ഐപിഎൽ താരലേലത്തിൽ ചില കളിക്കാർ കോടികൾക്ക് വിറ്റുപോയപ്പോൾ മറ്റു ചിലർക്ക് ലക്ഷത്തിന്റെ വിലയേ ഉണ്ടായിരുന്നുളളൂ. അതിൽ ഒരാളായിരുന്നു ആര്യമാൻ വിക്രം ബിർള. ലേലത്തിൽ ഏവരുടെയും ശ്രദ്ധ നേടിയ കളിക്കാരുടെ പേരുകളിൽ ഒന്നായിരുന്നു ആര്യമാന്റേത്. ആദ്യ റൗണ്ടിൽ ആര്യമാൻ വിറ്റുപോയില്ല. രണ്ടാം റൗണ്ടിൽ 30 ലക്ഷത്തിനാണ് രാജസ്ഥാൻ റോയൽസ് ആര്യമാനെ സ്വന്തമാക്കിയത്.

ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാനുമായ കുമാർ മംഗളം ബിർളയുടെ മകനാണ് ആര്യമാൻ. 12.6 ബില്യൻ യുഎസ് ഡോളറാണ് ആര്യമാന്റെ അച്ഛൻ കുമാർ ബിർളയുടെ ആസ്തി.

ചെറുപ്പത്തിൽതന്നെ ക്രിക്കറ്റിനോടായിരുന്നു ആര്യമാന് താൽപര്യം. ക്രിക്കറ്റ് പരിശീലനത്തിനായി 20 കാരനായ ആര്യമാൻ മുംബൈ വിട്ട് മധ്യപ്രദേശിലേക്ക് താമസം മാറ്റി. കഠിന പരിശ്രമത്തിലൂടെയാണ് ആര്യമാൻ തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.

”എനിക്ക് എട്ടോ ഒൻപതോ വയസ്സുളളപ്പോൾ മുതൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയതാണ്. ചെറുപ്പത്തിൽ മറ്റു കായിക ഇനങ്ങളും കളിക്കുമായിരുന്നെങ്കിലും ക്രിക്കറ്റിനോടായിരുന്നു കൂടുതൽ ഇഷ്ടം. ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ച നിമിഷം ഓർമ്മയില്ല. പക്ഷേ എല്ലാവരെയും പോലെ വളർന്നപ്പോൾ ക്രിക്കറ്റ് ഒരു വിനോദം എന്നതിനെക്കാൾ പ്രൊഫഷണലായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചു” അടുത്തിടെ ഡെക്കാൺ ക്രോണിക്കിളിന് നൽകിയ അഭിമുഖത്തിൽ ആര്യമാൻ പറഞ്ഞു.

അണ്ടർ-23 കേണൽ സികെ നായിഡു ട്രോഫിയിൽ മധ്യപ്രദേശിനു വേണ്ടി കളിച്ച ആര്യമാൻ ഒഡീഷയ്ക്ക് എതിരായ മൽസരത്തിൽ 153 റൺസ് നേടിയതോടെയാണ് ശ്രദ്ധ നേടിയത്. ഐപിഎല്ലിൽ മുൻനിര താരങ്ങളായ സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, ബെൻ സ്റ്റോക്സ് തുടങ്ങിയവർക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആര്യമാൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ