ഇന്ത്യൻ കുട്ടിക്രിക്കറ്റ് പൂരത്തിന്റെ അമരക്കാരെ ടീമുകളിലെത്തിക്കുന്ന താരലേലം ഇന്ന് നടക്കും. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന താരലേലത്തിൽ അവസരം കാത്തിരിക്കുന്നത് 346 താരങ്ങളാണ്. ഇതിൽ 226 ഇന്ത്യൻ താരങ്ങളും 120 വിദേശ താരങ്ങളും ഉൾപ്പെടും. ലേലത്തില്‍ ഒരു ടീമിന് ആകെ ചെലവഴിക്കാവുന്ന തുക ഇത്തവണ 80 കോടിയിൽ നിന്ന് 82 കോടി വരെയായി ഉയര്‍ത്തിയിട്ടുണ്ട്.

പ്രമുഖ ലേല അവതാരകനായ റിച്ചാർഡ് മാഡ്‍ലിക്ക് ഇത്തവണ ലേലത്തിന്റെ ഭാഗമാകില്ല എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ താരലേലം മുതൽ ക്രിക്കറ്റ് പ്രേമികൾക്ക് സുപരിചിതമായ മുഖമാണ് റിച്ചാർഡ് മാഡ്ലിയുടേത്. എല്ലാ സീസണുകളിലും ഐപിഎല്ലിന് മുന്നോടിയായുള്ള താരലേലം മാഡ്ലിയാണ് നടത്താറുള്ളത്‌.

Read Also: ഐ പി എൽ: ടീമുകൾ ഒഴിവാക്കിയ താരങ്ങൾ

മൂന്ന് കാറ്റഗറിയായി തിരിച്ചാകും താരങ്ങളെ ലേലത്തിൽ അവതരിപ്പിക്കുക. ബാറ്റ്സ്മാൻ, ബോളർ, ഓൾറൗണ്ടർ എന്നീ കാറ്റഗറികളിലായിരിക്കും 346 താരങ്ങളെ ഉൾപ്പെടുത്തി ലേലം നടത്തുക. എന്നാൽ എട്ട് ടീമുകളിലായി 70 ഒഴിവുക മാത്രമാണ് ഇക്കുറി ഉള്ളത്. 50 ഇന്ത്യൻ താരങ്ങളും 20 വിദേശ താരങ്ങളും ലേലത്തിലൂടെ വിവിധ ടീമുകളുടെ ഭാഗമാകും.

ലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ടു. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സാണ് ഏറ്റവും കുറവ് താരങ്ങളെ ഒഴിവാക്കിയത്. മൂന്ന് താരങ്ങളെ മാത്രമാണ് ചെന്നൈ റിലീസ് ചെയ്തത്. ഏറ്റവും കൂടുതൽ താരങ്ങളെ ഒഴിവാക്കിയത് കിങ്സ് ഇലവൻ പഞ്ചാബും. ഒഴിവാക്കിയവരിൽ ആരോൺ ഫിഞ്ചും, യുവരാജ് സിങും ഉൾപ്പടെ പല പ്രമുഖരുമുണ്ട്.

Read Also: ഐ പി എൽ: ടീമുകൾ നിലനിർത്തിയ താരങ്ങൾ

മുംബൈ ഇന്ത്യൻസ് പ്രമുഖ താരങ്ങളെയെല്ലാം നിലനിർത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിനെ ബാംഗ്ലൂരിൽ നിന്ന് മുംബൈയിൽ എത്തിക്കുകയും ചെയ്തു. ഏഴ് ഒഴിവുകളാണ് മുംബൈ ഇന്ത്യൻസിൽ ഉള്ളത്. ഇതിൽ ആറ് ഇന്ത്യൻ താരങ്ങൾക്കും ഒരു വിദേശ താരത്തിനും അവസരം ലഭിക്കും. രോഹിത് ശർമ്മ തന്നെയാണ് ഇക്കുറിയും മുംബൈ നായകൻ.

രാജസ്ഥാൻ റോയൽസും സമാനരീതിയിൽ പ്രമുഖ താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്, ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകൻ അജിങ്ക്യ രഹാനെ, മലയാളി താരം സഞ്ജു സാംസൺ എന്നിവർ നിലനിർത്തിയവരിൽ ഉൾപ്പെടുന്നു. ജയദേവ് ഉനദ്ഘട്ട് മാത്രമാണ് ഒഴിവാക്കിയവരിൽ പ്രമുഖർ. 6 ഇന്ത്യൻ താരങ്ങൾക്കും 3 വിദേശ താരങ്ങൾക്കും ഉൾപ്പടെ 9 ഒഴിവുകളാണ് രാജസ്ഥാൻ റോയൽസിൽ ഉള്ളത്.

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ കൂടുമാറ്റമാണ് സൺറൈസേഴ്സ് ഹൈദരാബാദിലെ പ്രധാന മാറ്റം. മലയാളി താരം സച്ചിൻ ബേബി, വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ എന്നിവരെയും ടീം ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് ഒഴിവുകളാണ് സൺറൈസേഴ്സിൽ ഉള്ളത്. മൂന്ന് ഇന്ത്യൻ താരങ്ങളും രണ്ട് വിദേശ താരങ്ങളും ലേലത്തിൽ ടീമിന്റെ ഭാഗമാകും.

വയസന്മാരുടെ പടയെന്ന വിളിപ്പേരുമായി വന്ന് കഴിഞ്ഞ തവണ കിരീടം ചൂടിയ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. ഇത്തവണയും ടീമിൽ കാര്യമായ മാറ്റമൊന്നുമില്ല. മൂന്ന് താരങ്ങളെ ഒഴിവാക്കിയപ്പോൾ രണ്ട് ഇന്ത്യൻ താരങ്ങൾക്ക് ടീമിനൊപ്പം ചേരാൻ അവസരം ലഭിക്കും. മലയാളി താരം കെ എം ആസിഫിനെയും ചെന്നൈ നിലനിർത്തിയിട്ടുണ്ട്.

പഞ്ചാബ് രണ്ടും കൽപ്പിച്ചാണ് ഇക്കുറി ലേലത്തിൽ പങ്കെടുക്കുന്നത്. നിരവധി പ്രമുഖ താരങ്ങളെ ടീമിൽ നിലനിർത്തിയപ്പോൾ ഫിഞ്ചും യുവരാജും ഉൾപ്പടെ നിരവധി പേർ ടീമിന് പുറത്തായി. പതിനഞ്ച് ഒഴിവുകളാണ് ടീമിൽ ഉള്ളത്. 11 ഇന്ത്യൻ താരങ്ങളുടെയും നാല് വിദേശ താരങ്ങളുടെയും ഒഴിവാണ് പഞ്ചാബിൽ ഉള്ളത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ കോഹ്‍ലിയും ഡി വില്ല്യേഴ്സും സ്ഥാനം നിലനിർത്തിയപ്പോൾ ബ്രെണ്ടൻ മക്കല്ലത്തെയും ഡി കോക്കിനെയുമെല്ലാം ഒഴിവാക്കി. പത്ത് ഒഴിവുകളാണ് ടീമിന് ലേലത്തിൽ ഉള്ളത്. ഇതിലേക്ക് എട്ട് ഇന്ത്യൻ താരങ്ങൾക്കും രണ്ട് വിദേശ താരങ്ങൾക്കും അവസരം ലഭിക്കും.

കൊൽക്കത്തയാണ് ഏറ്റവും കൂടുതൽ ഒഴിവുകളുള്ള മറ്റൊരു ടീം. 12 പേരെ ഇത്തവണത്തെ ലേലത്തിൽ ടീമിന് സ്വന്തമാക്കാൻ കഴിയും. ഇന്ത്യൻ താരങ്ങളുടെയും വിൻഡീസ് താരങ്ങളും തന്നെയാണ് ഇക്കുറിയും ടീമിന്റെ വജ്രായുധങ്ങൾ. മിച്ചൽ സ്റ്റാർക്കിനെയും, മിച്ചൽ ജോൺസനെയും ടീം ഒഴിവാക്കിയിട്ടുണ്ട്. ഏഴ് ഇന്ത്യൻ താരങ്ങൾക്കും അഞ്ച് വിദേശ താരങ്ങൾക്കും ടീമിലെത്താൻ കഴിയും.

പേരുമാറ്റിയെത്തുന്ന ഡൽഹി ക്യാപിറ്റൽസിലും വലിയ മാറ്റങ്ങളാണുള്ളത്. ഗൗതം ഗംഭീർ, മുഹമ്മദ് ഷമി, ഗ്ലെൻ മാക്സ്‍വെൽ എന്നിവർ ടീം ഒഴിവാക്കിയിരിൽ പ്രമുഖരാണ്. പത്ത് ഒഴിവുകളാണ് ഡൽഹിയിലും ഉള്ളത്. ഏഴ് ഇന്ത്യൻ താരങ്ങളെയും മൂന്ന് വിദേശ താരങ്ങളെയും സ്വന്തമാക്കാൻ ടീമിന് കഴിയും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook