ബെംഗലൂരു: അടുത്ത സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇന്നും തുടരും. ക്രിസ് ഗെയ്ലും ഹാഷിം അംലയും അടക്കമുളള താരങ്ങൾ ഇന്ന് വീണ്ടും ലേലത്തിൽ എത്തും. അതേസമയം ആദ്യ ദിവസം ഫ്രാഞ്ചൈസികൾ പരിഗണിക്കാതിരുന്ന താരങ്ങളുടെ സ്ഥിതി എന്താകുമെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.

പരമാവധി എട്ട് വിദേശ താരങ്ങളെയാണ് ഒരു ഫ്രാഞ്ചൈസിക്ക് ലേലത്തിൽ സ്വന്തമാക്കാവുന്നതാണ്. 25 പേരെ വരെ സ്വന്തം സംഘത്തിൽ ഉൾക്കൊള്ളിക്കാം. ഇപ്പോൾ തന്നെ 16 പേരെ വാങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദും 15 പേരെ വാങ്ങിയ ഡൽഹി ഡയർഡെവിൾസും 14 പേരെ വാങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവുമാണ് മുന്നിൽ.

ഫ്രാഞ്ചൈസികളുടെ നിലവിലെ സ്ഥിതി ഇങ്ങിനെ. ചെന്നൈ സൂപ്പർ കിംഗ്സിന്റെ പക്കൽ 17 കോടി രൂപയാണ് അവശേഷിക്കുന്നത്. നാല് വിദേശതാരങ്ങളടക്കം 11 താരങ്ങളെയാണ് ചെന്നൈ ഇതുവരെ സ്വന്തമാക്കിയത്. 12.30 കോടി രൂപയാണ് ഡൽഹിയുടെ പക്കൽ അവശേഷിക്കുന്നത്. ആകെ വാങ്ങിയ 15 താരങ്ങളിൽ അഞ്ച് പേർ വിദേശ താരങ്ങളാണ്.

കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പക്കൽ ഇന്നലെ 21.90 കോടി ബാക്കിയായി. കെൽ രാഹുലിന് വേണ്ടി 11 കോടി എറിഞ്ഞ ശേഷം പിന്നീടുളള ലേലം വിളിയെല്ലാം വളരെ സൂക്ഷിച്ചായിരുന്നു ടീം നടത്തിയത്. ഇതുവരെ പത്ത് താരങ്ങളെ മാത്രമാണ് ഫ്രാഞ്ചൈസി വാങ്ങിയത്. മൂന്ന് താരങ്ങൾ വിദേശത്തു നിന്നുളളവരാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 12 താരങ്ങളെയാണ് ഇന്നലെ വാങ്ങിയത്. ഇതിൽ നാല് പേർ വിദേശതാരങ്ങളാണ്. ഇപ്പോൾ 7.6 കോടി മാത്രമേ ടീമിന്റെ പക്കൽ അവശേഷിക്കുന്നുള്ളൂ. മൂന്ന് വിദേശ താരങ്ങളടക്കം 9 താരങ്ങളെ സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിന്റെ പക്കൽ ഇപ്പോഴും 15.8 കോടി അവശേഷിക്കുന്നുണ്ട്.

അഞ്ചി വിദേശ താരങ്ങളടക്കം 9 താരങ്ങളെ വാങ്ങിയ രാജസ്ഥാനാണ് കൈയ്യിൽ കൂടുതൽ പണം അവശേഷിക്കുന്ന ടീം. 23.5 കോടിയാണ് ഇവരുടെ പക്കൽ ബാക്കിയുളളത്. ആറ് വിദേശ താരങ്ങളടക്കം 14 പേരെ വാങ്ങിയ ബെംഗലൂരുവിന് 15.85 കോടി കൈയ്യിൽ ബാക്കിയുണ്ട്. അതേസമയം സൺറൈസേഴ്സ് ഹൈദരാബാദ് ഇന്ന് കൂടുതൽ ഊർജ്ജിതമായി ലേലത്തിൽ പങ്കെടുത്തേക്കില്ല. അഞ്ച് വിദേശ താരങ്ങളടക്കം 16 പേരെ സ്വന്തമാക്കിയ ടീമിന്റെ പക്കൽ ഇപ്പോൾ ആകെ ബാക്കിയുളളത് 7.95 കോടിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ