ബെംഗളൂരു: ഐപിഎൽ 2018 സീസണിലേക്കുള്ള താരലേലം ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്. മലയാളി താരം സഞ്ജു വി.സാംസൺ 8 കോടിക്കാണ് വിറ്റുപോയത്. രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ പൊന്നുവിലയ്ക്ക് സ്വന്തമാക്കിയത്. 1 കോടിയായിരുന്നു സഞ്ജുവിന്റെ അടിസ്ഥാനവില. അതേസമയം, മറ്റൊരു മലയാളിയായ ബേസിൽ തമ്പിയെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. 95 ലക്ഷം രൂപയാണ് ബേസിലിനെ സൺറൈസേഴ്സ് വാങ്ങിയത്. 30 ലക്ഷം ആയിരുന്നു ബേസിലിന്റെ അടിസ്ഥാന വില.

താരലേലത്തിൽ ആരും പ്രതീക്ഷിക്കാത്ത കുതിപ്പ് നടത്തി കെ.എൽ.രാഹുൽ ശ്രദ്ധിക്കപ്പെട്ടപ്പോൾ ക്രിസ് ഗെയ്‌ലിന് വേണ്ടി ആരും വാദിക്കാതിരുന്നതും ശ്രദ്ധേയമായി. പഞ്ചാബും ഹൈദരാബാദും കൊമ്പുകോർത്തതാണ് കെ.എൽ.രാഹുലിന്റെ മൂല്യം ഉയർത്തിയത്. 11 കോടിക്കാണ് കിങ്സ് ഇലവൻ പഞ്ചാബ് താരത്തെ സ്വന്തമാക്കിയത്. രവിചന്ദ്ര അശ്വിനെയും യുവ്‌രാജ് സിങ്ങിനെയും പഞ്ചാബാണ് സ്വന്തമാക്കിയത്. ആർ.അശ്വിനെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചെന്നൈ ഇതിന് താൽപര്യപ്പെടാതിരുന്നതും ഞെട്ടിച്ചു.

പ്രതീക്ഷിച്ചത് പോലെ ബെൻ സ്റ്റോക്സിന് വേണ്ടിയാണ് ഏറ്റവും ശക്തമായി ടീമുകൾ വാദിച്ചത്. 12.5 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ആണ് താരത്തെ സ്വന്തമാക്കിയത്. 12 കോടി വരെ കിങ്സ് ഇലവൻ പഞ്ചാബാണ് താരത്തിന്റെ ലേലത്തുക ഉയർത്തിയത്. എന്നാൽ രാജസ്ഥാൻ ലേലത്തിൽ വന്നതോടെ ഇവർ പിന്മാറി.

ആദ്യ ഘട്ട ലേലത്തിൽ കൂടുതൽ തുക നേടിയ താരങ്ങൾ
ബെൻ സ്റ്റോക്സ് – രാജസ്ഥാൻ റോയൽസ് – 12.5 കോടി
മിച്ചൽ സ്റ്റാർക് – കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- 9.4 കോടി
ആർ. അശ്വിൻ- കിങ്സ് ഇലവൻ പഞ്ചാബ് – 7.6 കോടി
കീറൺ പൊള്ളാർഡ് – മുംബൈ ഇന്ത്യൻസ് – 5.4 കോടി
ശിഖർ ധവാൻ – സൺറൈസേഴ്സ് ഹൈദരാബാദ്- 5.2 കോടി

7.6 കോടി രൂപയ്ക്കാണ് കിങ്സ് ഇലവൻ പഞ്ചാബ് രവിചന്ദ്ര അശ്വിനെ സ്വന്തമാക്കിയത്. ആദ്യം ശിഖർ ധവാനായിരുന്നു ലേലത്തിൽ വന്ന താരം. പഞ്ചാബും രാജസ്ഥാനുമാണ് ലേലത്തിൽ തുടക്കം മുതൽ പങ്കെടുത്തത്. രാജസ്ഥാൻ പിന്മാറിയപ്പോൾ മുംബൈ രംഗത്തെത്തി. എന്നാൽ പഞ്ചാബ് 5 കോടി പ്രഖ്യാപിച്ചതോടെ ഇവരും പിന്മാറി. എന്നാൽ താരത്തെ നിലനിർത്താൻ സൺറൈസേഴ്സ് ഹൈദരാബാദ് 5.2 കോടി ആദ്യമേ ഉറപ്പിച്ചതിനാൽ ധവാനെ സ്വന്തമാക്കാൻ പഞ്ചാബിന് സാധിച്ചില്ല.

5.40 കോടിക്ക് മുംബൈ ഇന്ത്യൻസ് തന്നെ വെസ്റ്റ് ഇൻഡീസ് താരം കീറൺ പൊള്ളാർഡിനെ സ്വന്തമാക്കി. അതേസമയം, ക്രിസ് ഗെയ്‌ലിന് വേണ്ടി ആരും രംഗത്ത് വരാതിരുന്നത് ഞെട്ടലുണ്ടാക്കി. ഫാഫ് ഡുപ്ലെസിസിനെ 1.6 കോടിക്ക് പഞ്ചാബ് സ്വന്തമാക്കി. രഹാനെയെ നാല് കോടി രൂപ എറിഞ്ഞാണ് രാജസ്ഥാൻ റോയൽസ് വലയിലാക്കിയത്. കടുത്ത ലേലം വിളി നടന്ന മിച്ചൽ സ്റ്റാർകിന് വേണ്ടി കൊൽക്കത്തയും പഞ്ചാബുമായിരുന്നു മുന്നിൽ. ഒടുവിൽ 9.4 കോടിക്ക് കൊൽക്കത്ത താരത്തെ സ്വന്തമാക്കുകയായിരുന്നു.

രണ്ടാം സെറ്റിൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയ താരങ്ങളും പ്രതിഫലവും

ഹർഭജൻ സിങ്- ചെന്നൈ സൂപ്പർ കിങ്സ്- 2 കോടി
ഷാക്കിബ് അൽ ഹസൻ – സൺറൈസേർസ് ഹൈദരാബാദ് – 2 കോടി
ഗ്ലെൻ മാക്സ്‌വെൽ-ഡൽഹി ഡയർഡെവിൾസ് – 9 കോടി
ഗൗതം ഗംഭീർ – ഡൽഹി ഡയർഡെവിൾസ് – 2.8 കോടി
ഡ്വെയ്ൻ ബ്രാവോ – ചെന്നൈ സൂപ്പർ കിംഗ്സ് – 6.4 കോടി
കെയ്ൻ വില്യംസൺ- സൺറൈസേർസ് – 3 കോടി
യുവ്‌രാജ് സിങ്- കിങ്സ് ഇലവൻ പഞ്ചാബ്- 2 കോടി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ