രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ് ടീമിനൊപ്പം ഇന്ന് ഉണ്ടാവില്ല. അദ്ദേഹത്തോടൊപ്പം ടീം ഹോട്ടലിൽ താമസിച്ചിരുന്ന കുടുംബാംഗങ്ങളിൽ ഒരാൾ കോവിഡ് പോസിറ്റീവായതിനെ തുടർന്നാണിത്. പോണ്ടിങ്ങും കുടുംബവും ഹോട്ടലിൽ ക്വാറന്റൈനിലാണ്.
ഐപിഎല്ലിൽ ഇതിനോടകം ഒന്നിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ടീമാണ് ഡൽഹി. ടീമിലെ കളിക്കാരും സപ്പോർട്ട് സ്റ്റാഫും കുടുംബാംഗങ്ങളും ഉൾപ്പെടെ മുഴുവൻപേരും വ്യാഴം, വെള്ളി ദിവസങ്ങളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയരായിരുന്നു. ഇതിലാണ് പോണ്ടിങ്ങിന്റെ കുടുംബാംഗത്തിന് കോവിഡ് സ്ഥിരീകരിച്ചത്.
പോണ്ടിങ് നെഗറ്റീവ് ആണെങ്കിലും, കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്നതിലാണ് അദ്ദേഹത്തിന് ക്വാറന്റൈനിൽ പോക്കേണ്ടി വന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് മനസ്സിലാക്കുന്നു.
ടിം സീഫെർട്ട്, മിച്ചൽ മാർഷ് എന്നീ രണ്ട് കളിക്കാരും നാല് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളും പോസിറ്റീവായതിനു പിന്നാലെയാണ് ഈ വാർത്തയും പുറത്തുവരുന്നത്.
കോവിഡ് റിപ്പോർട്ട് ചെയ്തതിനാൽ ചൊവ്വാഴ്ച പൂണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന ഡൽഹി ക്യാപിറ്റൽസ്-പഞ്ചാബ് കിംഗ്സ് മത്സരം ബ്രാബോൺ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു. ദീർഘദൂര ബസ് യാത്ര ഒഴിവാക്കുന്നതിനായിരുന്നു ഇത്.
Also Read: ‘ദി ഗ്രേറ്റെസ്റ്റ് ഫിനിഷര്‍’; സലാം ധോണി ഭായിയെന്ന് ക്രിക്കറ്റ് ലോകം