ഐപിഎൽ താരലേലം ഒരു വിപുലമായ പ്രക്രിയയാണ്, അതിൽ കളിക്കാരെ കണ്ടെത്തുക, നിരീക്ഷിക്കുക, വിശകലനം ചെയ്യുക, വിലയിരുത്തുക എന്നിവ ഉൾപ്പെടുന്നു, അടുത്ത ദിവസങ്ങളിൽ രാജസ്ഥാൻ റോയൽസും മറ്റു ഒമ്പത് ഐപിഎൽ ടീമുകളും ഐപിഎൽ 2022ന്റെ മെഗാലേലത്തിലേക്ക് പ്രവേശിക്കുമ്പോൾ ആ പ്രക്രിയയും അതിന്റെ പാരമ്യത്തിലെത്തും.
ആകെ 62 കോടി രൂപയുമായാണ് റോയൽസ് ലേലത്തിനെത്തുന്നത്, സഞ്ജു സാംസൺ (14 കോടി), ജോസ് ബട്ട്‌ലർ (10 കോടി), യശസ്വി ജയ്‌സ്വാൾ (4 കോടി) എന്നിങ്ങനെ മൂന്ന് കളിക്കാരെയാണ് രാജസ്ഥാൻ നിലനിർത്തിയിരിക്കുന്നത്.
ഐപിഎല്ലിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ മെഗാലേലമായിരിക്കും ഇത്, മുമ്പത്തെവയെല്ലാം പലവിധ സർപ്രൈസുകൾ ഒളിപ്പിച്ചവയായിരുന്നു. 2018ൽ ബെൻ സ്റ്റോക്‌സിനെ 12.5 കോടി രൂപയ്ക്ക് ഏറ്റവും മൂല്യമുള്ള താരമായി സ്വന്തമാക്കിയതും അതേ വർഷം തന്നെ ശ്രേയസ് ഗോപാലിനെ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് ടീമിലെത്തിച്ചതും 2014-ൽ ബ്രാഡ് ഹോഡ്ജിൽ ഒരു 39-കാരനായ ഗെയിം ചേഞ്ചറെ കണ്ടെത്തിയതും 2008ൽ ഊർജ്ജസ്വലനായ രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തിയത് വരെ, താരലേലത്തിലെ രാജസ്ഥാന്റെ നേട്ടങ്ങളായിരുന്നു. നാളെ മറ്റൊരു ലേലത്തിന് തയ്യാറെടുക്കുമ്പോൾ പുതിയൊരു ഭാവി തലമുറയെ കെട്ടിപ്പടുക്കാനുള്ള ലക്ഷ്യവും രാജസ്ഥാൻ റോയൽസിന് ഉണ്ടാകും.
മനീഷ് പാണ്ഡെ

മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നി ടീമുകളിൽ കളിച്ചിട്ടുള്ള മനീഷ് പാണ്ഡെ മികച്ച ഫീൽഡറും മധ്യനിര ബാറ്ററുമാണ്. ഐപിഎല്ലിൽ മികച്ച അനുഭവ സമ്പത്തുള്ള മനീഷ് പാണ്ഡെയാവും രാജസ്ഥാൻ റോയൽസിന്റെ ഒരു ലക്ഷ്യം.
ഷാക്കിബ് അൽ ഹസൻ

ഐപിഎല്ലിൽ കഴിവ് തെളിയിച്ച ഒരു ഓൾറൗണ്ടറാണ് ഷാക്കിബ് അൽ ഹസൻ. മധ്യ ഓവറുകളിൽ വേഗമേറിയതും നിർണായകവുമായ സ്പെല്ലുകൾ ബൗൾ ചെയ്യാനുള്ള കഴിവും ബാറ്റിങിലും സംഭാവനകൾ നൽകാൻ കഴിയുന്ന ഷാക്കിബ് രാജസ്ഥാൻ നോട്ടമിടുന്ന താരങ്ങളിൽ ഒരാളാകും. താരം ഐപിഎല്ലിൽ 71 മത്സരങ്ങൾ കളിക്കുകയും 7.44 എന്ന എക്കോണമി റേറ്റിൽ 63 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ബാറ്റിങ്ങിൽ 124.49 എന്ന ശ്രദ്ധേയമായ സ്‌ട്രൈക്ക് റേറ്റും ഉണ്ട്.
ലോക്കി ഫെർഗൂസൺ

ന്യൂസിലൻഡിൽ നിന്നുള്ള ഈ ഫാസ്റ്റ് ബൗളറായിരിക്കും റോയൽസ് ലക്ഷ്യമിടുന്ന മറ്റൊരു താരം. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഫെർഗൂസൺ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഐപിഎല്ലിൽ 22 മത്സരങ്ങളിൽ നിന്ന് 19.96 സ്‌ട്രൈക്ക് റേറ്റിൽ 24 വിക്കറ്റുകളാണ് ഫെർഗൂസൺ നേടിയത്.
ഹർഷൽ പട്ടേൽ
2012ൽ അരങ്ങേറ്റം കുറിച്ച ഹർഷൽ പട്ടേൽ ഏഴ് സീസണുകളിലായി 41 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആദ്യ വർഷങ്ങളിൽ, പട്ടേൽ ഒരിക്കലും കാര്യമായ സ്വാധീനം ചെലുത്തിയില്ല, എന്നാൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയാണ് താരം സീസൺ പൂർത്തിയാക്കിയത്. ഐപിഎൽ 2021ൽ 5/27 എന്ന തന്റെ മികച്ച ബൗളിങ് ഫിഗറും അദ്ദേഹം രേഖപ്പെടുത്തി.
ഷാരൂഖ് ഖാൻ
ഷാരൂഖ് ഒരു വലംകൈ ബാറ്ററാണ്, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവാണ് വരാനിരിക്കുന്ന ലേലത്തിൽ അദ്ദേഹത്തെ നോട്ടപുള്ളിയാക്കുന്നത്. രാജസ്ഥാന് തീർച്ചയായും ഒരു ഫിനിഷർ ആവശ്യമാണ്, ഷാരൂഖ് അതിന് തികച്ചും അനുയോജ്യനാണ്. സയ്യിദ് മുഷ്താഖ് ഫൈനലിൽ, തമിഴ്‌നാടിന് ജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരുന്നതിനാൽ അവസാന പന്തിൽ സിക്സർ അടിച്ച് ഷാരുഖ് വിജയത്തിലെത്തിച്ചിരുന്നു. ഇതോടെ ആഭ്യന്തര ക്രിക്കറ്റിലെ ഫിനിഷർ എന്ന പട്ടം ഷാരൂഖിന്റെ പേരിലാവുകയായിരുന്നു.
Also Read: ’30 പന്തില്‍ അനായാസം 80 റണ്‍സ് നേടും’; യുവതാരത്തിനെക്കുറിച്ച് ഹര്‍ഭജന്‍