ട്വന്റി 20 ക്രിക്കറ്റ് എന്നും ബാറ്റർമാരുടെ പൂരമായാണ് അറിയപ്പെടുന്നത്. കൂറ്റൻ ബൗണ്ടറികൾ കൊണ്ട് ഗ്രൗണ്ടിൽ വിസ്മയങ്ങൾ തീർക്കുന്നത് അവരാണ്. അതുകൊണ്ട് തന്നെ ടി20യിലെ മോശം പ്രകടനങ്ങൾക്ക് മിക്കപ്പോഴും ബാറ്റർമാർ വലിയതോതിൽ വിമർശനങ്ങൾക്ക് വിധേയരാവാറുണ്ട്.
ഐപിഎല്ലിൽ അത്തരം വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ നിരവധി താരങ്ങളുണ്ട്. പുതിയ സീസണിൽ ടീമിന്റെ വിജയത്തിന് ഉൾപ്പെടെ നിർണായക സംഭാവനകൾ നൽകി ഈ സീസണിൽ വിമർശകരുടെ വായടപ്പിക്കാൻ ഒരുങ്ങുന്ന ചില താരങ്ങളെ അറിയാം.
ശ്രേയസ് അയ്യർ
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പുതിയ നായകൻ ശ്രേയസ് അയ്യർ ഒറ്റയ്ക്ക് മത്സരത്തിന്റെ ഗതി മാറ്റാൻ കഴിയുന്ന താരമാണ്. 87 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 2,375 റൺസ് നേടിയ ശ്രേയസ് തന്റെ പുതിയ പദവി പൂർണമായി ഉപയോഗപ്പെടുത്താനും തന്നെ കൊണ്ട് പലതും കഴിയും എന്ന് തെളിയിക്കാനും ഉറച്ചാവും ഇറങ്ങുക. കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ മികച്ച ഫോം ഐപിഎല്ലിലും ആവർത്തിക്കാനായാൽ കൊൽക്കത്തയ്ക്ക് അത് വലിയ ആശ്വാസമാകും.
സമ്മർദത്തെ അതിജീവിച്ച് നിർഭയമായി ക്രിക്കറ്റ് കളിക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അദ്ദേഹത്തെ കൂടുതൽ മികച്ചതാക്കുന്നു, കൂടാതെ മുംബൈയിൽ കളിക്കുന്നത് ഈ ‘ലോക്കൽ ബോയി’ക്ക് തന്ത്രങ്ങൾ മെനയാൻ ഏറെ സഹായകമാകും.
വിരാട് കോഹ്ലി
ഇന്ത്യൻ ടീമിന്റെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും ക്യാപ്റ്റൻസി ഒഴിഞ്ഞ അത്തരം ഭാരങ്ങൾ ഒന്നുമില്ലാത്ത കോഹ്ലി കൂടുതൽ സ്വതന്ത്രമായി കളിക്കും എന്നാണ് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും പ്രതീക്ഷിക്കുന്നത്. അങ്ങെനയാകുമ്പോൾ അദ്ദേഹം കൂടുതൽ അപകടകാരിയാകും എന്നാണ് എതിർ ടീമുകളുടെ ആശങ്ക.
ടോപ്പ്-ഓർഡർ ബാറ്ററായാ അദ്ദേഹം പൂർണ ഫോമിലാണെങ്കിൽ ക്രിക്കറ്റ് ആരാധകർക്ക് അതൊരു വിരുന്നാണ്. 2016ൽ അത് കണ്ടതുമാണ്. 207 മത്സരങ്ങളിൽ നിന്ന് 6,283 റൺസ് നേടിയിട്ടുള്ള വിരാട്, ഐപിഎല്ലിലെ മികച്ച റൺ വേട്ടക്കാരനാണ്.
ശിഖർ ധവാൻ
മെഗാലേലത്തിൽ പഞ്ചാബ് കിംഗ്സ് വാങ്ങിയ ഈ ഇടംകൈയ്യൻ ഓപ്പണർ, ഐപിഎല്ലിന്റെ അവസാന ആറ് സീസണുകളിൽ ഓരോന്നിലും 450-ലധികം റൺസ് നേടിയിട്ടുണ്ട്.
ആകെ 5,784 റൺസുള്ള ധവാൻ ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിരാട് കോഹ്ലിക്ക് പിന്നിൽ രണ്ടാമതാണ്, 6,000 റൺസ്കടക്കാൻ താരത്തിന് ഇനി 216 റൺസ് മാത്രം മതി. 8.25 യ്ക്ക് പഞ്ചാബിലെത്തിയ ‘ഗബ്ബർ’ അതിനനുസരിച്ച ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും ആഗ്രഹിക്കുക.
ജോസ് ബട്ട്ലർ
ഈ കാലഘട്ടത്തിലെ ഏറ്റവും അപകടകാരിയായ വിക്കറ്റ് കീപ്പർബാറ്റർ എന്നറിയുന്ന താരമാണ് ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പർ ബാറ്ററും രാജസ്ഥാൻ റോയൽസ് താരവുമായ ജോസ് ബട്ട്ലർ.
65 മത്സരങ്ങളിൽ നിന്ന് 1,968 റൺസ് നേടിയ ഈ വലംകൈയ്യൻ ബാറ്റർ രാജസ്ഥാന് വേണ്ടി നിർണായക പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ്. മുംബൈയിലെയും പൂണെയിലെയും ബാറ്റിംഗിന് അനുകൂലമായ പിച്ചുകളിൽ കളിച്ചുള്ള അനുവഭവവും, ഏത് ഘട്ടത്തിലും ആക്രമിച്ചു കളിക്കാനുള്ള മികവും ഈ സീസണിലും ടീമിന് മുതൽക്കൂട്ടാകും. രാജസ്ഥാൻ റോയസിന് രണ്ടാം ഐപിഎൽ കിരീടം നേടണമെങ്കിൽ അവിടെ ബട്ട്ലരുടെ പ്രകടനം നിർണായകമാകും.
ഡേവിഡ് വാർണർ
ഓസ്ട്രേലിയൻ ഓപ്പണർ വാർണർ തന്റെ ഐപിഎൽ കരിയർ ആരംഭിച്ച ഡൽഹി ക്യാമ്പിലേക്ക് മടങ്ങിയെത്തുകയാണ്. അപകടകാരിയായ ഈ ബാറ്റർ 150 ഐപിഎൽ മത്സരങ്ങൾ കളിക്കുകയും ഇതുവരെ5,449 റൺസ് നേടുകയും ചെയ്തിട്ടുണ്ട്.
നാല് സെഞ്ചുറികളും 50 അർദ്ധ സെഞ്ചുറികളും ഉള്ള വാർണർ ഐപിഎല്ലിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ്. ക്യാപ്റ്റൻസി സമ്മർദം ഇല്ലാത്ത ഒരു വിനാശകാരിയായ ഓപ്പണറയാകും വാർണർ ഇത്തവണ കളിക്കുക. അതുകൊണ്ട് തന്നെ വാർണറിൽ നിന്നും ആരാധകർ നല്ലൊരു വെടിക്കെട്ട് തന്നെ പ്രതീക്ഷിക്കാം.
Also Read: ക്യാപ്റ്റൻ കൂൾ വഴിമാറി; ചെന്നൈയെ ഇനി ജഡേജ നയിക്കും