ജയ്‌പൂര്‍: ഐപിഎല്‍ താര ലേലത്തിന്റെ രണ്ടാം ഘട്ടം പിന്നിടുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വില ലഭിച്ചത് ജയ്‌ദേവ് ഉനദ്കട്ടിന്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് തുകയായ 11.5 കോടിക്ക് വാങ്ങിയ ഉനദ്കട്ടിനെ ഇക്കൊല്ലം 8.4 കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് വീണ്ടും സ്വന്തമാക്കി. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ 4.8 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. മലിംഗയെ രണ്ട് കോടിക്ക് മുംബൈ വീണ്ടും തങ്ങളുടെ പാളയത്തിലെത്തിച്ചു. ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ അഞ്ച് കോടി നല്‍കിയാണ് ഡല്‍ഹി സ്വന്തമാക്കിയത്.

വമ്പന്‍ താരങ്ങളേക്കാള്‍ അടിസ്ഥാന വില കുറവുളള താരങ്ങള്‍ക്കാണ് ഒന്നാം ഘട്ട ലേലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. അതേസമയം, ഇന്ത്യയുടെ ലോകകപ്പ് ഹീറോയും ഇതിഹാസ താരുവമായ യുവരാജ് സിങ്ങിനെ ആരും വാങ്ങിയില്ല. കഴിഞ്ഞ തവണ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന യുവരാജിന് ഒരു കോടിയായിരുന്നു അടിസ്ഥാന വില. എന്നാല്‍ താരത്തെ വാങ്ങാന്‍ ആരും കൂട്ടാക്കിയില്ല.

ഇന്ത്യന്‍ ടീമില്‍ നിന്നും നാളുകളായി യുവരാജ് പുറത്താണ്. ആഭ്യന്തര ക്രിക്കറ്റിലും യുവരാജിന് തിളങ്ങാനായിരുന്നില്ല. ഇതോടെയാണ് താരത്തിന് ലേലത്തില്‍ എടുക്കാന്‍ ആരും തയ്യാറാകാതെ വന്നത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരവിന് ശ്രമിക്കുന്ന യുവിക്ക് ഇത് കനത്ത തിരിച്ചടിയാകും. യുവിയെ കൂടാതെ പ്രമുഖ താരങ്ങളായ ബ്രണ്ടന്‍ മക്കല്ലം, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവരേയും വാങ്ങാന്‍ ആരുമുണ്ടായില്ല.

വിന്‍ഡീസ് താരങ്ങളും ഇന്ത്യന്‍ യുവതാരങ്ങളുമാണ് ആദ്യ ഘട്ടത്തില്‍ നേട്ടമുണ്ടാക്കിയത്. വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ബ്രാത്ത്‌വയറ്റിനെ അഞ്ച് കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു അടിസ്ഥാന വില. മറ്റൊരു വിന്‍ഡീസ് താരമായ ഹെറ്റ്മയറിനെ 4.20 കോടിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹനുമ വിഹാരിയെ രണ്ട് കോടിക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സ് സ്വന്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ