ഐപിൽ താരലേലത്തിൽ ഇത്തവണ ഉണ്ടായിരുന്നത് 578 താരങ്ങളാണ്. എട്ട് ഫ്രാഞ്ചൈസികൾ പങ്കെടുത്ത ലേലത്തിൽ ആകെ 187 താരങ്ങളാണ് വിറ്റുപോയത്. ഫ്രാഞ്ചൈസി ഉടമകൾ തങ്ങൾ ഉദ്ദേശിച്ച താരങ്ങളെ കിട്ടാൻ മൽസരിച്ച് ലേലത്തിൽ പങ്കെടുത്തതോടെ താരവിപണിയിൽ 400 കോടി രൂപയാണ് ചിലവഴിക്കപ്പെട്ടത്.

എന്നാൽ ഈ താരലേല രീതിയെ അത്ര ശുഭകരമായല്ല ന്യൂസിലൻഡ് ക്രിക്കറ്റ് പ്ലേയേഴ്സ് അസോയിയേഷൻ നോക്കിക്കണ്ടത്. താരലേലം വെറുപ്പുളവാക്കുന്നതും കന്നുകാലി ചന്ത പോലെയാണെന്നുമാണ് അസോസിയേഷൻ ചീഫ് എക്സിക്യുട്ടീവ് ഹെത് മിൽസ് വിമർശിച്ചത്.

മുഴുവൻ സമ്പ്രദായവും അതിപുരാതനവും പ്രൊഫഷണൽ രീതികൾക്ക് യോജിക്കാത്തതുമാണെന്നാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. വെല്ലിങ്ടൺ ക്രിക്കറ്റ് എക്സിക്യുട്ടീവും താരലേലത്തെ വിമർശിച്ചു.

“മാന്യതയില്ലാത്തതും ക്രൂരവും തൊഴിലിന് നിരക്കാത്തതുമാണ് ഈ രീതി”, എന്ന് വെല്ലിങ്ടൺ ക്രിക്കറ്റ് എക്സിക്യുട്ടീവ് തന്റെ ട്വീറ്റിൽ കുറിച്ചു.

ഇഎസ്‌പിഎൻ ക്രിക് ഇൻഫോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹെത് മിൽസ് ഐപിഎല്ലിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

“കളിക്കാർ ലേലത്തിൽ എത്തുന്നത് എങ്ങോട്ട് പോകും എന്ന് അറിയാതെയാണ്. ആരായിരിക്കും സഹതാരങ്ങളെന്നോ, ആരായിരിക്കും മാനേജർമാരെന്നോ, ആരായിരിക്കും ഉടമകളെന്നോ എന്നൊന്നും അവർക്ക് അറിയാൻ സാധിക്കില്ല”, മിൽസ് ചൂണ്ടിക്കാട്ടി. “മറ്റൊരു കായിക മേഖലയിലും ഇത്തരമൊരു രീതി പിന്തുടരുന്നില്ല”, അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഐപിഎൽ ക്രിക്കറ്റിന്റെ പ്രചാരം വളരെയേറെ വർദ്ധിപ്പിച്ചിട്ടുണ്ട്. അനേകം ഗുണവശങ്ങളുണ്ട്. അതിനെ തളളിക്കളയുന്നില്ല. എന്നാൽ കളിക്കാരെ പങ്കെടുപ്പിക്കുന്ന രീതി അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ്. കന്നുകാലി ചന്ത പോലെയാണ് അത് അനുഭവപ്പെടുന്നത്” അഭിമുഖത്തിൽ അദ്ദേഹം നിലപാട് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ