മാർച്ച് 27ന് നടക്കുന്ന മുംബൈ ഇന്ത്യൻസിന്റെ ഐപിഎൽ ഓപ്പണർ മത്സരത്തിൽ നിന്ന് സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ് വിട്ടു നിന്നേക്കും. ഡൽഹി കാപിറ്റൽസിനെതിരാണ് മുംബൈയുടെ ആദ്യ മത്സരം. തള്ളവിരലിലെ പരിക്കിനെത്തുടർന്നാണ് സൂര്യകുമാറിന് മാറിനിൽക്കേണ്ടി വരിക.
മുംബൈ ഇന്ത്യൻസ് നിലനിർത്തിയ നാല് കളിക്കാരിൽ ഒരാളായ യാദവിന് വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയ്ക്കിടെയാണ് പരിക്കേറ്റത്. തുടർന്ന് ശ്രീലങ്കയ്ക്കെതിരായ മത്സരങ്ങൾ നഷ്ടമായിരുന്നു.
“സൂര്യ ഇപ്പോൾ എൻസിഎയിൽ തിരിച്ചുവരവിനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ്. അദ്ദേഹം സുഖം പ്രാപിക്കാനുള്ള വഴിയിലാണ്, എന്നാൽ ഓപ്പണിംഗ് ഗെയിമിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലാണ്,” മുതിർന്ന ബിസിസിഐ പ്രതിനിധി പറഞ്ഞു.
“അതിനാൽ ഓപ്പണറായി കളിച്ച് അപകടത്തിലാക്കരുതെന്ന് ബോർഡിന്റെ മെഡിക്കൽ ടീം അദ്ദേഹത്തെ ഉപദേശിക്കാൻ സാധ്യതയുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
മുംബൈയെ സംബന്ധിച്ചിടത്തോളം, നായകൻ രോഹിത് ശർമ്മയ്ക്കും ഇഷാൻ കിഷനും പുറമെയുള്ള ഏറ്റവും പ്രധാനപ്പെട്ട ബാറ്റർ യാദവാണ്. അതിനാൽ, എംഐ ടീം മാനേജ്മെന്റ് ഒരു റിസ്ക് എടുക്കാൻ ഒരു വഴിയുമില്ല.
എംഐക്ക് അവരുടെ ആദ്യ മത്സരത്തിന് ശേഷം അഞ്ച് ദിവസത്തെ ഇടവേളയുണ്ട്. ഏപ്രിൽ രണ്ടിന് രാജസ്ഥാൻ റോയൽസുമായാണ് രണ്ടാം മത്സരം. ആ മത്സരത്തിൽ സൂര്യക്ക് ഫിറ്റായി പങ്കെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
“രണ്ടാമത്തെ എംഐ ഗെയിമിൽ, അദ്ദേഹം 100 ശതമാനം മാച്ച് ഫിറ്റായിരിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം ആദ്യ ഗെയിം കളിച്ചില്ലെങ്കിൽ അത് മുൻകരുതൽ നടപടിയായിരിക്കും, ”ബിസിസിഐ ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ ‘പ്ലേയർ ഓഫ് ദി സീരീസ്’ അവാർഡ് നേടി മികച്ച ഫോമിലായിരുന്നു യാദവ് .