സ്റ്റംപ്സിനു പുറകിൽ ധോണിയാണെങ്കിൽ ബാറ്റ്സ്മാന്മാർക്ക് ചെറിയൊരു ഭയമുണ്ടാകും. ധോണിയുടെ സ്റ്റംപിങ് വേഗത ക്രിക്കറ്റ് ലോകത്തെ തന്നെ അദ്ഭുതപ്പെടുത്തിയ ഒന്നാണ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സും കിങ്സ് ഇലവൻ പഞ്ചാബും തമ്മിലെ മത്സരത്തിൽ ഭാഗ്യം കൊണ്ടു മാത്രമാണ് കെ.എൽ.രാഹുൽ പുറത്താകാതെ രക്ഷപ്പെട്ടത്. റൺഔട്ടിലൂടെ പഞ്ചാബ് താരം രാഹുൽ പുറത്താകേണ്ടതായിരുന്നു. പക്ഷേ ധോണിക്ക് പറ്റിയ ചെറിയ പിഴവ് രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയില്ല.

Read: രാഹുല്‍-സര്‍ഫ്രാസ് കൂട്ടുകെട്ടിനും രക്ഷിക്കാനായില്ല; പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് അനായാസ വിജയം

13-ാം ഓവറിൽ രവീന്ദ്ര ജഡേജയുടെ ബോൾ സിംഗിളിനായി രാഹുൽ ഓടി. പക്ഷേ പെട്ടെന്നു തന്നെ ക്രീസിലേക്ക് തിരിച്ചോടി. ഇതിനോടകം ബോൾ ധോണിയുടെ കൈകളിൽ എത്തിയിരുന്നു. അതിവേഗത്തിൽ ധോണി ബോൾ സ്റ്റംപിൽ കൊളളിച്ചു. ഈ സമയം ക്രീസിൽനിന്നും ഏറെ അകലെയായിരുന്നു രാഹുൽ. ബോൾ സ്റ്റംപിൽ കൊണ്ടതും ചെന്നൈ താരങ്ങൾ വിക്കറ്റ് വീണെന്ന സന്തോഷത്തിൽ ആർത്തുവിളിച്ചു. എന്നാൽ ബെയിൽസ് വീഴാത്തതുമൂലം വിക്കറ്റായില്ല.

ബെയിൽസ് വീഴാത്തതിനാൽ വിക്കറ്റാവില്ലെന്ന് ധോണിക്ക് മനസിലായെങ്കിലും രവീന്ദ്ര ജഡേജയ്ക്ക് അത് വിശ്വസിക്കാൻ ഏറെ സമയം വേണ്ടിവന്നു. രാഹുൽ 47 ബോളിൽനിന്നും 55 റൺസുമായാണ് പിന്നീട് കളം വിട്ടത്. പഞ്ചാബിനെതിരെ 22 റൺസിന്റെ വിജയമാണ് ചെന്നൈ നേടിയത്. അഞ്ചു മത്സരങ്ങളിൽ ചെന്നൈയുടെ നാലാം ജയമാണിത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook