ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ്-രാജസ്ഥാൻ റോയൽസ് മത്സരത്തിൽ ഗുജറാത്തിന് 37 റൺസ് ജയം.
ഗുജറാത്ത് ഉയർത്തിയ 193 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടാനായത്.
രാജസ്ഥാന് വേണ്ടി ഓപ്പണർ ജോസ് ബട്ട്ലർ 24 പന്തിൽ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും അടക്കം 54 റൺസ് നേടി. മറ്റ് കളിക്കാർക്കൊന്നും ബാറ്റിങ്ങിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. ദേവ്ദത്ത് പടിക്കൽ റണ്ണൊന്നുമെടുക്കാതെ പുറത്തായി. അശ്വിൻ എട്ട് റൺസും സഞ്ജു 11 റൺസുമെടുത്ത് പുറത്തായി. റാസി വാൻഡെർ ഡസൻ-ആറ്, ഷിംറോൺ ഹെറ്റ്മിയർ-29, റയാൻ പരാഗ്-18, ജെയിംസ് നീഷാം-17, പ്രസിദ്ധ് കൃഷ്ണ-നാല്, യസ്വേന്ദ്ര ചാഹൽ-അഞ്ച് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
ഗുജറാത്തിന് വേണ്ടി യഷ് ദയാലും ലോക്കി ഫെർഗൂസനും മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹർദിക് പാണ്ഡ്യയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി.
തുടക്കത്തിൽ ഗുജറാത്തിന് ബാറ്റിങ് തകർച്ച നേരിട്ടിരുന്നു. പിന്നീട് നാലാമനായി ഇറങ്ങിയ കാപ്റ്റൻ ഹർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ഗുജറാത്തിന്റെ സ്കോർ ഉയർത്തിയത്. 52 പന്തിൽ നിന്ന് എട്ട് ഫോറും നാല് സിക്സും അടക്കം 87 റൺസാണ് പാണ്ഡ്യ നേടിയത്.
ഓപ്പണിങ്ങിനിറങ്ങിയ മാത്യു വെയ്ഡ് 12 റൺസും ശുഭ്മാൻ ഗിൽ 13 റൺസും മാത്രമെടുത്ത് പുറത്തായി. വിജയ് ശങ്കർ രണ്ട് റൺസെടുത്തി പുറത്തായി.
മിഡിൽ ഓർഡറിൽ കളിച്ച അഭിനവ് മനോഹർ 43 റൺസും ഡേവിഡ് മില്ലർ പുറത്താകാതെ 31 റൺസും നേടി.
രാജസ്ഥാന് വേണ്ടി യസ്വേന്ദ്ര ചാഹലും റയാൻ പരാഗും കുൽദീപ് സെന്നും ഓരോ വിക്കറ്റ് വീഴ്ത്തി.