ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിലെ രണ്ടാം ദിവസം അപ്രതീക്ഷിതമായ  സംഭവങ്ങളാണ് അരങ്ങേറിയത്.  വെസ്റ്റ് ഇൻഡീസ് സൂപ്പർ താരമായ ക്രിസ് ഗെയ്‌ലിന് ഐപിഎൽ ലേലത്തിൽ ആരും എടുത്തിരുന്നില്ല. രണ്ടു കോടി അടിസ്ഥാന വിലയാണ് ക്രിസ് ഗെയ്‌ലിന് ഉണ്ടായിരുന്നത്. ഒടുവില്‍  കിങ്സ് ഇലവന്‍ പഞ്ചാബ് ആണ് ഈ ഓപ്പണിങ് ബാറ്റ്സ്മാനെ സ്വന്തമാക്കിയാത്. ആദ്യദിനത്തിലും രണ്ടാം ദിനത്തിലും അവസാനം വരേയ്ക്കും ആരും തന്നെ ഗെയ്‌ലിനെ ലേലത്തിലെടുക്കാന്‍ തയ്യാറായിരുന്നില്ല.

ഐപിഎല്ലിലെ എക്കാലത്തേയും മികച്ച റണ്‍ വേട്ടക്കാരില്‍ ഒരാളാണ് ക്രിസ് ഗെയ്‌ല്‍. കഴിഞ്ഞ വർഷം വരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന് വേണ്ടി കളിച്ച താരത്തെ ടീം സ്വന്തമാക്കിയില്ല എന്നതില്‍ അത്ഭുതമില്ല. മുപ്പത്തിയെട്ടില്‍ എത്തി നില്‍ക്കുന്ന ഗെയിലിന്‍റെ ഫോമില്‍ മങ്ങലേറ്റിട്ടുണ്ട്. എല്ലാ ഐപിഎല്ലിലും ഗെയ്‌ൽ സ്റ്റാർ താരങ്ങളിലൊരാളായിരുന്നു. 2011ല്‍ ആരും സ്വന്തമാക്കാതിരുന്ന ഗെയ്‌ലിനെ ലേലത്തിന് ശേഷമാണ് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് സ്വന്തമാക്കുന്നത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിസ്കറുകള്‍ സ്വന്തം പേരിലുള്ള ഈ അതികായന് തന്നെയാണ് ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിക്കുള്ള റെക്കോർഡും.

ഇതേ സമയം മുരളി വിജയിനെ ചെന്നൈ സൂപ്പർ കിങ്സ് അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് എടുത്തു.

ബോളർ ജയദേവ് ഉനദ്‌കട്ടിന് വേണ്ടി  അപ്രതീക്ഷിത നീക്കങ്ങളാണ് അരങ്ങേറിയത്.  ഒരു വശത്ത് ചെന്നൈ സൂപ്പർ കിങ്സും മറുവശത്ത് കിങ്സ്  ഇലവൻ പഞ്ചാബും കൊമ്പുകോർത്തെങ്കിലും രണ്ട് ടീമിനും ജയദേവിനെ സ്വന്തമാക്കാനായില്ല.

പൊന്നും വിലയ്ക്ക് രാജസ്ഥാൻ റോയൽസാണ് ഉനദ്‌കട്ടിനെ സ്വന്തമാക്കിയത്. ഇതിനായി ഫ്രാഞ്ചൈസി എറിഞ്ഞത് 11.5 കോടി രൂപയാണ്. 1.5 കോടിയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ചെന്നൈ സൂപ്പർ കിംഗ്സാണ് ആദ്യം താരത്തിന് വേണ്ടി രംഗത്ത് വന്നത്. പിന്നാലെ കിംഗ്സ് ഇലവൻ പഞ്ചാബും എത്തി. രണ്ട് ഫ്രാഞ്ചൈസികളും മത്സരിച്ച് ലേലം വിളിച്ചതോടെ ജയദേവിന്റെ ലേലത്തുക പത്ത് കോടി പിന്നിട്ടു.

ചെന്നൈ 10.5 കോടി പ്രഖ്യാപിച്ചതോടെ കിംഗ്സ് ഇലവൻ 11 കോടി പ്രഖ്യാപിച്ചു. അതോടെ ചെന്നൈ ലേലത്തിൽ നിന്ന് പിന്മാറി. ഇതോടെ പഞ്ചാബ് താരത്തെ സ്വന്തമാക്കുമെന്ന് ഉറപ്പിച്ചതാണ്. എന്നാൽ അപ്രതീക്ഷിതമായി രാജസ്ഥാൻ 11.50 കോടി പ്രഖ്യാപിച്ച് മുന്നോട്ട് വന്നു. മറ്റൊരു യുദ്ധത്തിന് ഊർജ്ജമില്ലാതെ കിംഗ്സ് ഇലവൻ പിന്മാറി.

രാജസ്ഥാൻ റോയൽസിന്റെ അപ്രതീക്ഷിത നീക്കം കൂട്ടച്ചിരിയാണ് ലേലം നടക്കുന്ന വേദിയിൽ ഉണർത്തിയത്. ഒരു മികച്ച പേസ് ബോളർക്കായി കരുനീക്കം നടത്തിയ പഞ്ചാബിന് കനത്ത തിരിച്ചടിയാണ് ഇതിലൂടെ കിട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ