അസ്ഹറുദീനും വലിയ പ്രതീക്ഷയാണുള്ളത്. 2015 മുതൽ കേരള ടീമിന്റെ ഭാഗമാണ് ഈ കാസർഗോഡുകാരൻ.
അടിസ്ഥാന വില: 20 ലക്ഷം രൂപ.
വിഷ്ണു വിനോദ്: കഴിഞ്ഞ രഞ്ജി ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ചവച്ച വിഷ്ണു വിനോദാണ് പട്ടികയിലെ മറ്റൊരു മലയാളി സാന്നിധ്യം. ആഭ്യന്തര ക്രിക്കറ്റിലെ മികവ് ഐപിഎല്ലിലും ആവർത്തിക്കാൻ വിഷ്ണുവിനും അവസരം ലഭിക്കുമോയെന്നാണ് അറിയേണ്ടത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് വിഷ്ണു. ഒരു തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിഷ്ണുവിനെ സ്വന്തമാക്കിയിരുന്നു.
Read More: IPL Auction: ഐപിഎൽ താര ലേലം: ശ്രീശാന്ത് പുറത്ത്: അന്തിമ പട്ടികയിൽ 292 താരങ്ങൾ
അടിസ്ഥാന വില: 20 ലക്ഷം
മിഥുൻ സുദേശൻ: കേരളത്തിൽ നിന്നുള്ള മറ്റൊരു ബോളറാണ് മിഥുൻ. 2018ൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരുന്ന മിഥുൻ ഒരു തവണ ടീമിനായി കളിക്കുകയും ചെയ്തിരുന്നു.
അടിസ്ഥാന വില: 20 ലക്ഷം.
ജലജ് സക്ഷേന: മധ്യപ്രദേശിൽ നിന്നുള്ള കേരള താരമാണ് ജലജ് സക്ഷേന. ഏറെക്കാലമായി ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന സക്ഷേന മികച്ച ഓൾറൗണ്ടറാണ്. അടുത്തിടെ നടന്ന സയിദ് മുഷ്താഖ് അലി ട്രോഫിയിലും താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളുടെ ഭാഗമായിരുന്നെങ്കിലും ഐപിഎല്ലിൽ താരത്തിന് വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല.
അടിസ്ഥാന വില: 30 ലക്ഷം
എം.ഡി.നിധീഷ്: കേരളത്തിന്റെ മിന്നും പേസർമാരിൽ ഒരാളാണ് എം.ഡി.നിധീഷ് . 2017 മുതൽ കേരള ടീമിന്റെ ഭാഗമായ നിധീഷ് 2018ൽ മുംബൈ ഇന്ത്യൻസിൽ എത്തിയിരുന്നു. എന്നാൽ താരത്തിനും അവസരം ലഭിച്ചില്ല. കോട്ടയം ചെമ്പ് സ്വദേശിയാണ് നിധീഷ്.
അടിസ്ഥാന വില: 20 ലക്ഷം
നിലവിൽ വിവിധ ക്ലബ്ബുകളുടെ ഭാഗമായിരിക്കുന്ന മലയാളി താരങ്ങളെയെല്ലാം വിവിധ ക്ലബ്ബുകൾ നിലനിർത്തിയിട്ടുണ്ട്. ഒപ്പം ഏറെ അഭിമാനിക്കാവുന്ന നേട്ടവുമായി സഞ്ജു സാംസണിന്റെ നായകത്വവും. ഏറെക്കാലമായി രാജസ്ഥാൻ റോയൽസിന്റെ ഭാഗമായിരിക്കുന്ന സഞ്ജുവിനെ കഴിഞ്ഞ ദിവസമാണ് ക്ലബ് നായകനായി പ്രഖ്യാപിച്ചത്. കഴിഞ്ഞ സീസണിൽ സ്മിത്തായിരുന്നു രാജസ്ഥാൻ ക്യാപ്റ്റൻ.
ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായിരിക്കുന്ന കെ.എം.ആസിഫിനെ ഇത്തവണയും ടീം നിലനിർത്തിയിട്ടുണ്ട്. ഇതുവരെ കാര്യമായ അവസരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും സന്ദീപ് വാര്യറെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബേസിൽ തമ്പിയെ സൺറൈസേഴ്സ് ഹൈദരാബാദും ടീമിനൊപ്പം നിലനിർത്തി.