IPL 2022 Qualifier 2, RR vs RCB Score Updates: ഐപിഎൽ 2022 സീസൺ ഫൈനലിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനോട് തോറ്റ രാജസ്ഥാൻ രണ്ടാം ക്വാളിഫയറിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപിച്ചാണ് ഫൈനലിൽ പ്രവേശിച്ചത്. ഞായറാഴ്ചയാണ് ഫൈനൽ.
രണ്ടാം ക്വാളിഫയറിൽ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആർസിബി ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി.
ഓപ്പണർ ജോസ് ബട്ട്ലർ പുറത്താകാതെ നേടിയ സെഞ്ചുറി രാജസ്ഥാന്റെ ജയം എളുപ്പമാക്കി. 60 പന്തിൽ 10 ഫോറും ആറ് സിക്സുമടക്കം 106 റൺശാണ് ബട്ട്ലർ നേടിയത്. മറ്റൊരു ഓപ്പണറായ യശസ്വി ജൈസ്വാൾ 13 പന്തിൽ നിന്ന് 21 റൺസ് നേടി. കാപ്റ്റൻ സഞ്ജു സാംസൺ 21 പന്തിൽ നിന്ന് 23 റൺസ് നേടി. ദേവ്ദത്ത് പടിക്കൽ ഒമ്പത് റൺസ് നേടി പുറത്തായി. ഹെറ്റ്മിയർ പുറത്താകാതെ രണ്ട് റൺസെടുത്തു.
ആർസിബിക്ക് വേണ്ടി ഹേസൽവുഡ് രണ്ട് വിക്കറ്റും ഹസരംഗ ഒരു വിക്കറ്റും വീഴ്ത്തി.
. ആദ്യം ബാറ്റ് ചെയ്ത ആർസിബി എട്ട് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് നേടി.
ആർസിബിക്ക് വേണ്ടി രജത് പാടിദാർ അർദ്ധ സെഞ്ചുറി നേടി. 42 പന്തിൽ നാല് ഫോറും മൂന്ന് സിക്സും അടക്കം 58 റൺസാണ് രജത് നേടിയത്. ഓപ്പണിങ്ങിനിറങ്ങിയ വിരാട് കോഹ്ലി എട്ട് പന്തിൽ ഏഴ് റൺസും കാപ്റ്റൻ ഫാഫ് ഗുപ്ലെസിസ് 27 പന്തിൽ 25 റൺസുമെടുത്ത് പുറത്തായി.
മാക്സ്വെൽ 24 റൺസെടുത്തു. മഹിപാൽ ലോംറോർ എട്ട് റൺസും ദിനേശ് കാർത്തിക് ആറ് റൺസും ഷഹ്ബാസ് അഹമ്മദ് പുറത്താകാതെ 12 റൺസും ഹർഷൽ പട്ടേൽ ഒരു റണ്ണും ഹേസൽവുഡ് പുറത്താകാതെ ഒരു റണ്ണും എടുത്തു.
രാജസ്ഥാന് വേണ്ടി പ്രസിദ്ധ് കൃഷ്ണയും ഒബേദ് മക്കോയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. ട്രെന്റ് ബോൾട്ടും അശ്വിനും ഓരോ വിക്കറ്റെടുത്തു.