ഐപിഎൽ താരലേലത്തിനുള്ള താരങ്ങളുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു. സീനിയർ ഓപ്പണർ ശിഖർ ധവാനും ശ്രേയസ് അയ്യരും ഉൾപ്പെടെയുള്ള മുൻനിര ഇന്ത്യൻ താരങ്ങളും പാറ്റ് കമ്മിൻസ്, കാഗിസോ റബാഡ തുടങ്ങിയ വിദേശ താരങ്ങളും താരലേലത്തിൽ ഏറ്റവും ഉയർന്ന അടിസ്ഥാന വിലയായ രണ്ട് കോടി വിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി 12, 13 തീയതികളിൽ ബെംഗളൂരുവിൽ വെച്ചാണ് മെഗാ ലേലം. 590 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുക.
കഴിഞ്ഞ മാസം പുറത്തിറക്കിയ 1,214 കളിക്കാരുടെ ആദ്യ പട്ടികയിൽ നിന്ന് ഫ്രാഞ്ചൈസികൾ തങ്ങൾക്ക് താൽപ്പര്യമുള്ള കളിക്കാരെ നിലനിർത്തിക്കൊണ്ടുള്ള ചുരുക്കപട്ടികയാണ് ഇന്ന് പ്രസിദ്ധീകരിച്ചത്.
590 താരങ്ങളിൽ, 228 പേർ ക്യാപ്ഡ് കളിക്കാരും 355 പേർ അൺക്യാപ്ഡ് താരങ്ങളും ഏഴ് അസോസിയേറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുമാണ്. കേരള ടീമിൽ നിന്ന് ശ്രീശാന്ത് ഉൾപ്പടെ പതിമൂന്ന് താരങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
മുതിർന്ന ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, അശ്വിൻ, ഇഷാന്ത് ശർമ, അജിങ്ക്യ രഹാനെ എന്നിവരും രണ്ട് കോടി രൂപ അടിസ്ഥാന വിലയിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അയ്യരും ധവാനും മികച്ച താരങ്ങൾ ആണെങ്കിലും, യുവതാരങ്ങളായ ഇഷാൻ കിഷൻ, ദേവദത്ത് പടിക്കൽ, വാഷിംഗ്ടൺ സുന്ദർ, ദീപക് ചാഹർ, കഴിഞ്ഞ സീസണിലെ മികച്ച വിക്കറ്റ് വേട്ടക്കാരൻ ഹർഷൽ പട്ടേൽ, സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ, ഫാസ്റ്റ് ബൗളർ ശാർദുൽ ഠാക്കൂർ എന്നിവർക്കായി 10 ടീമുകളും ലേലം വിളിയിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.
ആകെ മൊത്തം 370 ഇന്ത്യൻ താരങ്ങളും 220 വിദേശ കളിക്കാരും മത്സരത്തിൽ പങ്കെടുക്കും, ഇതിൽ 48 പേരാണ് രണ്ട് കോടി രൂപ പട്ടികയിൽ വരുന്നത്.
വിദേശ താരങ്ങളിൽ പേസർമാരായ ട്രെന്റ് ബോൾട്ട്, കമ്മിൻസ്, റബാഡ, ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മുൻ ബംഗ്ലാദേശ് നായകൻ ഷാക്കിബ് അൽ ഹസൻ, ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസ് എന്നിവർക്ക് പിന്നാലെ ഫ്രാഞ്ചൈസികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെല്ലാം രണ്ട് കോടി അടിസ്ഥാന വിലയിൽ വരുന്ന താരങ്ങളാണ്.
ഇന്ത്യൻ വെറ്ററൻമാരായ സുരേഷ് റെയ്‌നയ്ക്കും റോബിൻ ഉത്തപ്പയ്ക്കും രണ്ട് കോടി വിലയിൽ അധികം വിളി വന്നേക്കില്ല എന്നാണ് കരുതുന്നത്.
1.5 കോടി രൂപ അടിസ്ഥാന വിലയുള്ള 20 താരങ്ങളും ഒരു കോടി രൂപ വിലയുള്ള 34 പേരുമാണ് പട്ടികയിൽ ഉള്ളത്.
Also Read: കോവിഡ് തരംഗം കുറയുന്നു, ഈ വർഷത്തെ ഐപിഎൽ ഇന്ത്യയിൽ നടത്താൻ സാധ്യത
ഷാരൂഖ് ഖാൻ, ദീപക് ഹൂഡ, ആവേശ് ഖാൻ എന്നിവരെ കൂടാതെ ഇന്ത്യയുടെ അണ്ടർ-19 താരങ്ങളായ ക്യാപ്റ്റൻ യാഷ് ദുൽ, വിക്കി ഓസ്റ്റ്വാൾ, രാജ്വർധൻ ഹംഗാർഗേക്കർ എന്നിവരും ലേലത്തിനുണ്ട്.
ദക്ഷിണാഫ്രിക്കയുടെ 42 കാരനായ സ്പിന്നർ ഇമ്രാൻ താഹിറാണ് ലേലത്തിലെ ഏറ്റവും പ്രായം കൂടിയ താരം. അഫ്ഗാനിസ്ഥാന്റെ 17 കാരനായ നൂർ അഹമ്മദാണ് ഏറ്റവും പ്രായം കുറഞ്ഞത്. വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന അണ്ടർ 19 ലോകകപ്പിലാണ് നൂർ ഇപ്പോൾ കളിക്കുന്നത്.
മറ്റു അണ്ടർ-19 കളിക്കാരെ വെച്ച്, ഇന്ത്യൻ മീഡിയം പേസർ ഹംഗാർഗെക്കറിനാണ് ഏറ്റവും കൂടുതൽ അടിസ്ഥാന വില. 30 ലക്ഷം രൂപയാണ് താരത്തിന്. മറ്റുള്ളവരുടെ 20 ലക്ഷമാണ്.
പഞ്ചാബ് കിംഗ്‌സിനാണ് ഏറ്റവും കൂടുതൽ താരങ്ങളെ വാങ്ങാനാവുക. 23 ഒഴിവുകളാണ് പഞ്ചാബിന് ഉള്ളത്, ചെന്നൈ സൂപ്പർ കിംഗ്‌സ്, ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യൻസ് എന്നിവയ്ക്ക് 21 ഒഴിവുകളാണുള്ളത്. ബാക്കിയുള്ള ടീമുകൾക്ക് 22 ഒഴിവുകൾ വീതമുണ്ട്.
പഞ്ചാബ് കിങ്സിന് 72 കോടി രൂപയാണ് ചെലവാക്കാനുള്ളത്. ഇതാണ് ഒരു ടീമിന്റെ പക്കലുള്ള ഏറ്റവും കൂടിയ തുക. ഏറ്റവും കുറവ് ഡൽഹി ക്യാപിറ്റൽസിനാണ്, 47.5 കോടി രൂപ.
ഓസ്ട്രേലിയയിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദേശ കളിക്കാർ ഉള്ളത്. 47 പേർ ഓസ്‌ട്രേലിയിൽ നിന്ന് പങ്കെടുക്കും. വെസ്റ്റ് ഇൻഡീസിൽ നിന്നുള്ള 34 താരങ്ങളും ലേലത്തിൽ മത്സരിക്കും. ദക്ഷിണാഫ്രിക്ക 33, ശ്രീലങ്ക 23, ഇംഗ്ലണ്ട് 24, ന്യൂസിലൻഡ് 24, അഫ്ഗാനിസ്ഥാന് 17 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുടെ എണ്ണം.
എസ് ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ, കേരള താരമായ ജലജ് സക്സേന, സച്ചിന്‍ ബേബി, എം.ഡി.നിധീഷ്, വിഷ്ണു വിനോദ് , ബേസില്‍ തമ്പി, മിഥുന്‍ എസ്, കെ.എം.ആസിഫ് മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, രോഹന്‍ കുന്നുമ്മൽ, ഷോൺ റോജര്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍.