ഐപിഎൽ താരലേലത്തിൽ എല്ലാവരുടേയും കണ്ണ് തള്ളിക്കുന്നതായിരുന്നു ടൈമൽ മിൽസ് എന്ന ഇംഗ്ലണ്ടുകാരന് ലഭിച്ച തുക. എല്ലാ ടീമുകളും ടൈമൽ മിൽസിനായി മത്സരിച്ചതോടെ വില കുത്തനെ ഉയർന്നു. എന്നാൽ ടൈമൽ മിൽസിനായി അവസാന നിമിഷം രംഗത്ത് എത്തിയ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് 12 കോടി വാഗ്ദാനം ചെയ്തതോടെ മറ്റ് ടീമുകൾ പിന്മാറി. ഐപിഎൽ താരലേല ചരിത്രത്തിൽ ഒരു ബോളർ സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ടൈമൽ മിൽസിന് ലഭിച്ചത്. കഴിഞ്ഞ വർഷം കൈവിട്ട കിരീടം പിടിക്കാൻ കച്ചകെട്ടുന്ന വിരാട് കോഹ്‌ലിയുടെ സംഘത്തിലെ പ്രധാന ബോളർ ടൈമൽ മിൽസ് തന്നെയായിരിക്കും.
പരിചയപ്പെടാം ടൈമൽ മിൽസിനെ
ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിലൂടെ ഉയർന്നു വന്ന താരമാണ് ടൈമൽ സോളമൻ മിൽസ്. കൗണ്ടി ക്ലബായ സസക്‌സിലൂടെ കളി ആരംഭിച്ച കഴിഞ്ഞ വർഷമാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിക്കുന്നത്. സ്വന്തം നാട്ടിൽ ശ്രീലങ്കയ്ക്ക് എതിരെ നടന്ന പരന്പരയിലാണ് മിൽസ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. അന്താരാഷ്ട്ര തലത്തിൽ നാലു മത്സരങ്ങൾ മാത്രം കളിച്ച മിൽസ് മൂന്നു വിക്കറ്റുകൾ മാത്രമാണ് നേടിയത്. എന്നാൽ ടൈമൽ മിൽസിന്രെ കഴിവിനെപ്പറ്റി ക്രിക്കറ്റ് നിരൂപകർ പുകഴ്ത്തി. ട്വന്റി-20 ക്രിക്കറ്റിൽ റൺസ് വഴങ്ങുന്നതിൽ പിശുക്കനായ ടൈമൽ മികച്ച നിയന്ത്രണത്തിലാണ് പന്തെറിയുന്നത്.
ഫെബ്രുവരി ആദ്യം ഇന്ത്യക്ക് എതിരെ നടന്ന ട്വന്റി-20 മത്സരത്തിലെ പ്രകടനം തന്നെയാണ് മിൽസിനെ ഐപിഎൽ ടീമുകളുടെ ഇഷ്ടതാരമാക്കിയത്. കൃത്യതയാർന്ന സ്ലോബോളുകളും 145 കിലോ മീറ്റർ ശരാശരി വേഗത്തിൽ പന്തെറിയുകയും ചെയ്യുന്ന മിൽസിന്റെ പ്രകടനത്തിനായി ഐപിഎൽ ആരാധകർ കാത്തിരിക്കുകയാണ്.