IPL Auction 2021: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായുള്ള താരലേലത്തിൽ മലയാളി താരങ്ങളും നിരാശപ്പെടുത്തിയില്ല. കേരള നായകൻ സച്ചിൻ ബേബിയെയും വെടിക്കെട്ട് ബാറ്റ്സ്മാൻ മുഹമ്മദ് അസ്ഹറുദീനെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കിയപ്പോൾ വിഷ്ണു വിനോദിനെ ഡൽഹി ക്യാപിറ്റൽസും ടീമിലെത്തിച്ചു. അതേസമയം കർണാടകയുടെ മലയാളി താരം കരുൺ നായരെയും കേരള താരം മിഥുൻ സുദേശനെയും ഫ്രാഞ്ചൈസികൾ അവഗണിച്ചു.
അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് സച്ചിനും അസ്ഹറുദീനും ബാംഗ്ലൂരിലെത്തുന്നത്. റോയൽ ചലഞ്ചേഴ്സിലേക്കുള്ള സച്ചിന്റെ രണ്ടാം വരവ് കൂടിയായിരുന്നു. രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുടെ ഭാഗമായിരുന്നെങ്കിലും പലപ്പോഴും സൈഡ് ബെഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം.
Read More: ‘റോയൽ മോറിസ്’; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ദക്ഷിണാഫ്രിക്കൻ പേസർ
സയിദ് മുഷ്താഖ് അലി ട്രോഫിയിലെ അതിവേഗ സെഞ്ചുറിയിലൂടെ അസ്ഹറുദീഴ മുതിർന്ന താരങ്ങളുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും വരെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. സെഞ്ചുറിക്ക് ശേഷമുള്ള ആദ്യ ഐപിഎൽ താരലേലത്തിൽ അസ്ഹറുദീനും വലിയ പ്രതീക്ഷയാണുള്ളത്. 2015 മുതൽ കേരള ടീമിന്റെ ഭാഗമാണ് ഈ കാസർഗോഡുകാരൻ.
കഴിഞ്ഞ രഞ്ജി ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ചവച്ച വിഷ്ണു വിനോദാണ് പട്ടികയിലെ മറ്റൊരു മലയാളി സാന്നിധ്യം. ആഭ്യന്തര ക്രിക്കറ്റിലെ മികവ് ഐപിഎല്ലിലും ആവർത്തിക്കാൻ വിഷ്ണുവിനും അവസരം ലഭിക്കുമോയെന്നാണ് അറിയേണ്ടത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ് വിഷ്ണു. ഒരു തവണ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിഷ്ണുവിനെ സ്വന്തമാക്കിയിരുന്നു.
Read More: IPL Auction 2021: ഞെട്ടിച്ച് കൃഷ്ണപ്പ ഗൗതവും; ഏറ്റവും വിലയേറിയ അൺക്യാപ്ഡ് താരം
അതേസമയം ബാംഗ്ലൂരിലെ മലയാളി സാനിധ്യം കൂടി. കഴിഞ്ഞ സീസണിലെ പ്രകടനംകൊണ്ട് മാത്രം നായകൻ കോഹ്ലിയുടെ വിശ്വസ്തനായി മാറിയ ദേവ്ദത്ത് പടിക്കലിനൊപ്പം ഇനി ചേട്ടന്മാരും എത്തുന്നതോടെ ടീമിലെ മലയാളികളുടെ എണ്ണം മൂന്നാകും.