/indian-express-malayalam/media/media_files/2025/12/16/ipl-auction-2026-2025-12-16-14-50-18.jpg)
IPL Auction 2026(AI Generated Image)
IPL 2025 Auction: അബുദാബിയിൽ നടക്കുന്ന ഐപിഎൽ താര ലേലത്തിൽ 10 ഫ്രാഞ്ചൈസികൾ തങ്ങളുടെ സ്ക്വാഡിനെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ടാണ് പല തന്ത്രങ്ങളും കണക്കു കൂട്ടിയാണ് താരങ്ങളെ സ്വന്തമാക്കിയത്. താര ലേലത്തിലേക്കറ്റ് ഏറ്റവും കൂടുതൽ തുകയുമായി എത്തിയ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് കാമറൂൺ ഗ്രീനിനായി മുടക്കിയത് 25 കോടി രൂപയാണ്. ഇതോടെ ഐപിഎൽ താര ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിക്കുന്ന വിദേശ താരമായി ഗ്രീൻ മാറി.
- Dec 16, 2025 21:13 IST
ലേലത്തിലെ അവസാന താരം ജാമിസൺ
താര ലേലം അവസാനിച്ചപ്പോൾ ഡൽഹി ക്യാപിറ്റൽസിന് ഒരു സ്ലോട്ട് ബാക്കിയുണ്ടായിരുന്നു. ഇതിലേക്ക് അൺസോൾഡ് ആയ ഏതെങ്കിലും താരത്തിന്റെ പേര് പറയാനുണ്ടോ എന്ന ചോദ്യത്തിന് ന്യൂസിലൻഡ് താരം ജാമിസണിന്റെ പേരാണ് ഡൽഹി നൽകിയത്. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്ക് ജാമിസൺ ഡൽഹിയിലേക്ക് എത്തി.
- Dec 16, 2025 21:05 IST
ഒടുവിൽ പൃഥ്വി ഷായ്ക്ക് വഴി തെളിഞ്ഞു
പൃഥ്വി ഷായെ 75 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. താര ലേലത്തിൽ മൂന്നാം വട്ടം പേര് എത്തിയപ്പോഴാണ് പൃഥ്വിയെ സ്വന്തമാക്കാൻ ഡൽഹി തയ്യാറായത്. കഴിഞ്ഞ വർഷത്തെ ഐപിഎൽ താര ലേലത്തിൽ പൃഥ്വി അൺസോൾഡ് ആയിരുന്നു.
- Dec 16, 2025 20:41 IST
ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറിന് 8.6 കോടി
ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്ററെ ലക്നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. 8.60 കോടി രൂപയ്ക്കാണ് ഓസീസ് താരം ഋഷഭ് പന്തിന്റെ ടീമിലേക്ക് വരുന്നത്.
- Dec 16, 2025 20:31 IST
സൽമാൻ നിസാറിനും നിരാശ
കേരളാ ബാറ്റർ സൽമാൻ നിസാറിനെ സ്വന്തമാക്കാനും ഫ്രാഞ്ചൈസികൾ തയ്യാറായില്ല.
- Dec 16, 2025 20:26 IST
ബോളിങ് കരുത്തുകൂട്ടാൻ കൊൽക്കത്ത; ആകാശ് ദീപിനെ സ്വന്തമാക്കി
ഇന്ത്യൻ ഫാസ്റ്റ് ബോളർ ആകാശ് ദീപിനെ ഒരു കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കി. ശിവം മവി 75 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദിലേക്കും എത്തി.
- Dec 16, 2025 20:19 IST
രാഹുൽ ചഹറിനായി ചെന്നൈയും പഞ്ചാബും
സ്പിന്നർ രാഹുൽ ചഹറിനായി ചെന്നൈ സൂപ്പർ കിങ്സും പഞ്ചാബ് കിങ്സുമാണ് താരലേലത്തിലിറങ്ങിയത്. ഒടുവിൽ ചെപ്പോക്കിലേക്ക് 5.20 കോടി രൂപയ്ക്ക് രാഹുൽ ചഹറിനെ ചെന്നൈ സൂപ്പർ കിങ്സ് എത്തിക്കുന്നു.
- Dec 16, 2025 20:09 IST
ലിയാം ലിവിങ്സ്റ്റണിനായി പൊരിഞ്ഞ പോര്
ഇംഗ്ലണ്ട് വെടിക്കെട്ട് ബാറ്റർ ലിവിങ്സ്റ്റണിനായി ഹൈദബാദും ലക്നൗവും തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്. ഒടുവിൽ 13 കോടി രൂപയ്ക്ക് ലിവിങ്സ്റ്റൺ സൺറൈസേഴ്സ് ഹൈദരാബാദിലേക്ക് എത്തി.
- Dec 16, 2025 20:05 IST
സർഫറാസ് ഖാനെ സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്
ഇന്ത്യൻ ബാറ്റർ സർഫറാസ് ഖാനെ സ്ക്വാഡിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്. അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് സർഫറാസ് ഖാൻ ചെപ്പോക്കിലേക്ക് വരുന്നത്. മിനി താരലേലത്തിലേക്ക് രണ്ടാം വട്ടം പേരെത്തിയപ്പോഴും പൃഥ്വി ഷായെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ തയ്യാറായില്ല.
- Dec 16, 2025 19:51 IST
ചെന്നൈ സൂപ്പർ കിങ്സിൽ 4 വിക്കറ്റ് കീപ്പർമാർ
ഐപിഎൽ മിനി താര ലേലത്തിലൂടെ കാർത്തിക് ശർമയേയും സ്വന്തമാക്കിയതോടെ ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡിൽ ഇപ്പോൾ നാല് വിക്കറ്റ് കീപ്പർ ബാറ്റർമാരായി. ഉർവിൽ പട്ടേൽ, സഞ്ജു സാംസൺ, എം എസ് ധോണി, കാർത്തിക് ശർമ.
- Dec 16, 2025 19:34 IST
ഈ വിദേശ താരങ്ങളെ ആർക്കും വേണ്ട
അൺസോൾഡ് ആയ വിദേശ താരങ്ങളിൽ ഇവരും;
അൽസാരി ജോസഫ്- അടിസ്ഥാന വില രണ്ട് കോടി- അൺസോൾഡ്
റിച്ചാർഡ് ഗ്ലീസൺ- അടിസ്ഥാന വില 75 ലക്ഷം
ടാസ്കിൻ അഹമ്മദ്- അടിസ്ഥാന വില 75 ലക്ഷം- അൺസോൾഡ്
റിച്ചാർഡ്‌സൺ - അടിസ്ഥാന വില 1.5 കോടി - അൺസോൾഡ്
റൈലി മെറിഡിത്ത്- അടിസ്ഥാന വില 1.50 കോടി- അൺസോൾഡ്
- Dec 16, 2025 19:16 IST
മങ്കേഷ് യാദവ് ഇനി ആർസിബി താരം
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദുമാണ് മങ്കേഷ് യാദവിനെ സ്വന്തമാക്കാൻ മത്സരിച്ചത്. ഒടുവിൽ 5.20 കോടി രൂപയ്ക്ക് ആർസിബി മങ്കേഷിനെ സ്വന്തമാക്കി.
- Dec 16, 2025 19:09 IST
മലയാളി താരം ആസിഫ് അൺസോൾഡ്
മലയാളി ബോളർ കെ എം ആസിഫിനെ ലേലത്തിൽ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ തയ്യാറായില്ല. ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് എന്നീ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു ആസിഫ്.
- Dec 16, 2025 18:56 IST
മുസ്താഫിസൂർ റഹ്മാന് 9 കോടി
ബംഗ്ലാദേശ് താരം മുസ്താഫിസൂർ റഹ്മാനെ ഒൻപത് കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് സ്വന്തമാക്കി.
- Dec 16, 2025 18:54 IST
പ്രശാന്ത് വീറിനെ പൊന്നും വിലകൊടുത്ത് വാങ്ങിയത് എന്തിന്?
20കാരനായ പ്രശാന്ത് വീറിനെ 14 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത് രവീന്ദ്ര ജഡേജയുടെ പകരക്കാരനായി കണ്ടാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. ജഡേജയെ കൈമാറിയായിരുന്നു സഞ്ജുവിനെ ചെന്നൈ ട്രേഡ് വിൻഡോയിലൂടെ ടീമിലെത്തിച്ചത്.
- Dec 16, 2025 18:45 IST
വെസ്റ്റ് ഇൻഡീസ് താരം ഹോൾഡറിന് ഏഴ് കോടി
ചെന്നൈ സൂപ്പർ കിങ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ഫ്രാഞ്ചൈസികൾ വെസ്റ്റ് ഇൻഡീസ് താരത്തിനായി ലേലത്തിൽ മത്സരിച്ചു. രണ്ട് കോടിയായിരുന്നു വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റന്റെ അടിസ്ഥാന വില. ഏഴ് കോടിയിലെത്തിയതോടെചെന്നൈ പിന്മാറി. അടുത്ത സീസണിൽ ഓൾറൗണ്ടർ ഗുജറാത്തിനായി കളക്കും.
- Dec 16, 2025 18:38 IST
ലങ്കയുടെ പാത്തും നിസങ്കയ്ക്ക് നാല് കോടി
ശ്രീലങ്കൻ ബാറ്റർ പാത്തും നിസങ്കയെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. നാല് കോടിക്കാണ് ലങ്കയുടെ റൺവേട്ടക്കാരനെ ഡൽഹി സ്ക്വാഡിലെത്തിച്ചത്. രാഹുൽ ത്രിപാഠി 75 ലക്ഷത്തിന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലേക്കും എത്തി.
- Dec 16, 2025 18:32 IST
കാർത്തിക് ശർമയെ റാഞ്ചിയ ധോണിയുടെ മനസിൽ എന്ത്?
താര ലേലത്തിന് മുൻപ് വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിനെ ചെന്നൈ സ്ക്വാഡിലെത്തിച്ചു. താര ലേലത്തിലൂടെ ഇപ്പോൾ 19കാരനായ വിക്കറ്റ് കീപ്പർ കാർത്തിക് ശർമയേയും സ്വന്തമാക്കി. ഇതോടെ അടുത്ത സീസണിൽ ധോണി ലക്ഷ്യം വെക്കുന്നത് എന്താണ് എന്നാണ് ആരാധകരുടെ ചോദ്യം. ധോണി മത്സരിക്കാൻ ഇറങ്ങില്ലേ എന്ന ആശങ്കയും ആരാധകർ പങ്കുവയ്ക്കുന്നു.
- Dec 16, 2025 18:13 IST
ആരാണ് 30 ലക്ഷത്തിൽ നിന്ന് കോടികൾ വാരിയ ഔക്വിബ് നബി?
ഐപിഎൽ താര ലേലത്തിൽ ഫ്രാഞ്ചൈസികൾ സ്വന്തമാക്കാനായി കൊമ്പുകോർത്ത ജമ്മുകശ്മീർ ഓൾറൗണ്ടർ ദക്ഷിണാഫ്രിക്കൻ മുൻ പേസർ ഡെയ്ൽ സ്റ്റെയ്നിന്റെ കടുത്ത ആരാധകൻ ആണ്. ഔക്വിബ് നബിയെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക്ചെയ്യു.
- Dec 16, 2025 17:58 IST
അശോക് ശർമ ഗുജറാത്ത് ടൈറ്റൻസിന് സ്വന്തം
അശോക് ശർമയ്ക്കായി ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് ലേലത്തിലിറങ്ങിയത്. ഒടുവിൽ 90 കോടി രൂപയ്ക്ക് അശോക് ശർമയെ ഗുജറാത്ത് ടീമിലെത്തിച്ചു.
- Dec 16, 2025 17:37 IST
വിഘ്നേഷ് പുത്തൂർ രാജസ്ഥാൻ റോയൽസിൽ
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിനായി മികവ് കാണിച്ച് ഇടംകയ്യൻ സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ രാജസ്ഥാൻ സ്ക്വാഡിലെത്തിച്ചത്. വിഘ്നേഷിന്റെ പേര് താര ലേലത്തിൽ വിളിച്ച സമയം കാണികളിൽ നിന്ന് കയ്യടി ഉയർന്നിരുന്നു. എന്നാൽ മലയാളി താരത്തിനായി ലേലത്തിലേക്ക് ഇറങ്ങാൻ ഫ്രാഞ്ചൈസികൾ മടിച്ചു.
- Dec 16, 2025 17:29 IST
മുകുൽ ചൗധരി ലക്നവിൽ
30 ലക്ഷം രൂപ അടിസ്ഥാന വിലയായിരുന്ന മുകുൽ ചൗധരിക്കായി രാജസ്ഥാനാണ് ആദ്യം താര ലേലത്തിലിറങ്ങിയത്. പിന്നാലെ മുംബൈയും എത്തി. ഇരുവരും വിട്ടുകൊടുക്കാതിരുന്നതോടെ മുകുലിന്റെ തുക ഒരു കോടി കടന്നു. ഇതോടെ മുംബൈ പിന്മാറി. അവസാന നിമിഷം ലക്നൗ താരത്തെ 2.60 കോടി രൂപയ്ക്ക് സ്വന്തമാക്കി.
- Dec 16, 2025 17:13 IST
19കാരൻ വിക്കറ്റ് കീപ്പറിനായി പണം വാരിയെറിഞ്ഞ് ചെന്നൈ
19കാരനായ വിക്കറ്റ് കീപ്പർ ബാറ്റർ കാർത്തിക് ശർമയെ ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡിലെത്തിച്ചത് വമ്പൻ വില കൊടുത്ത്. 14.2 കോടി രൂപയാണ് രാജസ്ഥാനിൽ നിന്നുള്ള കാർത്തിക് ശർമയ്ക്കാണ് സിഎസ്കെ മുടക്കിയത്. വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിനെ ട്രേഡ് വിൻഡോയിലൂടെ സ്വന്തമാക്കിയതിന് പിന്നാലെയാണ് മറ്റൊരു വിക്കറ്റ് കീപ്പറെ കൂടി സിഎസ്കെ സ്ക്വാഡിലെത്തിച്ചത്.
- Dec 16, 2025 17:05 IST
പ്രശാന്ത് വീറിന് 8.4 കോടി
ഉത്തർപ്രദേശിൽ നിന്നുള്ള സ്പിൻ ബോളിങ് ഓൾറൗണ്ടറായ പ്രശാന്ത് വീറിന് വേണ്ടി വാശിയേറിയ പോരാട്ടമാണ് ഫ്രാഞ്ചൈസികൾ നടത്തിയത്. രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബെംഗളബരു,ഡൽഹി, ഹൈദരാബാദ് ഫ്രാഞ്ചൈസികൾ പ്രശാന്തിനായി കൊമ്പുകോർത്തു. ഒടുവിൽ 8.4 കോടിക്ക് ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്ക്വാഡിലെത്തിച്ചു.
- Dec 16, 2025 16:51 IST
മലയാളി താരം ഏഥൻ ആപ്പിൾ ടോമിന് നിരാശ
കേരളാ താരം ഏഥൻ ആപ്പിൾ ടോമിനെ സ്വന്തമാക്കാൻ 10 ഫ്രാഞ്ചൈസികളിൽ ആരും തയ്യാറായില്ല. 30 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില
- Dec 16, 2025 16:48 IST
ജമ്മുകശ്മീർ താരത്തിന് 8.40 കോടി
ജമ്മുകശ്മീർ താരമായ അഖ്വിബ് ദാർ നബിക്ക് വേണ്ടി ഡൽഹി, രാജസ്ഥാൻ, ബെംഗളൂരു ഫ്രാഞ്ചൈസികളാണ് കൊമ്പുകോർത്തത്. 30 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഒടുവിൽ 8.40 കോടി രൂപയ്ക്ക് ഡൽഹി അഖ്വിബിനെ സ്ക്വാഡിലെത്തിച്ചു.
- Dec 16, 2025 16:30 IST
മുംബൈ ഇന്ത്യൻസ് ഹാപ്പി
ദക്ഷിണാഫ്രിക്ക വിക്കറ്റ് കീപ്പർ ബാറ്റർ ഡികോക്കിനെ വീണ്ടും നിലക്കുപ്പായത്തിലേക്ക് കൊണ്ടുവന്ന് മുംബൈ ഇന്ത്യൻസ്. ഏറ്റവും കുറവ് തുകയുമായി താര ലേലത്തിൽ എത്തിയ ഫ്രാഞ്ചൈസിയാണ് മുംബൈ. ഡികോക്കിനെ സ്വന്തമാക്കാനായതോടെ മുൻനിര ബാറ്റിങ് മുംബൈക്ക് ശക്തിപ്പെടുത്താനാവും.
- Dec 16, 2025 16:14 IST
7.20 കോടിക്ക് രവി ബിഷ്ണോയി രാജസ്ഥാനിൽ
7.20 കോടി രൂപയ്ക്ക് ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയിയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. മാറ്റ് ഹെൻറി, ആകാഷ് ദീപ്, ശിവം മവി എന്നിവർ അൺസോൾഡ്.
- Dec 16, 2025 16:00 IST
മതീഷ പതിരാനയ്ക്ക് വേണ്ടി കൊമ്പുകോർത്ത് ഫ്രാഞ്ചൈസികൾ
ശ്രീലങ്കൻ ബോളർ മതീഷ പതിരാനയ്ക്ക് വേണ്ടി ഡൽഹി, ലക്നൗ, കൊൽക്കത്ത എന്നീ ഫ്രാഞ്ചൈസികൾ കടുത്ത മത്സരമാണ് നടത്തിയത്. ഒടുവിൽ 18 കോടി രൂപയ്ക്ക് താരത്തെ കൊൽക്കത്ത സ്വന്തമാക്കി
- Dec 16, 2025 15:47 IST
25 കോടിയിൽ കാമറൂൺ ഗ്രീനിന് ലഭിക്കുക 18 കോടി
കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് കാമറൂൺ ഗ്രീനിന് വേണ്ടി 25 കോടി രൂപ വാരിയെറിഞ്ഞെങ്കിലും താരത്തിന് ലഭിക്കുക 18 കോടിയാണ്. ബിസിസിഐ കൊണ്ടുവന്ന പുതിയ നിയമത്തെ തുടർന്നാണ് ഇത്.
- Dec 16, 2025 15:38 IST
ഫിൻ അലൻ രണ്ട് കോടിക്ക് കൊൽക്കത്തയിൽ
ജോണി ബെയർസ്റ്റോയേയും ജേമി സ്മിത്തിനേയും സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾ മുൻപോട്ട് വന്നില്ല. ബെൻ ഡക്കറ്റിനെ രണ്ട് കോടി രൂപയ്ക്ക് ഡൽഹി സ്വന്തമാക്കി. രണ്ട് കോടി രൂപയ്ക്കാണ് ന്യൂസിലൻഡ് താരം ഫിൻ അലൻ കൊൽക്കത്തയിലേക്ക് വരുന്നത്.
- Dec 16, 2025 15:28 IST
ഡിക്കോക്ക് മുംബൈയിൽ
ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഡികോക്കിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. രണ്ട് കോടി രൂപയ്ക്ക് ഫിൻ അലൻ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലേക്കെത്തി. ഇന്ത്യൻ താരങ്ങളായ ദീപക് ഹൂഡയും കെ എസ് ഭരതും അൺസോൾഡ്.
- Dec 16, 2025 15:22 IST
വെങ്കടേഷ് അയ്യർ ആർസിബിയിൽ
എൽഎസ്ജിയും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരും ആണ് വെങ്കടേഷിന് വേണ്ടി ആദ്യം ലേലത്തിലേക്ക് ഇറങ്ങിയത്. ആർസിബി വെങ്കടേഷിനെ സ്വന്താക്കും എന്ന നിലയിൽ നിൽക്കെ കൊൽക്കത്ത തങ്ങളുടെ മുൻ താരത്തിനായി ലേലത്തിലേക്ക് ഇറങ്ങി. എന്നാൽ ഒടുവിൽ കൊൽക്കത്ത പിന്മാറി. ഇതോടെ ഏഴ് കോടിക്ക് വെങ്കടേഷ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലേക്ക് എത്തി.
കഴിഞ്ഞ ഐപിഎൽ സീസണിൽ 11 കളിയിൽ നിന്ന് 142 റൺസ് മാത്രം ആണ് വെങ്കടേഷിന് സ്വന്തമാക്കാനായത്. ബാറ്റിങ് ശരാശരി 20.
- Dec 16, 2025 15:11 IST
പൃഥ്വി ഷാ ഇത്തവണയും അൺസോൾഡ്
ഇന്ത്യൻ യുവ താരം പൃഥ്വി ഷായെ സ്വന്തമാക്കാനും ഇത്തവണ ഫ്രാഞ്ചൈസികൾ തയ്യാറായില്ല.
ഡെവോൺ കോൺവോയും രചിൻ രവീന്ദ്രയും ലിവിങ്സ്റ്റണും അൺസോൾഡ് ആയി. ഡേവിഡ് മില്ലറെ രണ്ട് കോടിക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
- Dec 16, 2025 15:06 IST
വെങ്കടേഷ് അയ്യരെ സ്വന്തമാക്കുക ഏത് ഫ്രാഞ്ചൈസി?
23 കോടി രൂപയായിരുന്നു വെങ്കടേഷ് അയ്യറിനായി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് മുടക്കിയത്. എന്നാൽ കഴിഞ്ഞ സീസണിൽ വെങ്കടേഷ് പൂർണമായും നിരാശപ്പെടുത്തി. ക്യാപ്റ്റൻസി വെങ്കിടേഷിന്റെ കൈകളിലേക്ക് നൽകാതിരുന്നത് താരത്തെ ബാധിച്ചതായി വിലയിരുത്തൽ വന്നിരുന്നു. രഹാനെയാണ് കഴിഞ്ഞസ സീസണിൽ ടീമിനെ നയിച്ചത്.
- Dec 16, 2025 15:01 IST
22 പന്തിൽ 73 റൺസ്; എന്നിട്ടും സർഫറാസ് ഖാനെ വാങ്ങാൻ ആളില്ല
75 ഇന്ത്യൻ താരം സർഫറാസ് ഖാനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികളാരും തയ്യാറായില്ല. താര ലേലത്തിന് മണിക്കൂറുകൾ മാത്രം മുൻപ് നടന്ന മത്സരത്തിൽ സർഫറാസ് ഖാൻ 22 പന്തിൽ നിന്ന് 73 റൺസ് എടുത്തിരുന്നു. എന്നാൽ ഫ്രാഞ്ചൈസികൾ ഇത് പരിഗണിച്ചില്ല.
- Dec 16, 2025 14:58 IST
കാമറൂൺ ഗ്രീനിന് 25 കോടി
കാമറൂൺ ഗ്രീനിന് വേണ്ടി നടന്ന വാശിയേറിയ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ മറികടന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഓസീസ് താരത്തെ സ്ക്വാഡിലെത്തിച്ചു.
- Dec 16, 2025 14:54 IST
കാമറൂൺ ഗ്രീനിന് വേണ്ടി കടുത്ത പോര്
ഓസ്ട്രേലിയൻ ഓൾറൗണ്ടറർ കാമറൂൺ ഗ്രീനിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us