ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താരലേലത്തിന് ഇത്തവണ കൊച്ചി വേദിയാകും. ഡിസംബര്‍ 23നാണ് വിവിധ ടീമുകളിലേക്കുള്ള താരങ്ങളെ തെരഞ്ഞെടുക്കുന്ന ലേലം നടക്കുന്നത്. ബിസിസിഐ ഇക്കാര്യം ഫ്രാഞ്ചൈസികളെ അറിയിച്ചതായാണ് റിപോര്‍ട്ട്. 2022ന് സീസണിന് മുന്നോടിയായി മെഗാ താരലേലം നടന്ന സാഹചര്യത്തില്‍ ഇത്തവണ ഒറ്റദിവസം കൊണ്ട് അവസാനിക്കുന്ന മിനി ലേലമായിരിക്കും നടക്കുക. ഓരോ ടീമിനും പരമാവധി ചെലവഴിക്കാവുന്ന തുക അഞ്ച് കോടി രൂപ ഉയര്‍ത്തി 95 കോടിയാക്കിലിരുന്നു.
ലേലത്തിന് മുമ്പായി അതാത് ഫ്രഞ്ചൈസികള്‍ റിലീസ് ചെയ്യുന്ന താരങ്ങളുടെ പട്ടിക ഈ മാസം 15ന് മുമ്പ് സമര്‍പ്പിക്കണമെന്നാണ് ബിസിസിഐ നിര്‍ദേശം. ഫ്രാഞ്ചൈസികള്‍ റിലീസ് ചെയ്യുന്നവരാണ് മിനി താര ലേലത്തിലേക്ക് എത്തുക.
താരങ്ങളെ സ്വന്തമാക്കുന്നതിന് ഏറ്റവും കൂടുതല്‍ പണം അക്കൗണ്ടിലുള്ളത്(3.45 കോടി രൂപ)പഞ്ചാബ് കിങ്സിന്റെ പക്കലാണ്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കൈവശം 2.95 കോടിയും റോയല്‍ ചാലഞ്ചേഴ്സിന്റെ കൈവശം 1.55 കോടിയുമുണ്ട്. രാജസ്ഥാന്‍ റോയല്‍സ്- 95 ലക്ഷം, കൊല്‍ക്കത്ത-45 ലക്ഷം, ഗുജറാത്ത് ടൈറ്റാന്‍സ്-15 ലക്ഷം, മുംബൈ, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി കാപിറ്റല്‍ എന്നീടീമുകളുടെ കൈവശം 10 ലക്ഷം എന്നിങ്ങനെയും മിച്ചമുണ്ട്. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് താരങ്ങളെ സ്വന്തമാക്കാന്‍ പണമില്ല.
കഴിഞ്ഞ വര്‍ഷത്ത ഐപിഎല്‍ മെഗാ താര ലേലം ബെംഗളൂരുവിലാണ് നടന്നത്. ലേലത്തില്‍ 107 ക്യാപ്ഡ് താരങ്ങളും 97 അണ്‍ ക്യാപ്ഡ് താരങ്ങളുമാണ് വിവിധ ടീമുകളിലെത്തിയത്. ആകെ 551.7 കോടി രൂപയാണ് കളിക്കാരെ സ്വന്തമാക്കാന്‍ വിവിധ ടീമുകള്‍ ചെലവഴിച്ചത്. 137 ഇന്ത്യന്‍ താരങ്ങളും 67 വിദേശ താരങ്ങളും ലേലത്തില്‍ വിവിധ ടീമുകളിലെത്തി.